കോഴിക്കോട്: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യവേ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ സിദ്ദീഖ് കാപ്പന്റെ മകള്‍ മെഹ്നാസ് കാപ്പന്റെ സ്വാതന്ത്ര്യദിന പ്രസംഗം ശ്രദ്ധേയമാകുന്നു.
സംസാരിക്കാനും എഴുതാനും ഭക്ഷണം കഴിക്കാനുമുള്ള സ്വാതന്ത്ര്യമില്ലായ്മ അനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മെഹ്നാസ് പ്രസംഗത്തില്‍ പറയുന്നു.
വിവിധ വേഷങ്ങള്‍, ഭാഷകള്‍ എന്നിരിക്കെ ജാതിമതവര്‍ഗ ഭേദമന്യേ ഭാരതം എന്ന ഒരൊറ്റ വികാരത്തോടെ കര്‍മനിരതരായ ജനകോടികളാണ് ഇന്ത്യയുടെ ശക്തിയെന്നും മെഹ്നാസ് പറയുന്നു.
‘ഈ രാജ്യത്തെ ഒരു സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഒരു പെണ്‍കുട്ടി കുറെ ക്രൂരന്മാരുടെ ഉപദ്രവം കൊണ്ട് കൊല്ലപ്പെട്ടു. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ എന്റെ പിതാവ് ജയിലിലാണ്. ഞങ്ങള്‍ ഇന്നൊരു സ്വാതന്ത്ര്യവും അനുഭവിക്കുന്നില്ല,’ മെഹ്നാസ് പറഞ്ഞു.
സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ മകളായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മെഹ്നാസ് പറയുന്നു.
മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സിദ്ദീഖ് കാപ്പന് കൊവിഡ് ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാപ്പനെ ചികിത്സക്കായി ദല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കോടതി നിര്‍ദേശ പ്രകാരം വിദഗ്ധ ചികിത്സക്കായി ദല്‍ഹിയില്‍ എത്തിച്ച സിദ്ദീഖ് കാപ്പനെ പൊലീസ് രഹസ്യമായി ജയിലിലേക്ക് തന്നെ കൊണ്ടുപോകുകയായിരുന്നു.
മെഹ്നാസ് കാപ്പന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:
മാന്യസദസിന് വന്ദനം,
കൂട്ടുകാരെ ഇന്ന് ആഗസ്റ്റ് 15. അടിമച്ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് ഭാരതം സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി കണ്ട് കണ്‍തുറന്നിട്ട് 75 വര്‍ഷം പിന്നിടുന്നു. ഒരേയൊരിന്ത്യ, ഒരൊറ്റ ജനത എന്ന ചിന്തയോടെ ഓരോ ഭാരതീയനും അഭിമാനിക്കാനാവുന്ന ദിനമാണ്. ഗാന്ധിജി, നെഹ്‌റു, ഭഗത് സിംഗ്, നേതാജി തുടങ്ങി രണാങ്കണത്തില്‍ നിണമണിഞ്ഞ അംസഖ്യം ധീരദേശാഭിമാനികളുടെ ജീവന്റെ വിലയാണ് ഈ സ്വാതന്ത്ര്യം. വിവിധ വേഷങ്ങള്‍, ഭാഷകള്‍ എന്നിരിക്കെ ജാതിമതവര്‍ഗ ഭേദമന്യേ ഭാരതം എന്ന ഒരൊറ്റ വികാരത്തോടെ കര്‍മനിരതരായ ജനകോടികളാണ് ഇന്ത്യയുടെ ശക്തി.
പക്ഷെ ഇന്ന് എന്റെ രാജ്യത്ത് നടക്കുന്നത് സംസാരിക്കാനും എഴുതാനും ഭക്ഷണം കഴിക്കാനുമുള്ള സ്വാതന്ത്ര്യമില്ലായ്മയാണ്. എന്റെ പ്രിയപ്പെട്ട പിതാവ് ഒരു മാധ്യമപ്രവര്‍ത്തകനാണ്.
ഈ രാജ്യത്തെ ഒരു സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഒരു പെണ്‍കുട്ടി കുറെ ക്രൂരന്മാരുടെ ഉപദ്രവം കൊണ്ട് കൊല്ലപ്പെട്ടു. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ എന്റെ പിതാവ് ജയിലിലാണ്. ഞങ്ങള്‍ ഇന്നൊരു സ്വാതന്ത്ര്യവും അനുഭവിക്കുന്നില്ല.
ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ മകളായതില്‍ അഭിമാനിക്കുന്നു. ദേശീയതയെ തകര്‍ക്കുന്ന കുടിലതന്ത്രങ്ങള്‍ക്കും വംശീയ വര്‍ഗീയ തരംതിരിവുകള്‍ക്കുമെതിരെ നമുക്ക് പോരാടാം.