കോഴിക്കോട്: കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ധിഖിന്റെ മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ ചവിട്ടെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സിദ്ധിഖിന്റെ തലയിലും ക്ഷതമേറ്റ പാടുകളുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റ്മോര്‍ട്ടും റിപ്പോര്‍ട്ടില്‍ പറയുന്നു.
മരണശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് സിദ്ധിഖിന്റെ ശരീരം രണ്ട് കഷ്ണങ്ങളാക്കി മുറിച്ചത്. മരണത്തിന് മുമ്പ് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും സിദ്ധിഖിന്റെ ശരീരത്തില്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മല്‍പ്പിടുത്തത്തിന് ഇടയിലാകാം വാരിയെല്ലിന് ക്ഷതമേറ്റതെന്നാണ് പൊലീസ് സംശയിക്കുന്നത്.
മലപ്പുറം തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയെ രണ്ടംഗ സംഘമാണ് കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചത്. തിരൂര്‍ സ്വദേശിയാണ് 58കാരനായ സിദ്ധിഖ്. അട്ടപ്പാടി ചുരത്തില്‍ നിന്നാണ് തെളിവായ ട്രോളി ബാഗ് കണ്ടെടുത്തത്.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു സിദ്ധിക്ക്. ജീവനക്കാരന്‍ ഷിബിലിയും (22), സുഹൃത്ത് ഫര്‍ഹാനയും (18) ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. മണ്ണാര്‍ക്കാട് സ്വദേശികളായ പ്രതികളെ പൊലീസ് ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.