എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്, ബീഫ് കഴിച്ചതോ? മുസ്‌ലിമായതോ?; സിദ്ദീഖ് കാപ്പന്റെ ഭാര്യ ചോദിക്കുന്നു
Kerala News
എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്, ബീഫ് കഴിച്ചതോ? മുസ്‌ലിമായതോ?; സിദ്ദീഖ് കാപ്പന്റെ ഭാര്യ ചോദിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th April 2021, 11:32 am

മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിക്ക് കാപ്പനെ യു.പി പൊലീസ് ജയിലിലടച്ചിട്ട് ഏപ്രില്‍ അഞ്ചിന് ആറ് മാസം തികയുമ്പോള്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് കാപ്പന്റെ ഭാര്യ റൈഹാന. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് യു.പി പൊലീസ് കാപ്പനെ അറസ്റ്റ് ചെയതത്.

ഹത്രാസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവര്‍ക്ക് എന്തായിരിക്കാം പോലീസ് കൊടുത്തിരിക്കുന്നതെന്നും ഒരു പാവം മനുഷ്യനെ പിടിച്ചു വെച്ചിട്ട് എന്താണവര്‍ക്ക് നേട്ടമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ റൈഹാനത്ത് ചോദിക്കുന്നു.

കൂടാതെ 5000 പേജില്‍ കവിഞ്ഞ ചാര്‍ജ് ഷീറ്റ് തയ്യാറാക്കി ജയിലില്‍ അടക്കാന്‍ മാത്രം കാപ്പന്‍ ചെയ്ത തെറ്റെന്താണെന്നും റൈഹാനത്ത് ചോദിക്കുന്നു.

റൈഹാനത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എന്റെ പ്രിയപ്പെട്ടവനെ യു.പിയിലെ കാരാഗൃഹത്തില്‍ പിടിച്ചിട്ടിട്ട് ഏപ്രില്‍ 5ന് 6മാസം പൂര്‍ത്തിയാവുന്നു.
കോടതിയില്‍ 5000പേജില്‍ കൂടുതലുള്ള ചാര്‍ജ് ഷീറ്റ് പോലീസ് കൊടുത്തിട്ടുണ്ട്. ഇക്കയുടെ ജീവിതകഥ മുഴുവന്‍ എഴുതിയാലും 5000page ഉണ്ടാവില്ല.
ഹത്രാസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവര്‍ക്ക് എന്തായിരിക്കാം പോലീസ് കൊടുത്തിരിക്കുന്നത്.???
ഒരു പാവം മനുഷ്യനെ പിടിച്ചു വെച്ചിട്ട് എന്താണവര്‍ക്ക് നേട്ടം??
എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്…
ബീഫ് കഴിച്ചതോ?? മുസ്ലിമായതോ?? അതോ കേരളക്കാരനായതോ??? ഏതാണ്??

9 വര്‍ഷമായി അദ്ദേഹം പത്രപ്രവര്‍ത്തന ജോലിയില്‍ ഏര്‍പ്പെട്ടു ഡല്‍ഹിയില്‍ ഉണ്ട്. ആദ്യം തേജസില്‍ ആയിരുന്നു. അത് പൂട്ടിയപ്പോള്‍ തത്സമയത്തില്‍ ആയിരുന്നു. അതും സാമ്പത്തിക പ്രയാസത്തില്‍ അടച്ചു പൂട്ടി. 7മാസത്തെ കാശ് ഇപ്പോഴും അതില്‍ നിന്നും കിട്ടാനുണ്ട്. തത്സമയം പേപ്പറില്‍ work ചെയ്യുമ്പോള്‍ ആണ് അദ്ദേഹം സൗംഷ യൂണിയന്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത്. അല്ലാതെ അഴിമുഖം ഓണ്‍ലൈന്‍ വെബില്‍ work ചെയ്യുമ്പോള്‍ അല്ല.
തത്സമയത്തില്‍ work ചെയ്തിരിക്കുമ്പോള്‍ അതിനായി അദ്ദേഹം അവിടെ room എടുത്തിരുന്നു.

പക്ഷെ അതിന്റെ ക്യാഷ് പോലും കൊടുക്കാന്‍ ആ പത്രത്തിന് സാധിച്ചില്ല. അന്നൊക്കെ റൂമിന്റെ കാശ് കൊടുക്കാന്‍ കഴിയാതെ, ഞങ്ങള്‍ക്ക് ജീവിക്കാനുള്ള കാശ് തരാന്‍ കഴിയാതെ കഷ്ട്ടപ്പെട്ടത് എനിക്കും ഇക്കാക്കും ദൈവത്തിനും മാത്രമറിയാം…
കടം വാങ്ങിയ കാശുമായി room ഒഴിവാക്കി കൊടുത്തു, പിന്നീട് പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് നടക്കുന്ന പോലെ ഇക്കയുടെ റൂമിലുള്ള സാധനങ്ങളുമായി സുഹൃത്തുക്കളുടെ റൂമുകളില്‍ അഭയം തേടലായിരുന്നു..

അഭിമാനിആയിരുന്നു എന്റെ ഇക്ക.. എന്തുണ്ടെങ്കിലും ആരെയും അറിയിക്കില്ല. ഇക്കയുടെ സുഹൃത് ആണ് അഴിമുഖത്തില്‍ ജോലി ശരിയാക്കി കൊടുത്തത്. 25000രൂപ സാലറി.
നിങ്ങള്‍ പറ, അദ്ദേഹം ഒരു റൂമെടുത്താല്‍ അതിന്റെ കാശും വീട്ടിലെ ചിലവും അദ്ദേഹത്തിന്റെ ചിലവും കഴിഞ്ഞാല്‍ എന്താണ് ഉണ്ടാവുക.

തേജസില്‍ നിന്ന പരിചയത്തിനു മുകളില്‍ ആരുടെയോ സ്‌നേഹത്തിനു അദ്ദേഹത്തോട് തല്‍ക്കാലം nchro യുടെ ഓഫീസില്‍ താമസിക്കാന്‍ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചു വലിയൊരു ആശ്വാസം ആയിരുന്നു അത്. 10,000രൂപ എങ്കിലും ആവും അവിടെ റൂമെടുക്കാന്‍. വീട്പണി, ഉമ്മയുടെ അസുഖം, കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം എല്ലാം ഇതില്‍ നിന്ന് കഴിയണം. ഈ സമയങ്ങളില്‍ ഒക്കെ എന്റെ ഇക്ക പട്ടിണി കിടന്നിട്ടുണ്ട്. നോമ്പെടുത്തു നില്‍ക്കും ??

ആരോടും സങ്കടങ്ങള്‍ പറയാറില്ല.. ഞങ്ങള്‍ എപ്പോഴും ഞങ്ങളെക്കാളും താഴെ ഉള്ളവരെ കുറിച്ചാണ് ചിന്തിക്കാറുള്ളത്. ഞങ്ങളുടെ അടുത്ത് സത്യങ്ങള്‍ മാത്രമേ ഒള്ളു..
എന്റെ ഇക്കയെ കുറിച്ച് അഭിമാനത്തോടെ മാത്രമേ പറയാന്‍ ഒള്ളു.. സഹപ്രവര്‍ത്തകര്‍ ആരെങ്കിലും അദ്ദേഹത്തെ കുറിച്ച് തെളിവ് സഹിതം ഒരു ആരോപണം പറയട്ടെ.. അദ്ദേഹത്തെ അറിയാത്ത ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ ഹൃദയത്തില്‍ കുറച്ചെങ്കിലും മനുഷ്യത്വം ഉണ്ടാവുന്നത് നന്നായിരിക്കും. കാരണം നമ്മളൊന്നും ഈ ഭൂമിയില്‍ എല്ലാ കാലവും ഉണ്ടാവില്ല. ദൈവം തന്ന ആയുസ്സ് കുറച്ചേ ഒള്ളു..

കുറച്ചെങ്കിലും ഹൃദയത്തില്‍ നന്മ ഉണ്ടാവട്ടെ..രോഗിയായ ഇക്കയുടെ ഉമ്മ.. ഉപ്പച്ചി ഇപ്പോ വരുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന ഞങ്ങളുടെ കുഞ്ഞു മക്കള്‍.. എല്ലാവരുടെയും മുന്നില്‍ കണ്ണൊന്നു നനയാതെ എല്ലാം നെഞ്ചില്‍ അടക്കി പിടിച്ചു.. ഞാന്‍ ഒന്ന് പൊട്ടിക്കരഞ്ഞാല്‍ ഒരു കുടുംബം മുഴുവന്‍ തകര്‍ന്നു പോവും.. എന്റെ ഉമ്മയുടെ അടുത്തേക്ക് പോലും കഴിവതും ഞാന്‍ പോവാറില്ല. കാരണം ധൈര്യത്തോടെ നില്‍ക്കുന്ന ഒരു മുഖം മാത്രം അവര്‍ കണ്ടാല്‍ മതി…

ഞാന്‍ എന്റെ ഇക്കാക്ക് വേണ്ടി സംസാരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തീര്‍ത്തും നിരപരാധി ആയത് കൊണ്ടാണ്. എന്റെ ഇക്കയെ കുറിച്ച് എനിക്ക് അഭിമാനം മാത്രമാണ് അന്നും ഇന്നും ഉള്ളത്. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞു ഞങ്ങളുടെ അരികിലേക്ക് ഇക്കയെ എത്തിക്കാന്‍.. ഇത് പോലെ ഒരുപാട് പാവങ്ങള്‍ ജയിലഴിക്കുള്ളില്‍ ഉണ്ടാവും.. അവര്‍ക്ക് വേണ്ടിയും മനസ്സില്‍ നന്മയും കരുണയും വറ്റാത്ത മനുഷ്യരുടെ പ്രാര്‍ത്ഥനയും ഉണ്ടാവണേ..

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Siddique Kappan Raihana Siddique