ന്യൂദല്‍ഹി: സിദ്ദീഖ് കാപ്പനെ ദില്‍ഹില എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. സുപ്രീം കോടതി വിധി അനുസരിച്ച് സിദ്ദീഖ് കാപ്പനെ കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് റൈഹാന നേരത്തെ പരാതി ഉന്നയിച്ചിരുന്നു.
ഈ പരാതി പരിഗണിക്കാതെയാണ് എയിംസ് ആശുപത്രിയില്‍ നിന്ന് ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെ രഹസ്യമായി സിദ്ദീഖ് കാപ്പനെ ഡിസ്ചാര്‍ജ് ചെയ്ത് മഥുരയിലെ ജയിലിലേക്ക് കൊണ്ടുപോയത്.
‘ദല്‍ഹിയില്‍ നിന്നും ഇക്കയെ കാണാന്‍ കഴിയാതെ നാട്ടിലേക്ക്. സത്യം ജയിക്കുവോളം നിയമ പോരാട്ടം,’ റൈഹാന ഫേസ്ബുക്കിലൂടെ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയോടെ ദല്‍ഹി എയിംസില്‍ നിന്ന് സിദ്ദീഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് സിദ്ദീഖ് കാപ്പനെ ജയിലിലേക്ക് കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍
കാപ്പന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഒരു വിവരവും കുടുംബത്തിന് നല്‍കിയില്ലെന്ന് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് പറഞ്ഞിരുന്നു. ഈ നടപടി കോടതിയലക്ഷ്യമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.