കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിനെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി നടന്‍ സിദ്ദീഖ്. ആഷിഖ് അബു തന്റെ പുതിയ ചിത്രത്തില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ച വിവരം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശം.
ആഷിഖ് അബുവിന്റെ സിനിമകളില്‍ അത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് തോന്നിക്കാണുമെന്നും അതുകൊണ്ടാണ് അത്തരം കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ആഷിഖ് തീരുമാനിച്ചതെന്നുമായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശം.
എ.എം.എം.എയില്‍ അങ്ങനെയൊരു കമ്മിറ്റി രൂപീകരിക്കേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. ഉണ്ടായാല്‍ അപ്പോള്‍ ആലോചിക്കാമെന്നും സിദ്ദിഖ് പറഞ്ഞു.
ഡബ്ല്യു.സി.സിയിലെ പെണ്‍കുട്ടികളെ മുന്‍നിര്‍ത്തി ആരോ കളിക്കുന്ന കളിയാണ് ഇതെല്ലാം. നാല് നടിമാര്‍ വിചാരിച്ചാല്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പറിച്ചെറിയാന്‍ സാധിക്കില്ലെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.
മഞ്ജുവാര്യര്‍ എ.എം.എം.എയ്‌ക്കൊപ്പം നില്‍ക്കുന്ന സഹോദരിയാണ്. ഡബ്ല്യു.സി.സിയെ പ്രതിനിധീകരിച്ച് മഞ്ജു വാര്യര്‍ വന്നില്ലോ? നിങ്ങള്‍ ചോദിച്ചില്ലേ എന്താണ് അവര്‍ വരാത്തതെന്ന്? താന്‍ എന്തായാലും അക്കാര്യം ആലോചിച്ചെന്നും സിദ്ദിഖ് പറയുന്നു.
മലയാള സിനിമയില്‍ ഇതിന് മുന്‍പും ഇത്തരം ആരോപണങ്ങള്‍ വന്നിരുന്നെന്നും ജഗതിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയില്ലെന്നും സിദ്ദിഖ് പറയുന്നു.
നടിയുടെ അവസരം ദിലീപ് ഇല്ലാതാക്കി എന്ന് പറഞ്ഞു. ഏത് സംവിധായകനാണ് അവസരം നിഷേധിച്ചത്. അത് വെളിപ്പെടുത്തൂ.. ഈ സംവിധായകരൊക്കെ ഇപ്പോഴും ഉണ്ടല്ലോ ? ആരുടേയും പേര് പറയാതെ അതുമിതും പറയരുത്. അത് ശരിയായ നടപടിയല്ല.
പത്ത് പതിനഞ്ച് വര്‍ഷം കഴിഞ്ഞ് എവിടേയെങ്കിലും പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും അമ്മയില്‍ നിന്ന് രാജിവെച്ച നടപടിമാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറഞ്ഞ് അംഗത്വ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്നും സിദ്ദിഖ് പറയുന്നു.