കാഞ്ചനമാലയുടേത് ത്യാഗനിര്‍ഭരമായ ഒരു പ്രണയമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടന്‍ സിദ്ധിഖ്. കാഞ്ചനമാലയുടേതിനെക്കാള്‍ എത്രയോ ത്യാഗമപൂര്‍ണ്ണമായ ജീവിതമാണ് ഇവിടുത്തെ ലക്ഷോപലക്ഷം അമ്മമാര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഒരാളെ പ്രണയിച്ചു, അയാളെ എന്നന്നേക്കുമായി നഷ്ടമായി. അതിന്റെ പേരില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചു. അങ്ങനെയൊരു കാഞ്ചനമാല മാത്രമല്ല നമുക്കുള്ളത്. ചുറ്റിനും അങ്ങനെ നിരവധി സ്ത്രീകളും പുരുഷന്മാരുമുണ്ട്. അപ്പോള്‍ കാഞ്ചനമാല മാത്രം എങ്ങനെയാണ് അനശ്വരപ്രണയത്തിന്റെ വക്താവാകുന്നത്.” സിദ്ധിഖ് ചോദിക്കുന്നു.
“ഒരു പുരുഷനെ വിവാഹം കഴിച്ച് അയാളെ മാത്രം സ്‌നേഹിച്ച് അയാളുടെ മക്കളെ വളര്‍ത്തി തന്റേതായ എല്ലാ സുഖങ്ങളും ഒഴിവാക്കി അവര്‍ക്കുവേണ്ടി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ആ അമ്മമാര്‍. അവരുടേതല്ലേ കാഞ്ചനമാലയുടേതിനെക്കാള്‍ ത്യാഗപൂര്‍ണ്ണമായ പ്രണയം?” നാനയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സിദ്ധിഖ് വ്യക്തമാക്കി.
കാഞ്ചനമാല വിവാഹം വേണ്ടെന്നുവെക്കാന്‍ കാരണം മൊയ്തീനോടുള്ള പ്രണയത്തിനപ്പുറം മറ്റു ചില കാര്യങ്ങളാണെന്നാണ് താന്‍ വിശ്വസിക്കാനാഗ്രഹിക്കുന്നത്. മൊയ്തീന്റെ പെണ്ണിനെ മറ്റാരും സ്വീകരിക്കില്ലെന്നതാണ് അതെന്നും സിദ്ധിഖ് അഭിപ്രായപ്പെട്ടു.
“അന്നത്തെ കാലത്ത് ഒരു പയ്യനെ പ്രണയിച്ചിരുന്ന പെണ്ണിനെ സ്വീകരിക്കാന്‍ ആരും പെട്ടെന്ന് തയ്യാറാകുമായിരുന്നില്ല. പ്രത്യേകിച്ചും മൊയ്തീന്റെ പെണ്ണ് എന്ന് എല്ലാവരും പരക്കെ അംഗീകരിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ. ആ യാഥാര്‍ത്ഥ്യത്തിന് നേരെയും കണ്ണടച്ചിട്ട് കാര്യമില്ല.” സിദ്ധിഖ് പറയുന്നു.
“എന്നു നിന്റെ മൊയ്തീന്‍” പുറത്തിറങ്ങിയശേഷം കാഞ്ചനമാല നടത്തുന്ന ചില പ്രസ്താവനകള്‍, പ്രഖ്യാപനങ്ങള്‍, മുള്ളുവെച്ച സംസാരങ്ങള്‍ എന്നിവ തന്നെഏറെ അലട്ടിയിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത് എന്ന മുഖവുരയോടെയാണ് സിദ്ധിഖ് സംസാരിക്കുന്നത്.
“പണ്ടെങ്ങോ മൊയ്തീനെ സ്‌നേഹിച്ചു, അതിന്റെ പേരില്‍ കുറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു, ഒടുവില്‍ മരണം മൊയ്തീനെ കൊത്തിയെടുത്ത് പറന്നപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചു. ഇതൊരു ത്യാഗപൂര്‍ണ്ണമായ പ്രണയമാണെന്ന് കാഞ്ചനമാല വിശ്വസിക്കുന്നു. അതിന്റെ പേരില്‍ പ്രണയത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി അവര്‍ സ്വയം അവരോധിതയാകുന്നു. ആ പിന്‍ബലത്തില്‍നിന്നുകൊണ്ടല്ലേ ബാലിശമായ അഭിപ്രായപ്രകടനങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.” സിദ്ധിഖ് ചോദിക്കുന്നു.