| Sunday, 26th March 2023, 11:33 am

സിദ്ദീഖ് കാപ്പന്‍ എന്ന മലയാളിയാണ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടത് | അഭിമുഖം | ഒന്നാം ഭാഗം

അഷ്‌റഫ് അഹമ്മദ് സി.കെ.

അഷ്റഫ് അഹമ്മദ് :ഹത്രാസില്‍ നേരിട്ട് ചെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണമെന്താണ്?

സിദ്ദീഖ് കാപ്പന്‍ : 2013 മുതല്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. ദളിത് വിഷയങ്ങളാണ് എന്റെ പ്രധാനപ്പെട്ട ഏരിയ. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദളിത് പ്രശ്നങ്ങള്‍. 2022 സെപ്റ്റംബര്‍ 14നാണ് ഹത്രാസില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. സെപ്റ്റംബര്‍ 29ന് ആ കുട്ടി മരണപ്പെടുകയും ചെയ്തു.

യു.പി പോലൊരു സംസ്ഥാനത്ത് ഒരു ബലാത്സംഗമോ അതിനോടനുബന്ധിച്ച കൊലപാതകങ്ങളോ വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. യു.പിയില്‍ അതൊക്കെ നിത്യ സംഭവമാണ്, അവര്‍ക്കതൊരു വാര്‍ത്തയുമല്ല.

സെപ്റ്റംബര്‍ 29ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് ആ കുട്ടി മരണപ്പെട്ട വിവരം ഞാന്‍ അറിയുന്നത്. എന്തുകൊണ്ടാണ് യു.പി പൊലീസ് കുട്ടിയുടെ മൃതദേഹം പ്രതിഷേധങ്ങളെ വകവയ്ക്കാതെ ഒരു രാത്രികൊണ്ട് ദഹിപ്പിച്ചു കളഞ്ഞത്. അതില്‍ ദുരൂഹതയില്ലേ, തുടങ്ങിയ ചോദ്യങ്ങള്‍ എല്ലാവരെയും പോലെ എന്നെയും അലട്ടിയിരുന്നു. കുടുംബത്തിന്റെ പ്രതിഷേധം പോലും കണക്കിലെടുക്കാതെയാണ് ആ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞത്. അതില്‍ നിന്നു തന്നെ സര്‍ക്കാരിനോ പൊലീസിനോ കാര്യമായിട്ട് എന്തോ മറച്ചുവെക്കാനുണ്ടെന്ന് എനിക്ക് തോന്നി. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്ന വീഡിയോ കണ്ട സമയത്ത് അതെന്നെ വല്ലാതെ അസ്വസ്ഥനാക്കുകയും ചെയ്തു.

രക്ഷിതാക്കളുടെ അനുവാദമില്ലാതെ രാത്രിയില്‍ തന്നെ പൊലീസ് കാവലില്‍ ഹത്രാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കുന്നു

ഈ കേസില്‍ സര്‍ക്കാരിന് എന്തോ ഗൂഢ താല്‍പര്യം ഉള്ളതായി എനിക്ക് തുടക്കം മുതലേ തോന്നിയിരുന്നു. അത് പുറത്തു കൊണ്ടുവരണം എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ ഹത്രാസിലേക്ക് പോയത്. എനിക്ക് വേണമെങ്കില്‍ ഏതെങ്കിലും ന്യൂസ് ചാനലുകളോട് വിവരം അന്വേഷിച്ച് വാര്‍ത്തകളില്‍ നിന്ന് വിവരങ്ങള്‍ എടുത്ത് വാര്‍ത്ത കൊടുക്കാവുന്നതാണ്. പക്ഷേ ആ കുട്ടിയുടെ കുടുംബത്തിന് പറയാനുള്ളത് കേള്‍ക്കണമെന്ന താല്പര്യത്തിന് പുറത്താണ്  ഞാന്‍ അവിടെ പോകാന്‍ തീരുമാനിച്ചത്. കൂട്ടത്തില്‍ അവിടെ നടന്ന യാഥാര്‍ത്ഥ്യം നമ്മുടെ മലയാളി സമൂഹത്തെ അറിയിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ മലയാളം മീഡിയയില്‍ ആണല്ലോ വര്‍ക്ക് ചെയ്തത് ഇംഗ്ലീഷിലിലൊന്നുമല്ലല്ലോ, അതുകൊണ്ട് തന്നെ ആ സംഭവത്തിന്റെ ഒരു ഗ്രൗണ്ട് റിപ്പോര്‍ട്ട് ലക്ഷ്യമാക്കിയാണ് ഞാന്‍ ഹത്രാസില്‍ പോകുന്നത്.

രക്ഷിതാക്കളുടെ സമ്മതമില്ലാതെ ഹത്രാസിലെ പെണ്‍കുട്ടിയെ ദഹിപ്പിച്ച സ്ഥലം | ചിത്രത്തിന് കടപ്പാട് : Manisha Mondal/ The Print

സെപ്റ്റംബര്‍ 30 മുതല്‍ തന്നെ അവിടെ എത്തിപ്പെടാനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്തിയിരുന്നു. ദല്‍ഹിയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടെങ്കിലും പോകാന്‍ കഴിഞ്ഞിരുന്നില്ല. ദേശീയ മാധ്യമങ്ങളെ അടക്കം തടയുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. യു.പിക്കാരായ മാധ്യമപ്രവര്‍ത്തകരെ പോലും അങ്ങോട്ട് പ്രവേശിപ്പിച്ചിരുന്നില്ല. രണ്ട് വനിത റിപ്പോര്‍ട്ടര്‍മാരെ യു.പി പോലീസ് തടയുന്നതും അവരെ സംഭവസ്ഥലത്തുനിന്ന് പുറത്താക്കുന്നതും ഒരു വീഡിയോയില്‍ കണ്ടിരുന്നു. ആ സമയത്ത് തന്നെയാണ് ഇന്ത്യ ടുഡേയിലെയും എ.ബി.പി ന്യൂസിലെയും മാധ്യമപ്രവര്‍ത്തകര്‍ ഹത്രാസിലെത്തുകയും ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അടക്കമുള്ളവരുടെ റെസ്പോണ്‍സ് എടുക്കുകയും ചെയ്തത്.

പെണ്‍കുട്ടിയെ ദഹിപ്പിച്ച നടപടിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത് അവിടുത്തെ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്നു. പൊതുവേ ഹിന്ദു മതാചാര പ്രകാരം സൂര്യനസ്തമിച്ചതിനു ശേഷം ദഹിപ്പിക്കുന്നതിന് വിലക്കുണ്ട്. എന്നിരിക്കെ ഒരു ഹിന്ദു നാഷണലിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ഒരു സംസ്ഥാനത്ത്, ഹിന്ദുവിചാരങ്ങള്‍ക്കും വികാരങ്ങള്‍ക്കും മുന്‍ഗണന കൊടുക്കുന്ന ഒരു സംസ്ഥാനത്ത് ഹിന്ദുമതാചാരങ്ങളെ ചവിട്ടിത്തെറിപ്പിച്ചുകൊണ്ട്  എന്തിനാണ് അടിയന്തരമായി ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത്.  അതെന്താണെന്ന് അറിയാന്‍ വേണ്ടിയിട്ടാണ് ഞാന്‍ അന്ന് ഹത്രാസിലേക്ക് പോയത്.

അഷ്റഫ് അഹമ്മദ് : ഹത്രാസ് കേസില്‍ യുപി സര്‍ക്കാര്‍ പ്രത്യേക താല്‍പര്യം കാണിച്ചതിന് കാരണമെന്തായിരിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?

സിദ്ദീഖ് കാപ്പന്‍: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെയും യു.പി.എ സര്‍ക്കാറിന്റെയും പതനത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി കണക്കാക്കുന്നത് നിര്‍ഭയ സംഭവമാണ്. ആ രീതിയില്‍ ഹത്രാസിലെ സംഭവവും യു.പിയിലെ യോഗി സര്‍ക്കാറിന് തിരിച്ചടിയാകുമോ എന്നവര്‍ ഭയന്നിരിക്കാനാണ് സാധ്യത.100 വര്‍ഷത്തെ പരിശ്രമം കൊണ്ട് കെട്ടിപ്പൊക്കിയ ഭരണം ഒരൊറ്റ രാത്രി കൊണ്ട് തകിടം മറിയുമോ എന്ന് യു.പി. സര്‍ക്കാര്‍ ഭയന്നിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് | ചിത്രത്തിന് കടപ്പാട് : Scroll.in

കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ സമയം അവര്‍ അധികാരത്തില്‍ ഇരിക്കുന്ന സമയം കൂടിയാണല്ലോ. ഒരു ദളിത് പെണ്‍കുട്ടിയുടെ മരണം കൊണ്ട് ആ അവസരം കൈ മോശം വരുത്താന്‍ യു.പി. സര്‍ക്കാര്‍ സ്വാഭാവികമായും തയ്യാറാല്ലായിരുന്നു.

ഞാന്‍ ചെയ്ത കുറ്റം എന്താണെന്നോ, എനിക്കെതിരെ ചാര്‍ത്തിയ വകുപ്പുകള്‍ ഏതാണെന്നോ പോലും തുടക്കത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. മാനനഷ്ടക്കേസും രാജ്യദ്രോഹകുറ്റവും അടക്കം ഈ രാജ്യത്ത് കിട്ടാവുന്ന എല്ലാ കരിനിയമങ്ങളും എനിക്കെതിരെ ചുമത്തിയെന്ന് ഞാന്‍ അറിയുന്നത് പിന്നീട് പത്രങ്ങളിലൂടെയാണ്.

എനിക്കെതിരെ 5000 പേജ് ചാര്‍ജ് ഷീറ്റുണ്ടെന്നാണ് അവര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ എനിക്ക് അതില്‍ വെറും 100 പേജ് മാത്രമേ പോലീസ് നല്‍കിയിട്ടുള്ളൂ. അത് തന്നെ നിരന്തരമായ പോരാട്ടങ്ങള്‍ക്കും കോടതികളില്‍ ആപ്ലിക്കേഷന്‍ ഫയല്‍ ചെയ്തതിന്റെയുമൊക്കെ ഭാഗമായി ഒരു ഔദാര്യമായിട്ടാണ് നല്‍കിയത്. ഒരു ആരോപണ വിധേയനായ വ്യക്തിക്ക് ലഭിക്കേണ്ട അവകാശമാണ് ചാര്‍ജ് ഷീറ്റ്. അതെനിക്ക് നിഷേധിച്ചു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സിദ്ദീഖ് കാപ്പന്‍

എനിക്കെതിരെയുള്ള 5000 പേജ് ചാര്‍ജ് ഷീറ്റ്  വലിയ അലുമിനിയം ബോക്‌സിനുള്ളില്‍ രണ്ടു പൊലീസുകാര്‍ ചുമന്നാണ് കോടതിയില്‍ എത്തിക്കുന്നത്. ഇത് ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യത്തോടെ അച്ചടിച്ചു വന്ന വാര്‍ത്തയാണ്. യഥാര്‍ത്ഥത്തില്‍ ആ ബോക്‌സിനകത്ത് എന്താണെന്ന് പോലും ആര്‍ക്കും അറിയില്ല. അതൊരു മീഡിയ സ്റ്റണ്ടിന് വേണ്ടി ഉണ്ടാക്കിയ നാടകമായിരുന്നു. എല്ലാ ഇന്ത്യന്‍ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചു. എനിക്ക് തന്ന പേജ് പോലും ഹിന്ദിയില്‍ കൈകൊണ്ട് എഴുതിയതായിരുന്നു. വായിക്കാന്‍ പോലും സാധിക്കില്ല.  ചാര്‍ജ് ഷീറ്റും കേസ് ഡയറിയും ഒരുമിച്ചാണവര്‍ തന്നത്. മലയാളിയായ എനിക്ക് ഇംഗ്ലീഷില്‍ ചാര്‍ജ് ഷീറ്റ് തരാന്‍ പോലും അവര്‍ തയ്യാറായില്ല. അതിനകത്ത് പല കഥകളുമുണ്ടെന്നാണ് കേള്‍ക്കുന്നത്. അതില്‍ പറയുന്ന ഒരു ആരോപണമാണ് എന്റെ കയ്യില്‍ നിന്നും ലഘുലേഖകള്‍ പിടിച്ചെടുത്തെന്നത്.

എന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത ലഘുലേഖയുടെ കഥയൊക്കെ കോടതിയില്‍ പൊളിഞ്ഞതാണ്. കോടതിയിലെ ചീഫ് ജസ്റ്റിസ് നോട്ടീസ് വായിക്കാന്‍ പറഞ്ഞ സമയത്ത് അതിനകത്ത് അമേരിക്കയിലെ ബ്ലാക്ക് ലിവ്‌സ് മാറ്ററിന്റെ നോട്ടീസായിരുന്നത്. അതാണ് എന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്തെന്ന് പറഞ്ഞ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. അതോടൊപ്പം എന്റെ ബെയില്‍ റിജക്ട് ചെയ്യാനായി അവര്‍ കോടതിയില്‍ പറഞ്ഞ ഒരുപാട് കള്ളങ്ങളുണ്ടായിരുന്നു.

കെ.യു.ഡബ്ല്യു.ജെയുടെ സെക്രട്ടറിയായ എന്നെ  പോപ്പുലര്‍ ഫ്രണ്ടിന്റെ സെക്രട്ടറി എന്ന് പറഞ്ഞു.

ഇക്കാര്യത്തില്‍ കള്ള സത്യവാങ്മൂലവും അവര്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. അതുപോലെതന്നെ പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട എസ്.എ.ആര്‍ ഗീലാനിയെ തൂക്കിക്കൊന്ന വാര്‍ത്തയൊക്കെ എന്റെ ചാര്‍ജ് ഷീറ്റിലുണ്ട്.എസ്.എ.ആര്‍ ഗീലാനിയെ തൂക്കിക്കൊന്ന സമയത്ത് ഞാന്‍ എയിംസ് ഹോസ്പിറ്റലിന്റെ മുന്നില്‍ ആളുകളെ വിളിച്ചുകൂട്ടി കലാപത്തിന് ശ്രമിച്ചെന്നാണ് ഒരു കേസ്. അതിനായി സോഷ്യല്‍ മീഡിയ വഴി കൂട്ടാളികള്‍ക്ക് മെസേജയച്ചെന്നും എനിക്കെതിരെ ആരോപണമുണ്ടായിരുന്നു.

എസ്.എ.ആര്‍.ഗീലാനി

കോടതിയില്‍ ഹാജരാക്കേണ്ട ചാര്‍ജ് ഷീറ്റില്‍ പോലും എത്രത്തോളം കൃത്രിമമാണ് ഇവര്‍ നടത്തിയിയത് എന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ലോകത്തെവിടെയും കേട്ടിട്ടില്ലാത്ത കള്ളക്കഥകളാണ് എനിക്കെതിരെ പറഞ്ഞുണ്ടാക്കിയത്. പോലീസിന് ഇഷ്ടപ്പെട്ട തിരക്കഥകളാണ് അതില്‍ എഴുതി ചേര്‍ത്തിട്ടുള്ളത്.  അതുകൊണ്ടുതന്നെ മാധ്യമങ്ങളില്‍ വന്നതിനപ്പുറത്തേക്ക് എനിക്കെതിരെ എന്ത് കേസാണ് യു.പി പൊലീസ് ചാര്‍ത്തിയിട്ടുള്ളതെന്ന് ഇന്നും എനിക്കറിയില്ല.

അഷ്റഫ് അഹമ്മദ് :ഡല്‍ഹി കലാപത്തിനായി താങ്കളുടെ അക്കൗണ്ടിലേക്ക് 47000 രൂപ ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന ആരോപണം ഉയര്‍ന്നിരുന്നല്ലോ, എന്താണതിന്റെ സത്യാവസ്ഥ?

സിദ്ദീഖ് കാപ്പന്‍ : തികച്ചും സത്യമല്ലാത്ത ആരോപണമാണത്. ഞാന്‍ സി.ഡി.എം വഴി എന്റെ അക്കൗണ്ടിലേക്ക് തന്നെ ഇട്ട പൈസയെ കുറിച്ചാണ് അവര്‍ പറയുന്നത്. തുടക്കത്തില്‍ 45,000 രൂപ എനിക്ക് കിട്ടിയെന്നാണ് അവര്‍ പറഞ്ഞത്. അതിനു മുന്‍പ് 100 കോടി ലഭിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. നൂറുകോടി 47000 ആവുകയും പിന്നീടത് 5000 ആവുകയും ചെയ്തു. ഈ 5000 പോലും എന്റെ അക്കൗണ്ടിലേക്ക് അല്ല വന്നത്. എന്റെ കൂടെ യാത്ര ചെയ്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഇന്ത്യയില്‍ നിന്ന് തന്നെയുള്ള അദ്ദേഹത്തിന്റെ സുഹൃത്ത് അയച്ചുകൊടുത്ത പൈസയാണത്. ആ 5000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിട്ട് പോലുമില്ല. അതിന്റെ പേരിലാണ് എന്റെ പേരില്‍ കേസ് ചാര്‍ത്തിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ എനിക്കെതിരെ വന്ന ചാര്‍ജ് ഷീറ്റ് കണ്ടാല്‍ അതുണ്ടാക്കിയ ആളെ ജയിലില്‍ അടക്കാന്‍ മാത്രം ക്രമക്കേടുകള്‍ അതില്‍ നടത്തിയതായി കാണാന്‍ സാധിക്കും. ചാര്‍ജ് ഷീറ്റ് ഉണ്ടാക്കിയ ആള്‍ക്ക് പോലും അറിയില്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം എത്ര പേരെ തൂക്കിക്കൊന്നിട്ടുണ്ടെന്ന്. ചാര്‍ജ് ഷീറ്റിന്റെ രണ്ട് പേജാണ് എനിക്ക് കിട്ടിയത്. അതില്‍ എത്രമാത്രം കള്ളക്കഥകള്‍ ഉണ്ടെങ്കില്‍ ബാക്കി ഉള്ളതിന്റെ അവസ്ഥ എന്തായിരിക്കും. അതുകൊണ്ടാവാം അവര്‍ ഇതുവരെ ചാര്‍ജ് ഷീറ്റ് പുറത്ത് വിടാതിരുന്നത്.

അഷ്റഫ് അഹമ്മദ് : നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഹത്രാസില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിട്ടുണ്ട്. താങ്കള്‍ ഹത്രാസിലെത്തിയിട്ട് പോലുമില്ല. അതിന് മുന്‍പ് തന്നെ അറസ്റ്റ് ചെയ്യപ്പെടുകയാണുണ്ടാത്. എന്തുകൊണ്ടായിരിക്കാം കാപ്പനെന്ന വ്യക്തിയെ യുപി പോലീസ് ടാര്‍ഗറ്റ് ചെയ്തത്.

സിദ്ദീഖ് കാപ്പന്‍ : എനിക്ക് തോന്നുന്നത്, ദല്‍ഹി കലാപസമയത്ത് കേരളത്തിലെ രണ്ട് മാധ്യമങ്ങള്‍ക്ക്(മീഡിയ വണ്‍, ഏഷ്യാനെറ്റ് ന്യൂസ്) 48 മണിക്കൂര്‍ നേരത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആ സമയത്ത് ഞാന്‍ കെ.യു.ഡബ്ല്യു.ജെ ദല്‍ഹി ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു. സ്വാഭാവികമായും പദവിയിലിരിക്കുന്ന ഒരാളെന്ന നിലക്ക് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജന്തര്‍ മന്തറില്‍ വെച്ച് നടത്തിയ പ്രതിഷേധ പരിപാടികളില്‍ ഞാന്‍ സംസാരിച്ചിരുന്നു. അതില്‍ സി.പി.ഐ.എം, സി.പി.ഐ അടക്കമുള്ള ദേശീയ പാര്‍ട്ടികളും പങ്കെടുത്തിരുന്നു.അന്ന് ദല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് വന്ന് എന്റെ പേരും വിവരങ്ങളും എഴുതി കൊണ്ടുപോയിരുന്നു.

അന്നുമുതല്‍ ഞാന്‍ കേന്ദ്ര ഏജന്‍സികളുടെ റഡാറില്‍ പതിഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്. അതിനുശേഷമാണ് ദല്‍ഹി കലാപത്തില്‍ എനിക്ക് പങ്കുണ്ടെന്നും  കലാപത്തിലേക്ക് ഞാന്‍ പൈസ വിതരണം ചെയ്‌തെന്നും പറഞ്ഞുകൊണ്ട് ഒരു കാവി മീഡിയയില്‍ വാര്‍ത്ത വരുന്നത്. ഞാനൊരു സംഘടനയുടെ സഹായത്തോടെ പൈസ വാങ്ങി കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് ആ ഓണ്‍ലൈന്‍ പത്രത്തില്‍ വാര്‍ത്ത വന്നത്.  ആ വീഡിയോക്കെതിരെ ഞാന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

അതിനുമുമ്പും ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും പോലുള്ള ആളുകള്‍ കൊലചെയ്യപ്പെട്ടപ്പോഴും സംഘപരിവാര്‍ അക്രമങ്ങള്‍ക്കെതിരെയും ഞാന്‍ പ്രതിഷേധിച്ചിട്ടുണ്ട്. കേരള ഹൗസിലെ ബീഫ് വിഷയത്തിലും പ്രതിഷേധവുമായി ഞാന്‍  മുമ്പിലുണ്ടായിരുന്നു.കൂടാതെ ത്രിപുരയിലും പശ്ചിമ ബംഗാളിലും സി.പി.ഐ.എമ്മിന്റെ മുഖപത്രങ്ങള്‍ക്ക് പരസ്യം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെയും ഞാന്‍ ചോദ്യം ചെയ്തിരുന്നു. ഈ പ്രതിഷേധങ്ങളില്ലെല്ലാം സെക്രട്ടറി എന്ന നിലയില്‍ നേതൃനിരയിലുണ്ടായ ആളാണ് ഞാന്‍. ഇനി കെ.യു.ഡബ്ല്യൂ.ജെയുടെ മെമ്പര്‍ അല്ലെങ്കില്‍ പോലും ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയിലും ഈ രാജ്യത്തെ പൗരനെന്ന നിലയിലും ഇതിനെതിരെ പ്രതിഷേധിക്കാന്‍ എനിക്ക് അവകാശമുണ്ടല്ലോ?. ഇതെല്ലാം എന്നെ ടാര്‍ഗറ്റ് ചെയ്യപ്പെടാനുള്ള കാരണമായി അവര്‍ കണ്ടിരിക്കാം.

ഒരു കാവി മീഡിയയില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് എനിക്കെതിരെ ആരോപണമുയര്‍ത്തിയത്. ആ വാര്‍ത്തയാണ് പിന്നീട് എന്റെ ചാര്‍ജ് ഷീറ്റായി  മാറിയത്.

സിദ്ദീഖ് കാപ്പന്‍

വാര്‍ത്തയില്‍ വന്ന കാര്യങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്ത് എന്റെ ചാര്‍ജ് ഷീറ്റില്‍ ചേര്‍ക്കുകയായിരുന്നു. പിന്നീടാണ് കെ.യു.ഡബ്ലു.ജെയുടെ സെക്രട്ടറിയായ എന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെ സെക്രട്ടറിയെന്ന് പറഞ്ഞ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലമൊക്കെ നല്‍കുന്നത്.  ഇതൊക്കെ ആവാം എന്നെ ടാര്‍ഗറ്റ് ചെയ്യപ്പെടാനുള്ള കാരണമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കൂടാതെ ഹത്രാസ് സംഭവത്തില്‍ നിന്നും പൊതുജനത്തിന്റെ ശ്രദ്ധ തിരിക്കാന്‍ പറ്റിയ ഒരു മുസ്ലിം പേരും കേരളക്കാരനാണെന്ന ലേബലും എനിക്കുണ്ടായിരുന്നു.

ഇതൊക്കെ മതി യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയെ തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ അവര്‍ക്ക് വേണ്ടത്. കഷ്ടകാലത്തിന് ഞങ്ങള്‍ ബുക്ക് ചെയ്ത വണ്ടിയുടെ ഡ്രൈവര്‍ പോലും ഒരു മുസ്ലിമായിപ്പോയി. അതോടെ അയാളും കേസില്‍ കുടുങ്ങി. ഞാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം അമിത് ഷാ കര്‍ണാടകയില്‍ വന്ന് പ്രസംഗിച്ചത് നിങ്ങള്‍ കേട്ടതല്ലേ.  ഇതാ നോക്കൂ, കേരളം നിങ്ങളുടെ തൊട്ടടുത്തുണ്ട്, ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കേരളത്തിന്റെ അവസ്ഥയായിരിക്കും നിങ്ങള്‍ക്കുമുണ്ടാവാന്‍ പോവുന്നത് എന്നൊക്കെയാണ് അവിടെ വന്ന് പറഞ്ഞത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു കേരളീയനാവുക എന്നതുപോലും നിങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടാനുള്ള പ്രധാന കാരണമാണ്.

ഏത് സി.പി.ഐ.എം എം.പിയാണ് നിന്നെ ഹത്രാസിലേക്ക് അയച്ചതെന്നാണ് എന്നോട് ചോദിച്ചത്. മതപരമായ വേര്‍തിരിവിനെക്കാള്‍ പ്രാദേശികമായ വേര്‍തിരിവാണ് അവിടെ ഞാന്‍ അനുഭവിച്ചത്. എന്റെ കൂടെയുണ്ടായിരുന്ന ഡ്രൈവറടക്കം എല്ലാവരും യു.പിക്കാരായിരുന്നു. അവരെയെല്ലാം ചോദ്യം ചെയ്യുന്നതിന് മുമ്പ് എന്നെയാണ് ചോദ്യം ചെയ്തത്. അവിടെ ടാര്‍ഗറ്റ് ചെയ്യപ്പെട്ടത് ഞാനെന്ന മലയാളിയാണ്. കേരളക്കാരനായത് തന്നെ ഞാന്‍ ചെയ്ത മഹാ അപരാധമായാണ് അവര്‍ കണ്ടത്. ജയിലില്‍ മലയാള പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്ക് അനുമതി നല്‍കിയിട്ടില്ല. മലയാളത്തില്‍ ഫോണ്‍ ചെയ്യാന്‍ പോലും എന്നെ സമ്മതിച്ചിട്ടില്ല. എന്റെ കാര്യത്തില്‍ യു.പി പൊലീസിന് എന്താണോ ആവശ്യം അതതവര്‍ക്ക് കിട്ടിയിരുന്നു. തീവ്രവാദ മുദ്രയൊക്കെ കുത്തി നല്ലൊരു മസാലക്കുള്ള എല്ലാ വകുപ്പും കാപ്പനെന്ന വ്യക്തിയില്‍ പോലീസ് കണ്ടിരുന്നു.

അഷ്റഫ് അഹമ്മദ് : അന്വേഷണ കാലയളവില്‍ താങ്കള്‍ പാകിസ്ഥാന്‍ തീവ്രവാദിയാണെന്നും കമ്മ്യൂണിസ്റ്റ് ഭീകരനാണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ചില മാധ്യമങ്ങളിലുണ്ടായിരുന്നല്ലോ, പൊലീസിന്റെ അന്വേഷണ നടപടികള്‍ എങ്ങനെയായിരുന്നു

സിദ്ദീഖ് കാപ്പന്‍ :എന്റെ ചാര്‍ജ് ഷീറ്റില്‍ അങ്ങനെ ഒരു വാദം ഉണ്ടെന്നാണ് ഹിന്ദു പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.  അവര്‍ക്ക് ചിലപ്പോള്‍ അതിന്റെ കോപ്പി കിട്ടിയിട്ടുണ്ടാവാം. അല്ലെങ്കില്‍ പൊലീസ് ചോര്‍ത്തി കൊടുത്തതായിരിക്കാം.

തുടക്കത്തില്‍ ഞാന്‍ മാവോയിസ്റ്റ് അനുഭാവിയാണെന്ന രീതിയിലാണ് ചര്‍ജ് ഷീറ്റ് വന്നത്. പിന്നീടത് കമ്മ്യൂണിസ്റ്റ് സപ്പോര്‍ട്ടറും മുസ്ലിം തീവ്രവാദിയുമൊക്കെയായി മാറി. പോപ്പുലര്‍ ഫ്രണ്ട് സപ്പോര്‍ട്ടറാവുന്നതൊക്കെ പിന്നീടാണ്.

ഒക്ടോബര്‍ അഞ്ചിന് ഡിറ്റന്‍ഷന്‍ ചെയ്ത സമയത്ത് മൂന്നു,നാല് ആളുകള്‍ എന്റെ അടുക്കല്‍ വന്നു. സിവില്‍ ഡ്രസിലാണവരെത്തിയത്. അവരിനി പോലീസാണോ, പട്ടാളമാണോ എന്നൊന്നും എനിക്കറിയില്ല. വെറുതെ നാലുപേര്‍ കയറി വരുന്നു, വന്നപാടേ എന്നോട് ചോദ്യം ചോദിക്കുന്നു. ഇതാണവിടെ സംഭവിച്ചത്. ചേദ്യങ്ങളാണെങ്കിലോ ഭയങ്കര വള്‍ഗറും. എത്ര പ്രാവശ്യം നീ പാക്കിസ്ഥാനില്‍ പോയിട്ടുണ്ട്, എന്തിനാണ് ജാമിയ മില്ലിയയില്‍ പഠിച്ചത്, നിനക്ക് എത്ര ഭാഷ അറിയാം, നീ എന്തിനാണ് അറബി പഠിച്ചത്, ഇത് ഇന്ത്യയല്ലെ ഇവിടെ ഹിന്ദി അല്ലേ പഠിക്കേണ്ടത്, എന്തിനാണ് ഉര്‍ദു പഠിച്ചത്, സാക്കിര്‍ നായികിനെ എത്ര തവണ കണ്ടിട്ടുണ്ട്? എന്നൊക്കെയായിരുന്നു ചേദ്യങ്ങള്‍. വാര്‍ത്ത റിപ്പോര്‍ട്ട ചെയ്യാന്‍ പോയ എന്നില്‍ നിന്ന് ഇവര്‍ക്ക് അറിയേണ്ടത് ഇത്തരം കാര്യങ്ങളായിരുന്നു. ചോദ്യങ്ങള്‍ക്കിടയില്‍ മര്‍ദ്ദിക്കുകയും ചെയ്തു.

എന്റെ ജീവിതത്തില്‍ പഞ്ചാബിനപ്പുറത്തേക്ക് ഞാന്‍ പോയിട്ടില്ല. സൗത്തിലാണെങ്കില്‍ കന്യാകുമാരിക്കപ്പുറം ഞാന്‍ കണ്ടിട്ടില്ല.  എന്നെ അറസ്റ്റ് ചെയ്ത രാവിലെ പത്തര മുതല്‍ ആറര വരെ കസ്റ്റഡിയില്‍ ഇരുത്തിയിട്ട് ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. യഥാര്‍ത്ഥത്തില്‍ എന്നോട് എന്താണ് ചോദിക്കേണ്ടതെന്ന് പോലും അവര്‍ക്കറിയില്ലായിരുന്നു. മുകളില്‍ നിന്ന് കിട്ടിയ ഏതോ ഓര്‍ഡറിന്റെ പേരിലാണ് തുടക്കം മുതല്‍ അവരെന്നെ ടാര്‍ഗറ്റ് ചെയ്തത്.

സിദ്ദീഖ് കാപ്പന്‍ കുടുംബത്തിനൊപ്പം

എന്നെ കുറ്റവാളിയാക്കി അവര്‍ക്ക് വോട്ട് ചെയ്ത 36 ശതമാനം വരുന്ന തീവ്ര ആശയക്കാരെ തൃപ്തിപ്പെടുത്താനാണ് യു.പി പൊലീസ് ശ്രമിച്ചത്. മുസ്ലിമായ നീ എന്തിനാണ് ദളിതുകളുടെ വിഷയത്തില്‍ ഇടപെടുന്നതെന്നാണ് അവരെന്നോട് ചോദിച്ചത്. ഇത് മുസ്ലിമിന്റെയോ ദളിതന്റെയോ വിഷയമല്ലെന്നും ഇന്ത്യയില്‍ ജീവിച്ചിരുന്ന ഒരു പെണ്‍കുട്ടിയുടെ, ഒരു പൗരയുടെ വിഷയമാണെന്നും ഞാനവരോട് പറഞ്ഞു. കേരളത്തിലെ മുസ്‌ലിങ്ങള്‍ എല്ലാം പണ്ടുകാലത്ത് നീച ജാതിക്കാരാണെന്നാണ് അവര്‍ പറഞ്ഞത്. നീയൊക്കെ പിന്നീട് മതം മാറിയതാണെന്നും  അതുകൊണ്ടാണ് നിങ്ങള്‍ക്ക് ദളിതുകളോട് കൂടുതല്‍ അറ്റാച്ച്‌മെന്റ് ഉള്ളതെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ നാട്ടില്‍ ഇത്തരം കേസുകള്‍ ഒന്നും ഉണ്ടാവാറില്ലേ, ഞങ്ങളുടെ നാട്ടില്‍ ഇതൊക്കെ നടക്കും അതൊന്നും നിങ്ങള്‍ ചോദ്യം ചെയ്യാന്‍ നിക്കണ്ട എന്ന സമീപനമാണ് യു.പി പൊലീസിനുണ്ടായിരുന്നത്. ഞാന്‍ കഴിഞ്ഞ 13 വര്‍ഷമായി മാധ്യമ പ്രവര്‍ത്തനം ചെയ്യുന്ന വ്യക്തിയാണെന്നും, ദല്‍ഹിയിലാണ് ഞാന്‍ ജോലി ചെയ്യുന്നതെന്നും ഞാന്‍ തിരിച്ച് പറയുന്നുണ്ട്. പക്ഷെ അതൊന്നും അവര്‍ കാര്യമാക്കുന്നേ ഉണ്ടായിരുന്നില്ല.

തുടരും…

content highlights ; siddique kappan interview part 1

അഷ്‌റഫ് അഹമ്മദ് സി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. സോഷ്യോളജിയില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more