ലഖ്‌നൗ: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ യു.പി പൊലീസിന്റെ കുറ്റപത്രം.
കാപ്പന്‍ ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകനെപ്പോലെയല്ല പെരുമാറിയതെന്ന് യു.പി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
‘സിദ്ദീഖ് കാപ്പന്‍ പല ലേഖനങ്ങളും മുസ്‌ലിം വികാരത്തെ പ്രകോപിപ്പിക്കുന്നതാണ്. കമ്യൂണിസ്റ്റ്- മാവോയിസ്റ്റ് അനുകൂല ലേഖനങ്ങളും കാപ്പന്റേതായി പുറത്തുവന്നിട്ടുണ്ട്,’ കുറ്റപത്രത്തില്‍ പറയുന്നു.
കാപ്പനെതിരെ 5000 പേജ് വരുന്ന കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.
കാപ്പന്‍ മലയാളത്തില്‍ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ്, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം, ദല്‍ഹി കലാപം, അയോധ്യയിലെ രാമക്ഷേത്രം എന്നിവയെ സംബന്ധിച്ച ലേഖനങ്ങളുടെ വിശദാംശങ്ങളാണ് കുറ്റപത്രത്തിലുള്ളത്.
രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ കാര്യവും പരാമര്‍ശിച്ചിട്ടുണ്ട്.
മലയാള മാധ്യമങ്ങളില്‍ ഹിന്ദുവിരുദ്ധ ലേഖനങ്ങള്‍ സിദ്ദീഖ് കാപ്പന്‍ എഴുതിയിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
ഹാത്രാസില്‍ ഭരണകൂടത്തിനെതിരെ ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ കാപ്പനും അറസ്റ്റിലായ റഹ്മാനും ശ്രമിച്ചുവെന്ന് രണ്ട് ദൃക്‌സാക്ഷികള്‍ സമ്മതിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം പൊലീസ് വാദങ്ങളെയെല്ലാം കാപ്പന്‍ അഭിഭാഷകന്‍ തള്ളി. ഹാത്രാസ് സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് കാപ്പന്‍ അറസ്റ്റിലായതെന്നും ഹാത്രാസിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു.