ന്യൂദല്‍ഹി: നടിയുടെ ബലാത്സംഗ പരാതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപണങ്ങളുമായി നടന്‍ സിദ്ദീഖ്. മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളായ അമ്മയും ഡബ്ല്യു.സി.സിയും തമ്മിലുള്ള പോരാട്ടത്തിന്റെ ഇരയാണ് താനെന്നും ശരിയായ അന്വേഷണം നടക്കാതെയാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് സിദ്ധിഖ് ആരോപിച്ചിരിക്കുന്നത്.
പരാതി നല്‍കിയതിനും കേസെടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായിയെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നത് എന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
ഓണ്‍ലൈനായാണ് സിദ്ധിഖ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സീനിയര്‍ അഭിഭാഷകനായ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ ആയ രഞ്ജിത റോത്തകിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
മുന്‍കൂര്‍ ജാമ്യ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിദ്ദിഖിന്റെ അഭിഭാഷകയായ രഞ്ജിത സുപ്രീംകോടതി രജിസ്റ്റര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് കത്ത് കൈമാറിയത്. ഈ ആവശ്യം ഇന്ന് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് സുപ്രീംകോടതി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.
കഴിഞ്ഞ ദിവസം ഹൈക്കോടതി സിദ്ധിഖ് നല്‍കിയ ജാമ്യാപേഷ തള്ളിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധിഖ് ജാമ്യാപേഷ നല്‍കിയത്.
സിദ്ധിഖിനെതിരായ പ്രധാനപ്പെട്ട തെളിവുകളും മൊഴികളും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ മൊഴി. പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്ന് അന്വേഷണസംഘം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖ് രാജി വെച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴിയാണ് സിദ്ധിഖ് തന്നെ ബന്ധപ്പെട്ടതെന്നും പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷം തന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവനടി ആരോപിച്ചിരുന്നു. സിദ്ധിഖ് നമ്പര്‍ വണ്‍ ക്രിമിനല്‍ ആണെന്നും അയാള്‍ പറയുന്നതെല്ലാം നുണയാണെന്നും നടി പ്രതികരിച്ചിരുന്നു.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടനെതിരെയുള്ള പീഡന പരാതി ഉയര്‍ന്നുവന്നത്. സിദ്ധിഖിന് പുറമേ നടന്മാരായ മുകേഷ്, ഇടവേള ബാബു, ബാബുരാജ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും പരാതി നിലനില്‍ക്കുന്നുണ്ട്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേഷ ഹൈക്കോടതി തള്ളിയത്.
Content Highlight: Siddique made allegations in the anticipatory bail application