| Saturday, 19th June 2021, 4:56 pm

'എന്നെ ഇതുവരെ ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വളരെ കൂളായി പ്രണവ് പറഞ്ഞു'; പ്രണവുമൊത്തുള്ള അനുഭവം പങ്കുവെച്ച് സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സാധാരണ ജീവിതം നയിക്കാനാഗ്രഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ പലരും പ്രശംസിച്ച വ്യക്തിത്വമാണ് മോഹന്‍ലാലിന്റെ നടന്‍ പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ നടന്‍ സിദ്ദീഖും പ്രണവുമൊത്തുള്ള അത്തരമൊരു ഓര്‍മ്മ പങ്കുവെയ്ക്കുകയാണ്.

പ്രണവ് നായകനായി എത്തിയ ആദി എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലുണ്ടായ അനുഭവങ്ങളാണ് സിദ്ദീഖ് പറയുന്നത്.

‘ആദി എന്ന ചിത്രത്തില്‍ വളരെ ഇമോഷണലായ ഒരു സീനുണ്ട്. ആ രംഗത്തില്‍ ഞാനാണ് സംസാരിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് ഞാന്‍ സംസാരിക്കുന്നത്. ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷം അപ്പു(പ്രണവ് മോഹന്‍ലാല്‍) എന്നോട് വളരെ കൗതുകത്തോടെ ചോദിച്ചു, ‘എങ്ങനെയാണ് സാറിന്റെ ചുണ്ട് ഇങ്ങനെ കിടന്ന് വിറപ്പിക്കുന്നതെന്ന്,’ സിദ്ദീഖ് പറയുന്നു.

ആ സിനിമയിലെ തന്നെ മറ്റൊരു രംഗത്തില്‍ അപ്പുവിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു സീന്‍ മറ്റൊരു രീതിയിലൊക്കെ അവര്‍ എടുത്തിരുന്നു. അത് കഴിഞ്ഞപ്പോള്‍ പ്രണവ് കുറെ നേരം എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

‘അപ്പോള്‍ ഞാന്‍ കാര്യം തിരക്കി എന്താ മോനെ നീ അങ്ങനെ നോക്കി നില്‍ക്കുന്നത് എന്ന്. ഇതുവരെ തന്നെ ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വളരെ കൂളായി ആ പ്രണവ് പറഞ്ഞു. കുറച്ചുനേരം ഞാന്‍ എന്താണ് അവനോട് പറയേണ്ടത് എന്നറിയാതെ അങ്ങനെ തന്നെ നിന്ന് പോയെന്നും എല്ലാം വളരെ ലളിതമായി കാണുന്ന ആളാണ് പ്രണവെന്നും ഈ തലമുറയില്‍ അങ്ങനെയൊരാളെ കാണാന്‍ പ്രയാസമാണെന്നും സിദ്ദീഖ് പറയുന്നു.

വളരെയധികം യാത്രകള്‍ ചെയ്യാനാഗ്രഹിക്കുന്ന പ്രണവിന്റെ ജീവിതരീതിയെപ്പറ്റി നേരത്തെയും നിരവധി പേര്‍ തുറന്ന് സംസാരിച്ചിരുന്നു. ചാര്‍ളി സിനിമയിലെ ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രമാണ് ശരിക്കും പ്രണവിന്റെ ജീവിതമെന്നാണ് മുമ്പ് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

മുമ്പ് നടി അനുശ്രീയും പ്രണവിനെപ്പറ്റി മനസ്സുതുറന്നിരുന്നു. താന്‍ സിനിമയില്‍ വന്നത് എങ്ങനെയാണ് എന്ന് പ്രണവ് ചോദിച്ചിരുന്നുവെന്നും റിയാലിറ്റി ഷോയിലൂടെ വന്നതാണ് എന്ന് പറഞ്ഞപ്പോള്‍ ‘എന്താണ് ഈ റിയാലിറ്റി ഷോ’ എന്നാണ് പ്രണവ് തന്നോട് ചോദിച്ചതെന്നുമായിരുന്നു അനുശ്രീ പറഞ്ഞത്.

പ്രണവിന്റെ ആ ചോദ്യം തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും റിയാലിറ്റി ഷോ എന്താണെന്ന് ചോദിക്കുന്ന ആദ്യത്തെ നടനായിരിക്കും പ്രണവ് എന്നാണ് തനിക്ക് തോന്നുന്നതെന്നും അനുശ്രീ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Siddique About Pranav Mohanlal

We use cookies to give you the best possible experience. Learn more