ബലാത്സംഗ കേസിൽ സിദ്ദിഖിന് മുൻ‌കൂർ ജാമ്യമില്ല
Kerala News
ബലാത്സംഗ കേസിൽ സിദ്ദിഖിന് മുൻ‌കൂർ ജാമ്യമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2024, 11:03 am

കൊച്ചി: നടി നൽകിയ ബലാത്സംഗം പരാതിയെ തുടർന്ന് നടൻ സിദ്ദിഖ് നൽകിയ ജാമ്യാപേഷ ഹൈക്കോടതി തള്ളി. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ദിഖ് ജാമ്യാപേഷ നൽകിയത്. എന്നാൽ ഇത് തള്ളിയതോടെ കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സിദ്ദിഖ് നേരിടേണ്ടി വന്നേക്കാം.

സിദ്ദിഖിനെതിരായ പ്രധാനപ്പെട്ട തെളിവുകളും മൊഴികളും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ മൊഴി. പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ താരസംഘടന അമ്മയുടെ ജനറൽ. സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജി വെച്ചിരുന്നു.

പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴിയാണ് സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷം തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവനടി ആരോപിച്ചിരുന്നു. സിദ്ദിഖ് നമ്പർ വൺ ക്രിമിനൽ ആണെന്നും അയാൾ പറയുന്നതെല്ലാം നുണയാണെന്നും നടി പ്രതികരിച്ചിരുന്നു.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടനെതിരെയുള്ള പീഡന പരാതി ഉയർന്നുവന്നത്. സിദ്ദിഖിന് പുറമേ നടന്മാരായ മുകേഷ്, ഇടവേള ബാബു, ബാബുരാജ്, ജയസൂര്യ എന്നിവർക്കെതിരെയും പരാതി നിലനിൽക്കുന്നുണ്ട്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേഷ കോടതി തള്ളിയത്. എന്നാൽ ഹൈക്കോടതി ജാമ്യാപേഷ തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനാണ് സിദ്ദിഖിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Content Highlight: Siddique has no anticipatory bail in the rape case