മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയാണ് ഹിറ്റ്‌ലര്‍. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം സിദ്ദിഖിന്റെ സംവിധാനത്തില്‍ ലാല്‍ നിര്‍മിച്ച് ആദ്യചിത്രം കൂടിയായിരുന്നു ഹിറ്റ്‌ലര്‍. മമ്മൂട്ടിയെ കൂടാതെ ശോഭന, മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, വാണി വിശ്വനാഥ് എന്നിങ്ങനെ വലിയ താരനിര തന്നെ അഭിനയിച്ച ചിത്രം 1996ലെ വിഷുവിനാണ് വന്നത്.
ചിത്രത്തിന്റെ ഷൂട്ടിന് മുന്നോടിയായി മമ്മൂട്ടിയോട് കഥ പറയാന്‍ പോയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിദ്ദിഖ്.
‘ഞാനും ലാലും പിരിയാന്‍ തീരുമാനിച്ചതിന് ശേഷം ലാല്‍ ഇനി പ്രൊഡ്യൂസര്‍ ആയിട്ടും ഞാന്‍ സംവിധായകനായും ചിലപ്പോള്‍ തിരിച്ചും ചെയ്യാമെന്നൊക്കെയായി ഞങ്ങളുടെ തീരുമാനം. അല്ലാതെ വഴക്കിട്ടിട്ടൊന്നുമല്ല ഞങ്ങള്‍ പിരിഞ്ഞത്. അടുത്ത പ്രൊജക്റ്റ് മമ്മൂട്ടിയെ നായകനാക്കിയാണ്. ലാലിന്റെ അമ്മാവന്‍ അസീസ് കൊച്ചാപ്പയും ലാലും കൂടി സ്വന്തമായി കമ്പനി തുടങ്ങുകയാണ്, ലാല്‍ പ്രൊഡക്ഷന്‍സ്. പിന്നീട് ലാല്‍ ഒറ്റക്ക് തുടങ്ങിയതാണ് ലാല്‍ ക്രിയേഷന്‍സ്. ഔസേപ്പച്ചനെ കൂടി നിര്‍മാണപങ്കാളിയാക്കി ലാലും അസീസ് കൊച്ചാപ്പയും കൂടി വിതരണം ചെയ്യാമെന്ന് തീരുമാനിച്ചു. പിന്നീടാണ് ഹിറ്റ്‌ലറിന്റെ കഥയ്ക്കായി ഇരിക്കുന്നത് തന്നെ,’ സിദ്ദിഖ് പറഞ്ഞു.
‘പിന്നെ മമ്മൂക്കയെ പോയി കണ്ടു. നിങ്ങളെന്തിനാണ് പിരിഞ്ഞത് എന്ന് മമ്മൂക്ക ചോദിച്ചു. അത് ഞങ്ങളുടെ പേഴ്‌സണല്‍ ഇഷ്യൂസ് ആണെന്ന് പറഞ്ഞപ്പോള്‍ പിന്നെ മമ്മൂക്ക മറ്റൊന്നും ചോദിച്ചില്ല. പിന്നെ ഞങ്ങള്‍ പ്രോജക്റ്റിനെ പറ്റി സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ അടുത്ത വിഷുവിന് സിനിമ റിലീസ് ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തി. മദ്രാസില്‍ വെച്ചാണ് സിനിമയുടെ കഥ എഴുതിയത്.
ഒരു അമ്പത് ശതമാനം എഴുതി കഴിഞ്ഞപ്പോള്‍ മമ്മൂക്കയുമായി ഡിസ്‌കസ് ചെയ്യാമെന്ന് വിചാരിച്ചു. കഥ കേട്ട് അദ്ദേഹത്തിന് എന്തെങ്കിലും ആഡ് ചെയ്യാനുണ്ടെങ്കിലോ ഇമ്പ്രൊവൈസ് ചെയ്യാനുണ്ടെങ്കിലോ ചോദിക്കാമെന്ന് കരുതി. അപ്പോള്‍ മമ്മൂക്ക പറഞ്ഞത് ഇങ്ങനെയാണ്, എനിക്ക് കഥയൊന്നും കേള്‍ക്കണ്ട, ഞാന്‍ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയില്‍ അഭിനയിക്കാനാണ് വന്നിരിക്കുന്നത്, അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്, എന്റെ ഉത്തരവാദിത്തമല്ല, ഞാന്‍ നിങ്ങളെ വിശ്വസിച്ച് അഭിനയിക്കുകയാണെന്ന്.
ഒരു ഐഡിയ എങ്കിലും കേള്‍ക്കാന്‍ ഞാന്‍ പറഞ്ഞു. അത് അന്ന് പറഞ്ഞല്ലോ, അഞ്ച് സഹോദരിമാരുടെയും ചേട്ടന്റെയും കഥയല്ലേ, ആ ഐഡിയ ഒക്കെ മതി, ക്യാരക്റ്ററൊക്കെ എന്റെ മനസില്‍ കിട്ടി, ബാക്കി സ്‌ക്രിപ്റ്റ് എഴുതാന്‍ മമ്മൂക്ക പറഞ്ഞു, കഥ കേള്‍ക്കാനേ തയ്യാറായില്ല. പിന്നെ ലൊക്കേഷന്‍ പോയി കണ്ടു. എല്ലാം തീരുമാനിച്ചു. അതിന് ശേഷമാണ് ഹിറ്റ്‌ലറിന്റെ ഷൂട്ട് തുടങ്ങിയത്,’ സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Siddique is sharing his experiences of going to Mammootty to narrate the story before the shoot of the film hitler