മലപ്പുറം: മകളുടെ ജന്മദിനത്തില്‍ ഓര്‍മക്കുറിപ്പുമായി യു.എ.പി.എ കേസില്‍ ഉത്തര്‍പ്രദേശില്‍ ജയിലിലടക്കപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ്.
സിദ്ദീഖ് കാപ്പന്റെ ഇളയ മകളായ മെഹനാസ് കാപ്പന്റെ പത്താം ജന്മദിനവുമായി ബന്ധപ്പെട്ടാണ് കാപ്പന്റെ ഭാര്യ റൈഹാന ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘ഇന്ന് ഞങ്ങളുടെ മോളുടെ ജന്മദിനമാണ്. ഇന്നവള്‍ക്ക് പത്ത് വയസായി. പത്ത് വയസ്സിനുള്ളില്‍ അവള്‍ പലതും അനുഭവിച്ചു. പലതും പഠിച്ചു..,’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ തനിക്കും മക്കള്‍ക്കും അനുഭവിക്കേണ്ടി വന്ന ജീവിതത്തിലേക്ക് കൂടി റൈഹാന വിരല്‍ ചൂണ്ടുന്നുണ്ട്.
ദല്‍ഹിയിലേയും ലഖ്‌നൗ നഗരങ്ങളിലും പലപ്പോഴും യാത്രകള്‍ നടത്തി. ജീവിതം എന്തെന്ന് മനസിലാക്കി. നമ്മളെക്കാളും വേദനകള്‍ അനുഭവിക്കുന്ന എത്ര മനുഷ്യരാണ് എന്ന ചിന്ത, മക്കള്‍ക്ക് അവര്‍ ജീവിക്കുന്നത് സ്വര്‍ഗത്തില്‍ ആണെന്ന് മനസിലാക്കാന്‍ ആ യാത്രകള്‍ കൊണ്ട് സാധിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
‘അസത്യത്തിന് മേല്‍ സത്യം വിജയിക്കുമെന്ന പ്രതീക്ഷയോടെ. പ്രാര്‍ത്ഥനയോടെ…,’ എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ഇക്കഴിഞ്ഞ സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെ പരിപാടിയില്‍ മെഹനാസ് കാപ്പന്‍ നടത്തിയ പ്രസംഗവും ശ്രദ്ധ നേടിയിരുന്നു.
‘ഞാന്‍ മെഹനാസ് കാപ്പന്‍, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ തളക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകള്‍,’ എന്ന് പറഞ്ഞുകൊണ്ടാണ് മെഹനാസ് പ്രസംഗം ആരംഭിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെക്കുറിച്ചും തന്റെ പിതാവ് സിദ്ദീഖ് കാപ്പനെക്കുറിച്ചുമായിരുന്നു മെഹനാസ് സംസാരിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ കോടതി തള്ളിയത്. സിദ്ദീഖ് കാപ്പനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
യു.എ.പി.എ കേസില്‍ കാപ്പന് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇ.ഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ കാപ്പന് ജയില്‍ മോചനം സാധ്യമാകൂ. സെപ്റ്റംബര്‍ ഒമ്പതിനാണ് കാപ്പന് സുപ്രീം കോടതി യു.എ.പി.എ കേസില്‍ ജാമ്യം അനുവദിച്ചത്.
23 മാസമായി കാപ്പന്‍ ജയിലില്‍ തുടരുകയാണ്. ദളിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലേക്ക് പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. തുടര്‍ന്ന് കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാക്കളെയും യു.എ.പി.എ ചുമത്തി ജയിലിലടക്കുകയായിരുന്നു.
ഇന്ന് ഞങ്ങളുടെ മോളുടെ ജന്മദിനമാണ്. ഇന്നവള്‍ക്ക് പത്ത് വയസായി..
പത്ത് വയസ്സിനുള്ളില്‍ അവള്‍ പലതും അനുഭവിച്ചു… പലതും പഠിച്ചു..
ദല്‍ഹിയിലേയും ലഖ്‌നൗ നഗരങ്ങളിലും പലപ്പോഴും യാത്രകള്‍ നടത്തി. ജീവിതം എന്തെന്ന് മനസിലാക്കി.
വലിയ നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ആരോരുമില്ലാത്ത ബാല്യങ്ങളെ റോഡരികില്‍ കൈനീട്ടി യാചിക്കുന്നത് കണ്ട് തരിച്ചുനിന്നു.
അവരെ കാണുമ്പോള്‍ കാണാത്ത പോലെ നില്‍ക്കാന്‍ എന്നെ പോലെ എന്റെ കുഞ്ഞുങ്ങള്‍ക്കും സാധിച്ചില്ല.. ഓരോ കുരുന്നുകളെയും സ്ത്രീകളെയും.. കുഴിഞ്ഞ കണ്ണുകള്‍ കൊണ്ട് ദയനീയമായി സഹായം ചോദിക്കുന്നവരെയും കണ്ട് കാണാത്ത പോലെ നില്‍ക്കാന്‍ കഴിയുന്നില്ല. ഓരോ മനുഷ്യരെയും കാണുമ്പോള്‍ എന്റെ മോള്‍ എന്റെ കൈ പിടിച്ചു വെക്കും.
മക്കള്‍ക്ക് അവര്‍ ജീവിക്കുന്നത് സ്വര്‍ഗത്തില്‍ ആണെന്ന് മനസിലാക്കാന്‍ ആ യാത്രകള്‍ കൊണ്ട് സാധിച്ചു. നമ്മളെക്കാളും വേദനകള്‍ അനുഭവിക്കുന്ന എത്ര എത്ര മനുഷ്യരാണ് എന്ന ചിന്ത.
അവരുടെ ഉപ്പച്ചി അവരോട് പറയാറുണ്ട്
‘എന്റെ മക്കള്‍ നന്നായി പഠിക്കണം, സമൂഹത്തിനു നന്മചെയ്യുന്ന മക്കളായി വളരണം, സ്ത്രീകളോടും മുതിര്‍ന്നവരോടും ബഹുമാനത്തോടെ പെരുമാറണം, സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ ചേര്‍ത്തുപിടിക്കണം എന്നൊക്കെ..
അങ്ങനെ തന്നെ വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ
അസത്യത്തിന് മേല്‍ സത്യം വിജയിക്കുമെന്ന പ്രതീക്ഷയോടെ.. പ്രാര്‍ത്ഥനയോടെ..