താൻ നടൻ മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ പോയിട്ടുണ്ടെന്നത് അത്ഭുതമായിട്ടാണ് മറ്റുള്ളവർ കാണുന്നതെന്ന് പറയുകയാണ് സിദ്ദിഖ്. മറ്റുള്ള ഭാഷകളിലെ നടന്മാർ തമ്മിൽ ഇങ്ങനെയുള്ള സൗഹൃദങ്ങൾ വിരളമാണെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ലാലിന്റെയും (മോഹൻലാൽ) മമ്മൂക്കയുടെയും കൂടെ താമസിക്കാറുണ്ട്. ഷൂട്ടിങ് ഉള്ളപ്പോൾ വിശ്രമ വേളകളിൽ ഞാനും മമ്മൂക്കയും ഒരുമിച്ചാണ് ഇരിക്കുന്നത്. ഞങ്ങളൊക്കെ കട്ടിലിൽ വിശ്രമിക്കുമ്പോൾ അദ്ദേഹം സോഫയിലിരുന്ന് ഉറങ്ങും. ഞാൻ മമ്മൂക്കയുടെ വീട്ടിൽ താമസിക്കാറുണ്ട്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹം തന്നിട്ടുണ്ട്.
ഒരിക്കൽ മമ്മൂക്കയുടെ ചെന്നൈയിലെ വീട്ടിൽ മൂന്നുദിവസം താമസിച്ചിട്ട് അദ്ദേഹത്തിന്റെ കൂടെ ഷൂട്ടിങ്ങിന് പോയിട്ടുണ്ട്. അവിടെ വെച്ച് ഒരു തമിഴ് നടനോട് സംസാരിച്ചു. ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ മമ്മൂക്കയുടെ കൂടെ വന്നതാണെന്ന് മറുപടി നൽകി. അയാൾക്ക് അത് വളരെ അത്ഭുതം ആയിരുന്നു. വെറുതെ മമ്മൂട്ടി സാറിന്റെ വീട്ടിൽ താമസിക്കുകയോ? ഇങ്ങനെയൊരു കാര്യം മലയാള സിനിമയിൽ മാത്രമേ ചിന്തിക്കാൻ പറ്റൂ എന്നയാൾ പറഞ്ഞു. തമിഴിൽ ഒന്നും ഇത്തരം കാര്യങ്ങൾ ചിന്തിക്കാൻ പോലും പറ്റില്ല. കാരണം അവിടെ താരങ്ങൾ തമ്മിൽ ഹൈറാർക്കി ഉണ്ട്. എന്നെപോലെ ഒരാൾ മമ്മൂക്കയുടെ വീട്ടിൽ പോയി മൂന്നുദിവസം നിൽക്കുന്നതും, അവിടുന്ന് ഭക്ഷണം കഴിക്കുന്നതൊന്നും അവർക്ക് ചിന്തിക്കാൻ പോലും കഴിയില്ല,’ സിദ്ദിഖ് പറഞ്ഞു.
അഭിമുഖത്തിൽ തന്റെ മകന്റെ സിനിമയിലേക്കുള്ള വരവിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. മകനുവേണ്ടി മറ്റുള്ളവരോട് അവസരങ്ങൾ ചോദിക്കില്ലെന്നും മകൻ ഭാവിയിൽ ശോഭിക്കേണ്ടത് സ്വന്തം കഴിവുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘ഷഹീൻ തന്റേതായ രീതിയിലാണ് സിനിമയിലേക്ക് വന്നതും അവസരങ്ങൾ ചോദിച്ചതും. ഉദാഹരണത്തിന് ഒരിക്കലും എനിക്കോ മമ്മൂക്കക്കൊ ഞങ്ങളുടെ മക്കൾക്കായി മറ്റൊരാളോട് അവസരം ചോദിക്കാൻ പറ്റില്ല. ഞങ്ങൾ പറഞ്ഞതല്ലേ എന്നോർത്ത് ഒന്നോ രണ്ടോ റോളുകൾ കൊടുക്കും. പക്ഷെ അത് ശരിയായില്ലെങ്കിലോ? പിന്നെ ആളുകൾ മൈൻഡ് ചെയ്യില്ല. അതുകൊണ്ട് അവർക്ക് സിനിമയിലേക്കുള്ള തുടക്ക കാലത്ത് ഒരു എളുപ്പമായ വഴി എന്താണെന്ന് വച്ചാൽ ഞങ്ങളുടെ പേരിൽ മറ്റൊരാളെ സമീപിക്കാൻ ചിലപ്പോ കഴിയും. പണ്ട് ഞങ്ങളൊക്കെ സംവിധായകന്മാരെ കണ്ട അത്രയും ബുദ്ധിമുട്ട് ഇവർക്ക് നേരിടേണ്ടി വരില്ല,’ സിദ്ദിഖ് പറഞ്ഞു.