ഹിറ്റ്‌ലറിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ സായികുമാര്‍ വന്നില്ല, ഒടുവില്‍ ഒരു ഹിന്ദിക്കാരനെകൊണ്ട് വിളിച്ച് പേടിപ്പിച്ചു: സിദ്ദിഖ്
Film News
ഹിറ്റ്‌ലറിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ സായികുമാര്‍ വന്നില്ല, ഒടുവില്‍ ഒരു ഹിന്ദിക്കാരനെകൊണ്ട് വിളിച്ച് പേടിപ്പിച്ചു: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th September 2022, 9:05 pm

മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത് വന്‍ഹിറ്റായി മാറിയ ചിത്രമാണ് ഹിറ്റ്‌ലര്‍. മുകേഷ്, ശോഭന, ജഗദീഷ്, ഇന്നസെന്റ്, സായികുമാര്‍, വാണി വിശ്വനാഥ് എന്നിങ്ങനെ വലിയ താരനിര തന്നെ എത്തിയ ചിത്രം ലാല്‍ ആദ്യമായി നിര്‍മിച്ച ഹിറ്റ്‌ലര്‍ കൂടിയായിരുന്നു. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ ഔസേപ്പച്ചനും നിര്‍മാണ പങ്കാളിയായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത് തീര്‍ക്കുന്നതില്‍ ഉണ്ടായ ബുദ്ധിമുട്ടുകളെ പറ്റി പറയുകയാണ് സഫാരി ചാനലിന്റെ പരിപാടിയില്‍ സിദ്ദിഖ്.

‘ഹിറ്റ്‌ലറിന്റെ ക്ലൈമാക്‌സ് ഫൈറ്റ് പൊള്ളാച്ചിയിലായിരുന്ന ഷൂട്ട് നടന്നിരുന്നത്. ആ ഫൈറ്റ് നടക്കേണ്ട സമയത്ത് ഷൂട്ടിങ്ങ് നിര്‍ത്തിച്ചു. തമിഴ്‌നാട്ടില്‍ സിനിമ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് സമരം നടക്കുകയാണ്. വിഷുവിന് സിനിമ റിലീസ് ചെയ്യണം. കടം വാങ്ങിയാണ് ലാല്‍ സിനിമ നിര്‍മിക്കുന്നത്.

മമ്മൂക്കയാണെങ്കില്‍ പൈസ വാങ്ങിച്ചിട്ടുമില്ല. പടം ഓടിയിട്ട് മതി എന്ന് പറഞ്ഞ് മമ്മൂക്ക മാക്‌സിമം ഹെല്‍പ് ചെയ്തിട്ടുണ്ട്. മുകേഷും ജഗദീഷുമൊന്നും അന്ന് അഡ്വാന്‍സ് വാങ്ങിച്ചിട്ടില്ല. കാരണം ഞങ്ങള്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആദ്യമായി തുടങ്ങി സിനിമ ചെയ്യുകയാണല്ലോ. അങ്ങനെ എല്ലാവരും കോര്‍പറേറ്റ് ചെയ്തിട്ടാണ് ഞങ്ങള്‍ ആ സിനിമ മുമ്പോട്ട് കൊണ്ടുപോകുന്നത്. അങ്ങനെയുള്ള സമയത്താണ് ഇങ്ങെയൊരു പ്രശ്‌നം സംഭവിക്കുന്നത്.

പിന്നെ നാട്ടില്‍ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു. അപ്പോള്‍ മറ്റൊരു പ്രശ്‌നം വന്നു. സായികുമാര്‍ നാട്ടിലില്ല. സായികുമാര്‍ ഗള്‍ഫില്‍ ഷോയ്ക്ക് പോയിരിക്കുകയാണ്. ഷോ കഴിഞ്ഞിട്ടും തിരിച്ചുവന്നിട്ടില്ല. ക്ലൈമാക്‌സിലെ പോര്‍ഷന്‍സ് തീര്‍ക്കാന്‍ പറ്റുന്നില്ല. ലാലിനൊക്കെ കയ്യില്‍ നിന്നും പോയി കാര്യങ്ങള്‍. വിഷുവിന് സിനിമ റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വേറെ സിനിമകള്‍ പുറകെ വന്ന് ചാടും. ഇപ്പുറത്താണേല്‍ കാലാപാനി ഉണ്ട് റിലീസിന്.

അതിനൊപ്പം മദ്രാസില്‍ ഡബ്ബിങ്ങും നടക്കുന്നുണ്ട്. ആ ഡബ്ബിങ്ങിനിടയില്‍ ബാക്കിയുള്ള ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് ചേര്‍ത്താലേ വിഷുവിന് ഇത് റിലീസ് ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന ഘട്ടം വന്നു. അതിനിടക്ക് രണ്ടുമൂന്ന് പ്രാവശ്യം വിളിച്ചു. എന്നിട്ടും സായികുമാര്‍ വരുന്നില്ല. നമ്മള്‍ റാംജി റാവുവിലൂടെ കൊണ്ടുവന്ന ആര്‍ട്ടിസ്റ്റാണ്. എന്നിട്ടും അദ്ദേഹം ദുബായില്‍ തന്നെ നില്‍ക്കുകയാണ്. നമ്മളുടെ ആളുകള്‍ ചെന്ന് സംസാരിച്ചിട്ടും സായികുമാര്‍ വരുന്നില്ല. അത് വലിയ പ്രശ്‌നമായി. വിഷുവിന് ഹിറ്റ്‌ലര്‍ റിലീസ് ചെയ്യുന്നില്ല എന്ന് വരെ ന്യൂസ് വന്നു.

ദുബായിലെ സുഹൃത്തുക്കള്‍ ഒരു ഐഡിയ പറഞ്ഞു. അവര്‍ ഒരു ഹിന്ദിക്കാരനെ കൊണ്ട് ഒരു അധോലോക നായകന്റെ പേര് പറഞ്ഞ് ഫോണ്‍ ചെയ്യിപ്പിച്ചു. ദുബായില്‍ നിന്നും ഉടനെ തിരിച്ച് പോണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് അദ്ദേഹം പേടിച്ച് തിരിച്ച് ഇവിടെ വന്നത്. എന്നിട്ടാണ് ക്ലൈമാക്‌സും ഷൂട്ട് ചെയ്ത് സിനിമ റിലീസ് ചെയ്തത്,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Siddique is talking about the difficulties in shooting the climax of the film