ഒരുപാട് പേരാല്‍ പറ്റിക്കപ്പെട്ട ആളാണ് സിദ്ദിഖ്, എന്നാലും പിന്നേയും അവിടെ പോയി തലവെക്കും, സങ്കടം തോന്നിയിട്ടുണ്ട്: ലാല്‍
Movie Day
ഒരുപാട് പേരാല്‍ പറ്റിക്കപ്പെട്ട ആളാണ് സിദ്ദിഖ്, എന്നാലും പിന്നേയും അവിടെ പോയി തലവെക്കും, സങ്കടം തോന്നിയിട്ടുണ്ട്: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th December 2022, 1:38 pm

 

മലയാളചലച്ചിത്ര രംഗത്തെ ശ്രദ്ധേയമായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാല്‍. കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധേയരായ മിമിക്രി താരങ്ങളായ സിദ്ദിഖും ലാലുമാണ് പില്‍ക്കാലത്ത് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടായി മാറിയത്.

1989-ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ്ങ് ആയിരുന്നു ഇരുവരുടേയും കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രം. വേറിട്ട സംവിധാന ശൈലിയിലൂടെ ശ്രദ്ധേയരായ ഇരുവരും ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിച്ച നിരവധി ചിത്രങ്ങള്‍ ഒരുക്കിയശേഷമാണ് പിരിഞ്ഞത്.

സിദ്ദിഖ് തിരക്കഥാ-സംവിധാന രംഗത്ത് തുടര്‍ന്നപ്പോള്‍ ലാല്‍ അഭിനയം, നിര്‍മാണം, വിതരണം തുടങ്ങി വിവിധ മേഖലകളില്‍ സജീവമാകുകയായിരുന്നു.

സിദ്ദിഖിന്റെ ചില ദൗര്‍ബല്യത്തെ കുറിച്ചും അദ്ദേഹത്തിലുള്ള ഏറ്റവും നല്ല ക്വാളിറ്റിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ലാല്‍. മനോരമ ന്യൂസിന് ഇരുവരും ചേര്‍ന്ന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ കൂട്ടുകെട്ടിനെ കുറിച്ചും സിനിമകളെ കുറിച്ചുമൊക്കെ ഇരുവരും സംസാരിക്കുന്നത്.

ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഇരുവര്‍ക്കും അവരവരുടെ ശക്തിയും ദൗര്‍ബല്യവും മനസിലാകും. അത്തരത്തില്‍ ഓരോരുത്തരുടേയും ശക്തിയും ദൗര്‍ബല്യവും എന്താണെന്ന ചോദ്യത്തിനായിരുന്നു ഇവരുടെ മറുപടി.

തന്റെ ശക്തി ക്ഷമയാണെന്നും ദൗര്‍ബല്യം പലരേയും കണ്ണടച്ച് വിശ്വസിക്കുമെന്നതാണെന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി.

എന്റെ ശക്തി എന്ന് പറയുന്നത് ക്ഷമയാണെന്നാണ് തോന്നുന്നത്. നല്ല ക്ഷമയുള്ളയാളാണെന്നാണ് എല്ലാവരും പറയുന്നത്. സമയം പോകുന്നത് ഞാന്‍ അറിയില്ല. എത്ര സമയം ഇരുന്നു, എത്ര ദിവസം ഇരുന്നു എന്നൊന്നും ഞാന്‍ അറിയില്ല. എന്തെങ്കിലും ഒരു പ്രോബ്ലം മനസില്‍ കുടുങ്ങിയാല്‍ അതിന് ഒരു ഉത്തരം ലഭിക്കുന്നത് വരെ തനിക്ക് സമാധാനമുണ്ടാവില്ല, എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്.

സിദ്ദിഖിന്റെ കാര്യത്തില്‍ അത് നല്ലതാണെന്ന് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ താന്‍ അങ്ങനെയല്ലെന്നായിരുന്നു ലാലിന്റെ മറുപടി. എഴുത്തിന്റെ കാര്യം പറഞ്ഞാല്‍ ഒരു സീന്‍ എഴുതാന്‍ സിദ്ദിഖ് അഞ്ചും ആറും ദിവസം ചിലപ്പോള്‍ എടുക്കും. അല്ലെങ്കില്‍ ഒരു മാസമൊക്കെ ചിലപ്പോള്‍ ഇരിക്കും. അതുകൊണ്ട് നല്ലതേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. എനിക്ക് അത്ര ക്ഷമ ഇല്ല.

പിന്നെ സിദ്ദിഖിന്റെ ദൗര്‍ബല്യത്തെ കുറിച്ച് പറഞ്ഞാല്‍ ഒരുപാട് പേരാല്‍ പറ്റിക്കപ്പെട്ട ആളാണ് സിദ്ദിഖ്, എന്നാലും പിന്നേയും അവിടെ പോയി തലവെക്കും. ഭയങ്കരമായി സങ്കടം തോന്നിയിട്ടുണ്ട്. എന്തിനാണ് ഇതെന്ന് ചോദിക്കുമ്പോള്‍ സാരമില്ല നമുക്ക് നോക്കാമെന്ന് പറഞ്ഞ് വീണ്ടും പോകും. അവിടേയും അടി കിട്ടിയാലും വീണ്ടും പോകും. ഇത് ഇങ്ങനെ തുടരുന്നത് കാണുമ്പോള്‍ എനിക്ക് ഭയങ്കര സങ്കടം തോന്നും. ഇയാള്‍ക്ക് ബുദ്ധിയില്ലേ എന്ന് തോന്നിയിട്ടുണ്ട്, ലാല്‍ പറഞ്ഞു.

തനിക്ക് എല്ലാവരേയും വിശ്വാസമാണെന്നും അതാണ് തന്റെ ദൗര്‍ബല്യമെന്നുമായിരുന്നു ഇതോടെ സിദ്ദിഖിന്റെ മറുപടി. എന്റെ ഭാര്യ തന്നെ എന്നോട് ചോദിക്കാറുണ്ട്. അവര്‍ പറയുന്നത് കള്ളമാണെന്ന് അറിയാലോ, പിന്നെ എന്തിനാണ് പൈസ കൊടുത്തതെന്ന്. അപ്പോള്‍ ഞാന്‍ പറയും ഞാന്‍ അവര്‍ക്കൊരു ടാര്‍ഗറ്റ് ഇട്ടിരുന്നു. ഒരു ലക്ഷം രൂപ വരെ അവന്‍ എന്നെ പറ്റിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഇപ്പോള്‍ അവന്‍ ചോദിച്ചത് 25000 രൂപയാണ്. അപ്പോള്‍ 75000 രൂപ നമുക്ക് ലാഭമല്ലേ എന്ന്. ഇത് കേള്‍ക്കുമ്പോള്‍ അവള്‍ ചിരിക്കും. ഞാന്‍ ബിസിനസ് ചെയ്യാന്‍ വീക്കാണ്. ആളുകള്‍ പെട്ടെന്ന് പറഞ്ഞുപോകുമ്പോള്‍ ഞാന്‍ വിശ്വസിച്ചുപോകും. സിദ്ദിഖ് പറഞ്ഞു.

മിടുക്കന്‍മാരായ ആളെ വെച്ച് കാര്യങ്ങള്‍ ചെയ്യിക്കുകയും അവരെ വിശ്വസിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളാണ് താനെന്നായിരുന്നു ഇതോടെയുള്ള ലാലിന്റെ മറുപടി.

എനിക്കൊപ്പം ഉള്ള അവരെ കുറിച്ച് മറ്റൊരാള്‍ കുറ്റം പറയുമ്പോള്‍ എനിക്ക് ദേഷ്യം വരും. നിന്റെ കൂടെ നിന്ന് അയാള്‍ പൈസ അടിക്കുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് അവരോട് ദേഷ്യം വരും. അയാള്‍ എന്നെ പറ്റിച്ചു എന്ന് കൃത്യമായി അറിയുന്ന നിമിഷം ഞാന്‍ അവരെ കട്ട് ചെയ്യും. സിദ്ദിഖും ആ കാര്യത്തില്‍ ഭീകരനാണ്. ചിലയാളുകളെ ലൈഫില്‍ നിന്ന് ഇവന്‍ കട്ട് ചെയ്താല്‍ പിന്നെ ന്യായമുണ്ടോ ഇല്ലയോ എന്നൊന്നും നോക്കില്ല. അങ്ങനെ ചിലരെ കട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ അവരുമായി പിന്നീട് കൂടിയിട്ടുണ്ട്. ആ കാര്യത്തില്‍ സിദ്ദിഖ് ഭയങ്കര സ്‌ട്രോങ് ആണ്, ലാല്‍ പറഞ്ഞു.

Content Highlight: Siddique and lal about Their Strenght and Weakness