Advertisement
siddique murder
സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകം; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഒന്നാംപ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 06, 06:51 am
Monday, 6th August 2018, 12:21 pm

കാസര്‍കോഡ്: സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഉപ്പള സൊങ്കാലിലെ അബൂബക്കര്‍ സിദ്ദിഖിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അശ്വിത്തിനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തു. ഇയാള്‍ മഞ്ച്വേശരം സ്വദേശിയാണ്.

അതേസമയം പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കുമെന്നും കാസര്‍കോഡ് എസ്.പി പറഞ്ഞു. പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായുള്ള സൂചനയെ തുടര്‍ന്ന് അന്വേഷണം അങ്ങോട്ടും വ്യാപിപ്പിച്ചിട്ടുണ്ട്.

സംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന. കൊലയാളികള്‍ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകം അന്വേഷിക്കാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു.

മുസ്‌ലിം സഹോദരന് ജീവന്‍ നഷ്ടമായത് ദു:ഖകരമാണ്; കൊലപാതകത്തിന് രാഷ്ട്രീയ നിറം നല്‍കരുതെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

സിദ്ദിഖിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പകല്‍ 12ന് കാലിക്കടവ് , ചെറുവത്തൂര്‍ , നീലേശ്വരം മാര്‍ക്കറ്റ്, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, കുമ്പള, ഉപ്പള എന്നിവിടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് സ്വദേശമായ സൊങ്കാലിലെ ജുമ മസ്ജിദ് ഖബറിടത്തില്‍ ഖബറടക്കും.

സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. പ്രകോപനമില്ലാതെയാണ് ആര്‍.എസ്.എസ് സംഘം അക്രമം അഴിച്ചു വിട്ടതെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു

ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലില്‍ വെച്ചാണ് സിദ്ധീഖിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.