| Monday, 26th September 2022, 7:44 pm

നിര്‍മാതാവ് ഒരു ദിവസം പെട്ടെന്ന് വന്ന് ബോഡിഗാര്‍ഡിന്റെ ഷൂട്ട് നിര്‍ത്തണമെന്ന് പറഞ്ഞു, അതിന്റെ നഷ്ടം അദ്ദേഹത്തിന് തന്നെയാണ് ഉണ്ടായത്: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നയന്‍താര, ദിലീപ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ദിഖിന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്ത് വന്ന ചിത്രമാണ് ബോഡിഗാര്‍ഡ്. നിര്‍മാതാവ് മൂലം തന്നെ ചിത്രത്തിന്റെ ഷൂട്ട് നിര്‍ത്തേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പറയുകയാണ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിദ്ദിഖ്.

‘ബോഡിഗാര്‍ഡിന്റെ ഷൂട്ടിനിടക്ക് നിര്‍മാതാവ് ഒരു ദിവസം വന്ന് ഷൂട്ട് നിര്‍ത്തണമെന്ന് പറഞ്ഞു. ഫാസില്‍ സാറിന്റെ ഒരു പടം കൂടി പുള്ളി നിര്‍മിക്കുന്നുണ്ട്. അത് ഇടക്ക് വെച്ച് നിര്‍ത്തിയിട്ടാണ് ബോഡിഗാര്‍ഡ് തുടങ്ങിയത്. ഇപ്പോള്‍ ഫാസില്‍ സാറിന്റെ പടം വീണ്ടും തുടങ്ങണം, അതിന് ഇത് നിര്‍ത്തണമെന്ന് പറഞ്ഞു.

ഇനി കോട്ടയത്ത് രണ്ട് ലൊക്കേഷനുകളില്‍ കൂടി ഷൂട്ട് ബാക്കിയുണ്ട്, നയന്‍താരയുടെ ഡേറ്റും രണ്ട് ദിവസം കൂടിയുണ്ട്, ആ രണ്ട് ലൊക്കേഷനുകള്‍ കൂടി തീര്‍ത്താല്‍ പിന്നെ കോട്ടയത്തേക്ക് വരികയേ വേണ്ട എന്നൊക്കെ നിര്‍മാതാവിനോട് പറഞ്ഞു. അതൊന്നും പറ്റില്ല, ഇന്ന് തന്നെ ഷൂട്ട് നിര്‍ത്തണമെന്ന് പുള്ളി പറഞ്ഞു. അങ്ങനെ ഷൂട്ടിങ് അവിടെ നിര്‍ത്തി.

നിര്‍മാതാവിന് ചില അധികാര മേഖലകളുണ്ട്. ഷൂട്ടിങ് നാളെ പറ്റില്ലെന്ന് പറഞ്ഞാല്‍ എത്ര വലിയ സംവിധായകനാണെങ്കിലും പിന്നെ പറ്റില്ല. കാരണം ഭക്ഷണം കൊണ്ടുവരില്ല, പൈസ കൊടുക്കില്ല, എല്ലാം പ്രൊഡ്യൂസറിന്റെ കയ്യിലാണ്.

അന്ന് നിര്‍ത്തിയിട്ട് ഒരു ഗ്യാപ്പിന് ശേഷം വീണ്ടും ഷൂട്ട് തുടങ്ങാന്‍ പ്ലാന്‍ ചെയ്തു. പക്ഷേ ഒരു പ്രശ്‌നം വന്നു. നേരത്തെ ഷൂട്ട് ചെയ്തിടത്ത് ഷൂട്ട് ചെയ്യാന്‍ പറ്റില്ല. അതൊരു റിസോര്‍ട്ടായിരുന്നു. പക്ഷേ ഇടക്ക് വന്ന ഗ്യാപ്പില്‍ ആ റിസോര്‍ട്ട് വിറ്റു. പുതിയ ഉടമസ്ഥന്‍ ഷൂട്ടിന് വേണ്ടി റിസോര്‍ട്ട് തരില്ല. അവിടെ ഒരു ദിവസം കൂടി ഷൂട്ട് ചെയ്താല്‍ ആ സീക്വന്‍സ് തീരും.

ഷൂട്ട് നിര്‍ത്തുന്ന സമയത്ത് നമ്മുടെ കയ്യില്‍ നയന്‍താരയുടെ ഡേറ്റുണ്ട്, ദിലീപിന്റെ ഡേറ്റുണ്ട്, ലൊക്കേഷനുമുണ്ടായിരുന്നു. അന്ന് നിര്‍ത്തിപ്പോയിട്ട് തിരിച്ച് വന്നപ്പോള്‍ ലൊക്കേഷന്‍ മാത്രമില്ല. പുതിയ ഉടമസ്ഥന്റെ കയ്യും കാലും പിടിച്ച് അയാള്‍ പറഞ്ഞ പൈസ കൊടുത്തിട്ടാണ് ഒരു ദിവസത്തെ ഷൂട്ട് അവിടെ തീര്‍ക്കുന്നത്. ഇതിന്റെയൊക്കെ നഷ്ടം നിര്‍മാതാവിന് തന്നെയാണ് വന്നത്,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Siddique is talking about the situation where the shoot of the film body guard had to be stopped due to the producer

We use cookies to give you the best possible experience. Learn more