കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാളസിനിമയുടെ മുഖമായി മാറിയ നടനാണ് മോഹന്‍ലാല്‍. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് മോഹന്‍ലാല്‍. കരിയറിന്റെ നാല്പതാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് പുതിയൊരു റോളിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് താരം. ബാറോസ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ പോവുകയാണ് മോഹന്‍ലാല്‍.
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു 2001ല്‍ പുറത്തിറങ്ങിയ രാവണപ്രഭു. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഡയലോഗുകളം സ്‌റ്റൈലും ആരാധകര്‍ ഏറ്റെടുത്തിരുന്നു. രാവണപ്രഭുവിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥ പങ്കുവെക്കുകയാണ് നടന്‍ സിദ്ദിഖ്.
ചിത്രത്തിന്റെ ഇന്റര്‍വെല്ലിനോടടുക്കുമ്പോള്‍ മോഹന്‍ലാലും സിദ്ദിഖും തമ്മിലുള്ള ഫൈറ്റ് ഇന്ന് കാണുമ്പോഴും ആരാധകര്‍ക്ക് ആവേശമാണ്. ആ ഫൈറ്റ് കൊറിയോഗ്രാഫ് ചെയ്തത് മോഹന്‍ലാലാണെന്ന് സിദ്ദിഖ് വെളിപ്പെടുത്തി. രാവണപ്രഭുവിന്റെ ഫൈറ്റ് മാസ്റ്റര്‍ കനല്‍ കണ്ണന് അന്ന് വരാന്‍ പറ്റാത്തതുകൊണ്ട് മോഹന്‍ലാല്‍ മുന്നിട്ടിറങ്ങുകയായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. വനിതാ ഫിലിം അവാര്‍ഡ്‌സ് ചടങ്ങിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘മോഹന്‍ലാലിന്റെ സംവിധാനമികവിനെപ്പറ്റി അധികമാര്‍ക്കും അറിയാത്ത കാര്യമുണ്ട്. ഇപ്പോള്‍ അത് പറയാന്‍ പറ്റുന്ന സമയമാണെന്ന് തോന്നുന്നു. രാവണപ്രഭു സിനിമയില്‍ ഞാനും മോഹന്‍ലാലും തമ്മിലുള്ള ഫൈറ്റ് ആരും മറക്കാന്‍ സാധ്യതയില്ലാത്ത ഒന്നാണ്. ‘ആകെ അറിയാവുന്നത് നാടന്‍ തല്ലാണ്, അത് കോമ്പറ്റീഷന്‍ ഐറ്റമല്ലാത്തുകൊണ്ട് ഗപ്പൊന്നും കിട്ടിയിട്ടില്ല’ എന്ന് പറഞ്ഞിട്ട് മോഹന്‍ലാലും ഞാനും ഫൈറ്റ് ചെയ്യുന്നുണ്ട്.
അത് കൊറിയോഗ്രഫി ചെയ്തത് മോഹന്‍ലാലാണ്. ആ സിനിമയുടെ ഫൈറ്റ് മാസ്റ്റര്‍ കനല്‍ കണ്ണനാണ്. ആ ദിവസം അയാള്‍ക്ക് വരാന്‍ സാധിച്ചില്ല. ഈ ഫൈറ്റ് എടുക്കാനുള്ളതുകൊണ്ട് മോഹന്‍ലാല്‍ വന്നിട്ട് ‘അണ്ണാ ഇത് നമുക്ക് തന്നെ ചെയ്യാം’ എന്ന് പറഞ്ഞ് ക്യാമറയൊക്കെ സെറ്റ് ചെയ്യിച്ച് പുള്ളി തന്നെ അത് കമ്പോസ് ചെയ്യുകയായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ലാലിന് എപ്പോഴും ഇഷ്ടമാണ്,’ സിദ്ദിഖ് പറഞ്ഞു.
Content Highlight: Siddique reveals that Mohanlal choreographed a fight in Ravanaprabhu Movie