| Sunday, 11th September 2022, 3:43 pm

ആ മൂന്ന് സംവിധായകര്‍ ഒന്നിച്ചു ഡേറ്റ് ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്യേണ്ട കാര്യമില്ലായിരുന്നു; ഇന്നസെന്റിന്റെ വിചിത്ര തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ഇന്നസെന്റ് പറയുന്ന കഥകളും അദ്ദേഹത്തെ കുറിച്ച് മറ്റുള്ളവര്‍ പറയുന്ന കഥകളും കേട്ടിരിക്കുന്നവരെ ഒരുപോലെ രസം പിടിപ്പിക്കാറുണ്ട്. അങ്ങനെ സിനിമയിലും പുറത്തും ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന ഇന്നസെന്റ് ഒരു വിഷുക്കാലത്തെടുത്ത വിചിത്രമായ തീരുമാനത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സിദ്ദിഖ്.

1999ല്‍ ഫ്രണ്ട്‌സ് സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട അണിയറകഥകളെ കുറിച്ച് ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിലെ പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് സിദ്ദിഖ് ഇന്നസെന്റിനെ കുറിച്ച് സംസാരിച്ചത്. ഫ്രണ്ട്‌സിലെ ചക്കച്ചാംപറമ്പില്‍ ലാസര്‍ എന്ന ജഗതിയുടെ, ഇന്നും ചിരിപ്പിക്കുന്ന, വേഷം ചെയ്യാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ഇന്നസെന്റിനെയായിരുന്നു. എന്നാല്‍ തന്റെ ചില കാഴ്ചപ്പാടുകളുടെ പുറത്തും സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയും ഇന്നസെന്റ് ഫ്രണ്ട്‌സില്‍ നിന്നും പിന്മാറയിതിനെ കുറിച്ചാണ് സിദ്ദിഖ് ഓര്‍മകള്‍ പങ്കുവെക്കുന്നത്.

‘ആ വര്‍ഷം വിഷുവിന് ഫ്രണ്ട്‌സ് റിലീസ് ചെയ്യണമെങ്കില്‍ ജനുവരിയിലെങ്കിലും ഷൂട്ട് തുടങ്ങണമായിരുന്നു. അതിന്റെ ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. ഡേറ്റൊക്കെ ഫിക്‌സ് ചെയ്യാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഡിസംബര്‍ അവസാനത്തോടെ ഇന്നസെന്റ് വിളിച്ചുപറയുന്നത് അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയില്ല എന്ന്.

ഞാനാകെ ടെന്‍ഷനിലായി. എന്താണ് കാര്യമെന്ന് ചോദിച്ചു. ആ ഡേറ്റ് ഇന്നസെന്റ് ചേട്ടനോട് മൂന്ന് പേര് ചോദിച്ചിരിക്കുകയാണ്. നേരത്തെ പറഞ്ഞുവെച്ച ഞാന്‍, പിന്നെ സത്യേട്ടനും പ്രിയദര്‍ശനും. അതുകൊണ്ട് മൂന്ന് പടത്തിലും അഭിനയിക്കുന്നില്ലെന്ന് അദ്ദേഹം തീരുമാനിച്ചു.

സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ഞാനും ഇന്നസെന്റ് ചേട്ടനെ സംബന്ധിച്ചിടത്തോളം വളരെ അടുത്ത് നില്‍ക്കുന്ന സംവിധായകരാണ്. ആര്‍ക്ക് ഡേറ്റ് തന്നാലും മറ്റുള്ളവര്‍ക്ക് പരാതിയാകുമെന്നും അതുകൊണ്ട് ഒരു പടത്തിലും അഭിനയിക്കാതെ ആ സമയത്ത് വീട്ടില്‍ പോയി ഇരിക്കാന്‍ തീരുമാനിച്ചുവെന്നുമാണ് ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞത്.

നിങ്ങളുടെ പടവും ചെയ്യുന്നില്ല, സത്യന്റെ പടവും ചെയ്യുന്നില്ല, പ്രിയന്റെ പടവും ചെയ്യുന്നില്ല എന്ന കാര്യം ഞാന്‍ നിന്നോട് മാത്രമല്ല, അവരോട് രണ്ടു പേരോടും പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. ഇതു കേട്ട ഞാന്‍ ചേട്ടന്‍ മറ്റു പടങ്ങളില്‍ അഭിനയിക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ലെന്നും ഇഷ്ടമുള്ള പടം ചെയ്‌തോളൂവെന്നും മറുപടി പറഞ്ഞു.

പക്ഷെ അങ്ങനെ വേണ്ടെന്നും വിഷുപടത്തിന് താനില്ലെന്നുമുള്ള ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. വേണമെങ്കില്‍ ആ വിഷുകാലത്ത് ഏതെങ്കിലും ഒരു പടം അദ്ദേഹത്തിന് ചെയ്യാനാകുമായിരുന്നു. പക്ഷെ അദ്ദേഹമത് ചെയ്തില്ല. മൂന്ന് പേര്‍ ഒരേ സമയം ഡേറ്റ് ചോദിച്ചതിന്റെ പേരില്‍ ഒന്നിലും അഭിനയിക്കാതെ അദ്ദേഹം മാറിനിന്നു,’ സിദ്ദിഖ് പറയുന്നു.

ഇന്നസെന്റിന് പകരം ജഗതിയെത്തിയപ്പോള്‍ ലാസര്‍ എളേപ്പന്റെ കഥാപാത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. എപ്പോഴും ടെന്‍ഷനടിച്ചും ദേഷ്യപ്പെട്ടും നടക്കുന്ന ഒരാള്‍ എന്ന നിലയിലേക്കുള്ള ചെറിയ മാറ്റങ്ങളാണ് വരുത്തിയതെന്നും സിദ്ദിഖ് പറയുന്നു. ഫ്രണ്ട്‌സില്‍ ശ്രീനിവാസന്‍ ചെയ്ത ചക്കച്ചാംപറമ്പില്‍ ജോയി എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ ഇന്നസെന്റിന്റെ സുഹൃത്തും നാട്ടുകാരനുമാണെന്നും അദ്ദേഹം പറഞ്ഞ കഥകളില്‍ നിന്നാണ് ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്നും സിദ്ദിഖ് പരിപാടിയില്‍ പറയുന്നുണ്ട്.

ചിത്രത്തിലെ നായക കഥാപാത്രമായ അരവിന്ദന് വേണ്ടി ആദ്യം നിശ്ചയിച്ച സുരേഷ് ഗോപി ചില തെറ്റിദ്ധാരണകളുടെ പുറത്ത് പിന്മാറിയതിനെ കുറിച്ചും സിദ്ദിഖ് സംസാരിക്കുന്നുണ്ട്.

Content Highlight: Siddique about Innocent’s peculiar decision

We use cookies to give you the best possible experience. Learn more