| Monday, 6th August 2018, 2:45 pm

അവന്‍ അവസാന നാളുകളില്‍ പറഞ്ഞതെല്ലാം അഭിമന്യുവിനെക്കുറിച്ചും വര്‍ഗീയതയ്‌ക്കെതിരെയും; ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ സിദ്ധീഖിനെക്കുറിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: മഞ്ചേശ്വരത്ത് ആര്‍.എസ്.എസുകാര്‍ കുത്തിക്കൊലപ്പെടുത്തിയ അബൂബക്കര്‍ സിദ്ധീഖ് അവസാന നാളുകളില്‍ പറഞ്ഞത് വര്‍ഗീയതയ്‌ക്കെതിരെ. ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ തീവ്രവാദത്തിനും അഭിമന്യുവിന്റെ കൊലപാതകത്തിനും എതിരാണ് സിദ്ധീഖ് അവസാന നാളുകളില്‍ ഫേസ്ബുക്കിലിട്ട കുറിപ്പുകളിലേറെയും.

ആര്‍.എസ്.എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തീവ്രവാദത്തിനെതിരെയായിരുന്നു സിദ്ധീഖ് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലായി കശ്മീരില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചും സിദ്ധീഖ് ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു.

Also Read:സിദ്ധീഖിന്റേത് ആര്‍.എസ്.എസിന്റെ ആസൂത്രിത കൊലപാതകം; ശ്രീധരന്‍ പിള്ളയ്ക്ക് മറുപടിയുമായി വി.പി.പി മുസ്തഫ

“സമൂഹത്തില്‍ ഒരേപോലെ അപകടവും അരാചകത്വവും വിതയ്ക്കുന്ന നാടിനൊരു ഗുണവുമില്ലാത്ത രണ്ടു വിഭാഗങ്ങള്‍” എന്നാണ് ആര്‍.എസ്.എസിനെയും എസ്.ഡി.പി.ഐയേയും സിദ്ധീഖ് വിശേഷിപ്പിച്ചത്. എസ്.ഡി.പി.ഐ-ആര്‍.എസ്.എസ് തീവ്രവാദികളെ ഈ മണ്ണില്‍നിന്നും തൂത്തെറിയുകയെന്ന കുറിപ്പും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് “മതവര്‍ഗ്ഗീയത തുലയട്ടേയെന്ന്” സിദ്ധീഖ് കുറിച്ചിരുന്നു. അഭിമന്യുവിന്റെ കൊലപാതകത്തെ വര്‍ഗീയമായി മുതലെടുക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ നടപടിയ്‌ക്കെതിരെയും സിദ്ധീഖ് പ്രതികരിച്ചിരുന്നു.

പാര്‍ട്ടി കുടുംബത്തില്‍ ജനിച്ച സിദ്ധീഖ് നാട്ടിലെ സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. പത്തുവര്‍ഷം മുമ്പ് പിതാവ്   നഷ്ടപ്പെട്ട സിദ്ധീഖ് വിദേശത്താണ് ജോലി ചെയ്യുന്നത്. നാട്ടിലെത്തിയശേഷം ഓഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐ നടത്തുന്ന പരിപാടിക്ക് മുന്നോടിയായുള്ള കാല്‍നട പ്രചരണ ജാഥയില്‍ പങ്കെടുക്കുകയും മദ്രസയിലെ ഒരു കുട്ടിയുടെ മരണത്തെ തുടര്‍ന്ന് തിരിച്ചുപോകുകയുമായിരുന്നു.

ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലില്‍ വെച്ചാണ് സിദ്ധീഖിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ധീഖ് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

Also Read:മൊബൈല്‍ ആപ്പ് വഴി കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യത പകര്‍ത്തിയ കേസ്; യുവാവിന്റെ ഭാര്യയും പ്രതി

അനധികൃതമായി മദ്യവില്‍പന തകൃതിയായി നടക്കുന്ന സോങ്കാലില്‍ സിദ്ധീഖിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇതിനെതിരെ രംഗത്തുവന്നിരുന്നു. പലതവണ ഇവര്‍ ഇതുസംബന്ധിച്ച് പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അശ്വിത്തിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. സംഘത്തില്‍ നാലുപേരുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലയാളികള്‍ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.

We use cookies to give you the best possible experience. Learn more