പാതിരാത്രി തേങ്ങാക്കുലകളും തൂക്കി വീട്ടിലേക്ക് നടക്കുമ്പോള്‍ പൊലീസ് പിടിച്ചു, കവറില്‍ ജുബ്ബയും പാന്റും കണ്ടതോട വേഷം മാറി നടക്കുന്ന കള്ളന്മാരാണെന്ന് അവര്‍ ഉറപ്പിച്ചു; ലാല്‍ പറയുന്നു
മലയാളികളുടെ ഏറ്റവും ജനപ്രിയ കലാരൂപമായിരുന്ന കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിന് നാല്‍പ്പത് വര്‍ഷം തികയുകയാണ്. 1981 സെപ്റ്റംബര്‍ 21 ന് തുടക്കം കുറിച്ചി മിമിക്‌സ് പരേഡില്‍ സിദ്ദിഖ്, ലാല്‍, കലാഭവന്‍ പ്രസാദ്, കലാഭവന്‍ അന്‍സാര്‍, കലാഭവന്‍ റഹ്മാന്‍, വര്‍ക്കിച്ചന്‍ പേട്ട എന്നിങ്ങനെ ആറുപേരായിരുന്നു ഉണ്ടായിരുന്നത്.
പരിപാടി അവതരിപ്പിക്കുന്നതിനിടെയുണ്ടായ രസകരമായ നിരവധി കഥകളാണ് ഇവരില്‍ ഓരോരുത്തര്‍ക്കും ഓര്‍ത്തെടുത്ത് പറയാനുള്ളത്. അത്തരത്തില്‍ കോട്ടയത്ത് ഒരു പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴുണ്ടായ ഒരു കഥ പറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ലാല്‍.
കോട്ടയത്തെ സംഘാടകരുടെ സ്‌നേഹം മൂലം കിട്ടിയ എട്ടിന്റെ പണിയെപ്പറ്റിയാണ് ലാല്‍ പറഞ്ഞത്. ”കോട്ടയത്തെ പരിപാടി കഴിഞ്ഞപ്പോള്‍ സംഘാടകര്‍ക്ക് വലിയ സ്‌നേഹം. പല സമ്മാനങ്ങളും തന്നു. പോരാന്‍ നേരത്ത് വേദിയുടെ മുന്നില്‍ കെട്ടിത്തൂക്കിയിരുന്ന ചെന്തെങ്ങിന്‍
കുലകളും അവര്‍ വണ്ടിയിലേക്കെടുത്തുവെച്ചു.
പോകുന്ന വഴി കഴിക്കാല്ലോയെന്നൊരു ഡയലോഗും, രാത്രി ഓരോരുത്തരെ പലയിടങ്ങളില്‍ ഇറക്കി അവസാനം ഞാനും സിദ്ദിഖും മാത്രമായിരുന്നു കലാഭവനില്‍ ഇറങ്ങാനുണ്ടായിരുന്നത്. അവിടെ നിന്ന് പാതിരാത്രി തേങ്ങാക്കുലകളും തൂക്കി വീട്ടിലേക്കു നടക്കുമ്പോള്‍ പൊലീസ് പിടിച്ചു. രാത്രി തേങ്ങാ മോഷ്ടിക്കാനിറങ്ങിയതാണ് ഞങ്ങളെന്നാണ് അവര്‍ കരുതിയത്.
ഞങ്ങളുടെ കൈയിലുണ്ടായിരുന്ന കവറില്‍ ജുബ്ബയും പാന്റും കണ്ടതോടെ വേഷം മാറി സഞ്ചരിക്കുന്ന കള്ളന്‍മാരാണന്ന് പൊലീസ് ഉറപ്പിക്കുകയും ചെയ്തു. കള്ളന്‍മാരല്ലെന്ന് എത പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല. ഒടുവില്‍ പുല്ലേപ്പടിയിലുള്ള ഒരു ചായക്കടയില്‍ പോയി അവിടത്തെ ആളെക്കൊണ്ട് ഞങ്ങളെ അറിയാമെന്നു പറയിച്ചപ്പോഴാണ് പൊലീസ് വിട്ടത്,” ലാല്‍ പറഞ്ഞുനിര്‍ത്തി.