| Sunday, 19th December 2021, 3:44 pm

'വളരെ മോശമായ കാര്യമാണ് സിദ്ദീഖ് ചെയ്തത്'; ഫേസ്ബുക്ക് പോസ്റ്റിനെതിരെ മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഔദ്യോഗിക പാനലിന് വോട്ട് തേടികൊണ്ടുള്ള സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും അമ്മ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്യുന്ന മണിയന്‍പിള്ള രാജു.

വോട്ട് അഭ്യര്‍ത്ഥിച്ച് സിദ്ദീഖ് പങ്കുവെച്ച പോസ്റ്റില്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ പരാമര്‍ശവും ഉണ്ടായിരുന്നു ഇതിനെതിരെയാണ് മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം.

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതില്‍ ശക്തമായ പ്രതിക്ഷേധമുണ്ടെന്നും വളരെ മോശമായ കാര്യമാണ് സിദ്ദീഖ് ചെയ്തതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം.

മത്സരം നടക്കുന്നത് സംഘടനയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് അമ്മയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാത്തവര്‍ പോലും ഇപ്പോള്‍ വിളിച്ചു വോട്ട് ചോദിക്കുന്ന നിലയായി. ആരേയും താഴ്ത്തിക്കെട്ടി ഞാന്‍ വോട്ടു ചോദിച്ചിട്ടില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

രണ്ട് ദിവസം മുന്‍പാണ് നടന്‍ സിദ്ദീഖ് വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിലെ അവസാന വരികള്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ളതായിരുന്നു.

‘ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല…’ എന്നായിരുന്നു പരാമര്‍ശം.

കൊച്ചിയിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടക്കുന്നത്. അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

അതേസമയം അമ്മ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനല്‍ നിര്‍ദേശിച്ച ആശ ശരത്തിനും ശ്വേതാ മേനോനുമെതിരെ മണിയന്‍പിള്ള രാജുവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവരും മത്സരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘Siddique did a very bad thing’; Actor Maniyanpilla Raju against Actor Siddique’s Facebook post

We use cookies to give you the best possible experience. Learn more