| Sunday, 25th April 2021, 8:30 am

മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരെ... ഭരണകൂടമേ.. ഒന്ന് കണ്ണ് തുറക്കുമോ.. ഒരു പെണ്ണിന്റെ അപേക്ഷയാണ്: സിദ്ദീഖ് കാപ്പന്റെ ഭാര്യ റെഹാന സിദ്ദീഖിന്റെ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.പിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില കൊവിഡ് ബാധിച്ചതിന് പിന്നാലെ അപകടത്തിലായെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. ഹോസ്പിറ്റലില്‍ നിന്നും സിദ്ദീഖ് കാപ്പന്‍ എങ്ങനെയോ ഇന്നലെ രണ്ട് മിനിറ്റ് തന്നോട് സംസാരിച്ചതായി റൈഹാന സിദ്ദീഖ് പറഞ്ഞു.

ജയിലില്‍ നിന്നും വീണ വീഴ്ചയില്‍ താടിയെല്ലിനു പൊട്ടോ, അല്ലെങ്കില്‍ കാര്യമായ മുറിവോ ഉണ്ട്. മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല, കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലറ്റില്‍ പോകാന്‍ പോലും സാധിക്കുന്നില്ലെന്നും കാപ്പന്‍ പറഞ്ഞതായി റൈഹാന ഫേസ്ബുക്കിലൂടെ അറിയച്ചു.

‘കരുണ വറ്റാത്ത മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരെ… ഭരണ കൂടമേ.. പ്രതിപക്ഷ പാര്‍ട്ടിയിലുള്ളവരെ..
നാനാ വിധ മത സംഘടനകളെ.. സാംസ്‌കാരിക പ്രവര്‍ത്തകരെ.. ഒന്ന് കണ്ണ് തുറക്കുമോ.. ഒരു പെണ്ണിന്റെ അപേക്ഷയാണ്.  എന്റെ പ്രിയപ്പെട്ടവന്‍ ഇന്നനുഭവിക്കുന്ന യാതനകള്‍ എന്തിന്റെ പേരിലാണ്..?
അദ്ദേഹത്തിന്റെ പേരില്‍ എന്തെങ്കിലും ഒരു പെറ്റികേസ് പോലും ഇത് വരെ ഉണ്ടായിട്ടില്ല.
ഒരു പാവം മനുഷ്യനെ കൊല്ലാകൊല ചെയ്ത് നിങ്ങള്‍ പൊട്ടിച്ചിരിക്കു… കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. പത്തിലേറെ ദിവസമായി അദ്ദേഹത്തിന് പനി ആണ്. ഭക്ഷണത്തിന്റെ കുറവും പനിയും എല്ലാം കൂട് അദ്ദേഹത്തെ തളര്‍ത്തിയാണ് ബാത്റൂമില് പുറത്ത് കുഴഞ്ഞു വീണത്.. ഷുഗറും കൊളസ്‌ട്രോള്‍ ഒക്കെ കൂടുതല്‍ ഉള്ള ഇമ്മ്യൂണിറ്റി കുറഞ്ഞു നില്‍ക്കുന്ന ഒരു കൊവിഡ് രോഗിയുടെ അവസ്ഥ എന്തായിരിക്കും.. ‘ റൈഹാന സിദ്ദീഖ് പറഞ്ഞു.

ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

റൈഹാന സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയരേ..
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നു പോവുന്നത്..
ഏഴുമാസം ആയി ഞാനനുഭവിക്കുന്ന പ്രയാസങ്ങള്‍ വിവരിക്കാന്‍ കഴിയില്ല. എങ്കിലും ദൈവത്തിന്റെ പരീക്ഷണത്തില്‍ തളരാതെ മുന്നോട്ട്..
സിദ്ദീക്ക എന്ന മനുഷ്യനെ ഞാന്‍ അറിയുന്നത്ര ആര്‍ക്കും അറിയില്ലല്ലോ.. അദ്ദേഹം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആണ്. സത്യ സന്ധമായി വാര്‍ത്തകള്‍ റിപ്പോര്‍ട് ചെയ്യണം എന്നാഗ്രഹിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍.
ആര്‍ക്കൊക്കെയോ അദ്ദേഹത്തെ വേറെ എന്തൊക്കെയോ ആക്കിത്തീര്‍ക്കണം
എന്തായിരിക്കാം അവരുടെ ഉദ്ദേശം..

ആ മനുഷ്യന്‍ എന്ത് ദ്രോഹമാണ് അവരോടൊക്കെ ചെയ്തത്. യു.പിയില്‍ നിന്നും കേരളത്തിലേക്ക് ഇക്കയെ കൊണ്ട് വന്നപ്പോ കൂടെ വന്ന പൊലീസുകാര്‍ ചോദിച്ചു.. ഈ പാവം മനുഷ്യനെ എന്തിനാണ് ഇങ്ങനെ പിടിച്ചു വെച്ചത് എന്ന്..
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇല്ലാത്ത അദ്ദേഹത്തെ പിടിച്ചു വെച്ചിട്ട് ആര്‍ക്ക്, എന്ത് നേട്ടം????
ഇതിനു കൂട്ടു നിന്ന ആരായാലും ഒന്നോര്‍ക്കുക
ഒരു പ്രബഞ്ച സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

നിങ്ങള്‍ക്കും കുടുംബം, കുട്ടികള്‍, എല്ലാം ഉള്ളവരാണ്. ദൈവത്തിനു മുന്നില്‍ നിങ്ങള്‍ കണക്ക് പറയേണ്ടി വരും… തീര്‍ച്ച
വെള്ളക്കിടക്കയില്‍ വ്രണങ്ങളുമായി, എല്ലും തോലുമായ ഒരു ഉമ്മ കിടക്കുന്നുണ്ട്.. അവരുടെ കുഴിഞ്ഞ കണ്ണുകള്‍ അടയാതെ കാത്തിടിക്കുന്നത് അവരുടെ പൊന്നുമോനെ കാണാന്‍ വേണ്ടി മാത്രമാണ്..ആ ഉമ്മയുടെ കണ്ണുനീര്‍ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും.. ഇന്ഷാ അല്ലാഹ്
3മക്കളുടെ കളിചിരികള്‍ ഇല്ലാതാക്കിയ ഭരണ കൂടമേ… എന്താണ് ഇത് കൊണ്ട് കിട്ടുന്ന ലാഭം??
മതവും ജാതിയും, സംസ്ഥാനവും രാജ്യവും നോക്കാതെ നമുക്ക് സ്നേഹിച്ചു കൂടെ..
എല്ലവരെയും കൂട്ടിപ്പിടിച്ചു ഐക്യത്തോടെ ജീവിച്ചു കൂടെ.. ഇത് കൊണ്ട് ആര്‍ക്കാണ് ഈ കുറഞ്ഞ ജീവിതത്തില്‍ സമാദാനം ലഭിക്കുന്നത്..?
ഇന്നല്ലെങ്കില്‍ നാളെ നമ്മളൊക്കെ മണ്ണോടു ചേരാനുള്ളതാണ്.. ആ ഇത്തിരി ജീവിതം എന്തിനാണ് ഇല്ലാതാക്കുന്നത്..
ഞങ്ങള്ക്ക് ജീവിക്കണം

എന്റെ പ്രിയപ്പെട്ടവന്‍ ഇന്നനുഭവിക്കുന്ന യാതനകള്‍ എന്തിന്റെ പേരിലാണ്..?
അദ്ദേഹത്തിന്റെ പേരില്‍ എന്തെങ്കിലും ഒരു പെറ്റികേസ് പോലും ഇത് വരെ ഉണ്ടായിട്ടില്ല.
ഒരു പാവം മനുഷ്യനെ കൊല്ലാകൊല ചെയ്ത് നിങ്ങള്‍ പൊട്ടിച്ചിരിക്കു… കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും
പത്തിലേറെ ദിവസമായി അദ്ദേഹത്തിന് പനി ആണ്. ഭക്ഷണത്തിന്റെ കുറവും പനിയും എല്ലാം കൂട് അദ്ദേഹത്തെ തളര്‍ത്തിയാണ് ബാത്റൂമില് പുറത്ത് കുഴഞ്ഞു വീണത്.. ഷുഗറും കൊളസ്‌ട്രോള്‍ ഒക്കെ കൂടുതല്‍ ഉള്ള ഇമ്മ്യൂണിറ്റി കുറഞ്ഞു നില്‍ക്കുന്ന ഒരു കൊവിഡ് രോഗിയുടെ അവസ്ഥ എന്തായിരിക്കും..
അദ്ദേഹം ഹോസ്പിറ്റലില്‍ നിന്നും ഇന്നലെ എങ്ങനെയോ 2മിനിറ്റ് എന്നോട് സംസാരിച്ചു.

ജയിലില്‍ നിന്നും വീണ വീഴ്ചയില്‍ താടിയെല്ലിനു പൊട്ടോ, അല്ലെങ്കില്‍ കാര്യമായ മുറിവോ ഉണ്ട്.. മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല എന്നും, എന്നെ കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലറ്റില്‍ പോവാന്‍ സാധിക്കുന്നില്ല.. മൂത്രമൊഴിക്കുന്നത് ഒരു ബോട്ടിലില്‍ ആണെന്നും പതറിയ സ്വരത്തില്‍ പറഞ്ഞ്.. എന്നെ എങ്ങനെ എങ്കിലും ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ എന്നും പറഞ്ഞ് കോള്# കട്ടായി.
ആ മനുഷ്യന്റെ അവസ്ഥ നിങ്ങളൊന്നു ചിന്തിച്ചു നോക്കു..
ഇതാണോ ചികിത്സ..?
കരുണ വറ്റാത്ത മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരെ…
ഭരണ കൂടമേ..
പ്രതിപക്ഷ പാര്‍ട്ടിയിലുള്ളവരെ..
നാനാ വിധ മത സംഘടനകളെ..
സാംസ്‌കാരിക പ്രവര്‍ത്തകരെ.. ഒന്ന് കണ്ണ് തുറക്കുമോ.. ഒരു പെണ്ണിന്റെ അപേക്ഷയാണ്..

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contnet Highlights: Siddique Kappan’S wife’s Facebook post

We use cookies to give you the best possible experience. Learn more