Advertisement
Kerala News
അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 25, 02:18 am
Sunday, 25th August 2024, 7:48 am

തിരുവനന്തപുരം: അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ധിഖ്. പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് കൈമാറി. മനോരമ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടേ രണ്ട് വരിയിലുള്ള രാജിക്കത്താണ് സിദ്ധിഖ് മോഹന്‍ലാലിന് കൈമാറിയിരിക്കുന്നത്.

നടി ഉന്നയിച്ച് ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെയാണ് സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ രാജിവെക്കുന്നതാണ് ഉചിതമെന്നും അല്ലാത്തപക്ഷം ഇത് സംഘടനക്ക് അവമതിപ്പുണ്ടാക്കുമെന്നും കാണിച്ചാണ് സിദ്ധിഖ് രാജിവെച്ചിരിക്കുന്നത്.

മറ്റാരും ആവശ്യപ്പെട്ടിട്ടല്ല, മറിച്ച് സ്വയം സ്ഥാനത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് സിദ്ധിഖിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് യുവനടി രംഗത്തെത്തിയത്.

”പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.

അന്ന് എനിക്ക് 21 വയസ്സാണ്. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്ന് രക്ഷപ്പെട്ടതാണ്.

സിദ്ധിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം.

ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് മാത്രമല്ല എന്റെ പല സുഹൃത്തുക്കള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.

2019-ല്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍നിന്നുതന്നെ മാറ്റിനിര്‍ത്തി. എനിക്കൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടാണ് സധൈര്യം തുറന്ന് പറയുന്നത്’, നടി പറഞ്ഞു.

അതേസയം, സിദ്ധിഖിനെതിരായ ആരോപണമുയര്‍ന്നതോടെ ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത് രാജിവെക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

 

Content Highlight: Siddique resigned from the post of  AMMA General Secretary