| Friday, 23rd September 2022, 4:39 pm

അവാര്‍ഡ് ലിസ്റ്റില്‍ ഇടം നേടാന്‍ കഴിഞ്ഞില്ലെന്ന് കരുതി ഒരു സിനിമയും മോശമാകുന്നില്ല, ഹോം നാല് തവണ കണ്ടു: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങളും മുഴുനീള കോമഡി സിനിമകളും സമ്മാനിച്ച സംവിധായകനാണ് സിദ്ദീഖ്. അടുത്ത കാലത്ത് കണ്ടതില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഹോം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സിദ്ദീഖ് ഇപ്പോള്‍. സിനിമക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കാത്തത് കാര്യമാക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

അവാര്‍ഡ് പ്രഖ്യാപിക്കുന്നത് ചെറിയൊരു കമ്മിറ്റിയാണ്, അവര്‍ പ്രഖ്യാപിച്ച അവാര്‍ഡ് ലിസ്റ്റില്‍ ഇടം നേടാന്‍ കഴിഞ്ഞില്ലെന്ന് കരുതി ഒരു സിനിമയും മോശമാകുന്നില്ലെന്ന് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞു.

‘ഹോം എന്ന സിനിമ ഞാന്‍ നാല് പ്രാവശ്യം കണ്ടു. ആദ്യം ഞാന്‍ അതില്‍ ലയിച്ചിരുന്ന് പോയി. എന്ത് മാജിക്കാണ് കാഴ്ചക്കാരെ പിടിച്ചിരുത്താനായി ഉപയോഗിച്ചിരിക്കുന്നതെന്ന് അറിയാന്‍ വേണ്ടി രണ്ടാമത് കണ്ടു. എന്നാല്‍ മൂന്നാമത് കണ്ടപ്പോഴാണ് എനിക്ക് അതൊക്കെ കണ്ടെത്താനായത്. ഹോം എനിക്ക് ഭയങ്കര മതിപ്പുണ്ടാക്കിയ സിനിമയാണ്.

സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിനേക്കുറിച്ച് ചിന്തിക്കേണ്ടതില്ല. അവാര്‍ഡ് ഒരു ചെറിയ ഗ്രൂപ്പ് തീരുമാനിക്കുന്ന കാര്യമാണ്. അവരുടെ ടേസ്റ്റിന് അനുസരിച്ചാണ് അത് നല്‍കുക. അത് കാര്യമാക്കേണ്ടതില്ല.

അവാര്‍ഡ് കിട്ടിയില്ല എന്നത് കൊണ്ട് ഒരു സിനിമയും മോശം സിനിമയാകുന്നില്ല. ജനങ്ങള്‍ കൊടുക്കുന്ന അവാര്‍ഡ് അല്ല അത്. ചെറിയ ഒരു കമ്മിറ്റി തീരുമാനിക്കുന്നത് മാത്രമാണത്,” അദ്ദേഹം പറഞ്ഞു.

റോജിന്‍ തോമസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് വിജയ് ബാബു പ്രൊഡ്യൂസ് ചെയ്ത ചിത്രമാണ് ഹോം. ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി , മഞ്ജു പിള്ള , നസ്ലിന്‍, കെ.പി.എ.സി ലളിത, ജോണി ആന്റണി തുടങ്ങി നിരവധി പ്രതിഭകള്‍ ഒന്നിച്ച ചിത്രമായിരുന്നു. സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കാത്തതിന്റെ പേരില്‍ വലിയ വിവാദങ്ങളുണ്ടായിരുന്നു.

വിജയ് ബാബുവിനെതിരെ പീഡനപരാതിയുയര്‍ന്നതിനാലാണ് സിനിമയെ അവാര്‍ഡില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്ന രീതിയിലും ചര്‍ച്ചകള്‍ വ്യാപകമായിരുന്നു. തുടര്‍ന്ന് അവാര്‍ഡ് ജൂറികള്‍ക്കെതിരെ വിമര്‍ശനവുമായി ഇന്ദ്രന്‍സും രംഗത്ത് വന്നിരുന്നു.

ജൂറി ഹോം കണ്ടിട്ടില്ല എന്നത് ഉറപ്പാണെന്നും വിജയ് ബാബു ഒരു കേസില്‍ പ്രതിയായി എന്ന് വെച്ച് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ എന്ന് ഇന്ദ്രന്‍സ് ചോദിച്ചിരുന്നു. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ് കലാകാരന്മാരുടെ അധ്വാനത്തെ കണ്ടില്ലയെന്ന് നടിച്ചതില്‍ നിരാശയുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു പിള്ളയും അവാര്‍ഡ് പ്രഖ്യാപനത്തില്‍ നിരാശ പ്രകടപ്പിച്ചിരുന്നു. മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു സിനിമയെ ഒരു കാറ്റഗറിയിലും പരിഗണിക്കാതിരുന്നത് വേദനപ്പിച്ചുവെന്നായിരുന്നു നടിയുടെ വാക്കുകള്‍.

എന്നാല്‍ ഹോം കണ്ടില്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു ജൂറി ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ സയീദ് മിര്‍സയുടെ പ്രതികരണം. സിനിമ ഫൈനല്‍ റൗണ്ടിലേക്ക് പോലും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അവാര്‍ഡിനെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. ഷാഫി പറമ്പില്‍, വി.ടി ബല്‍റാം, രാഹുല്‍ മങ്കൂട്ടം തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെതിരെയും പരാതി ഉയര്‍ത്തിയിരുന്നു.

എന്നാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരിനോ ചലച്ചിത്ര അക്കാദമിക്കോ യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ജൂറിയുടെ സ്വതന്ത്രമായ വിലയിരുത്തല്‍ അനുസരിച്ചാണ് അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതെന്നും മുന്‍ മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കുകയായിരുന്നു.

Content Highlight: Siddique about Home movie and Award controversies

We use cookies to give you the best possible experience. Learn more