| Thursday, 2nd May 2013, 11:12 am

സിദ്ധിക്കുമായി വീണ്ടും ഒന്നിച്ചാല്‍ ഹിറ്റ് ഉണ്ടാകുമെന്ന് തോന്നുന്നില്ല: ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിദ്ധിക്കുമായി ചേര്‍ന്ന് പുതിയ പൊജക്ട് ഒന്നും ആലോചിക്കുന്നില്ലെന്ന് നടനും സംവിധായകനുമായ ലാല്‍. കുറേ കാലങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ക്ക് ഒരേ മനസായിരുന്നെന്നും അതുകൊണ്ട് തന്നെ അന്ന് ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നെന്നും ലാല്‍ പറഞ്ഞു. []

ഇന്ന് എനിക്കെന്റേതായ രീതി, സിദ്ധിക്കിന് അവന്റേതും. ഞങ്ങള്‍ ഇരുവരുടേയും കാഴ്ചപ്പാടും ജീവിതരീതിയും മാറി. അതുകൊണ്ടു തന്നെ വീണ്ടും ഒന്നിച്ചാലും പഴയതുപോലെ ഒരു ഹിറ്റ്  ഉണ്ടാകണമെന്നില്ല.

പ്രൊഫഷണല്‍ ജീവിതത്തില്‍ ഇങ്ങനെയാണെന്ന് കരുതി ഞങ്ങള്‍ക്കിടയില്‍ വ്യക്തിപരമായി ഒരു പ്രശ്‌നങ്ങളുമില്ല- ലാല്‍ പറഞ്ഞു.

എനിയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ സിദ്ധിക്ക് വിളിച്ചിരുന്നില്ല. അന്ന് ദുബായില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു അവന്‍. എന്നാലും എന്നെ വിളിക്കാതിരിക്കാന്‍ അവന് കഴിയല്ല.

ചില ബന്ധങ്ങള്‍ ഇങ്ങനെയാണ്. സൗഹൃദങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുമെന്ന് തോന്നുമ്പോള്‍ സ്വയം ഒരു പരിധി  കല്‍പിക്കുക. പറയാതെ തന്നെ സുഹൃത്തിന്റെ മനസ്സും തിരക്കുകളും അറിയുക.

ഒരിക്കലും വിട്ടുപിരിയുവാന്‍ കഴിയാത്ത ആ സുഹൃത്ത് തനിക്കരികിലേക്ക് തന്നെ വീണ്ടുമെത്തും എന്നു കരുതി ഒരു ഫോണ്‍ വിളിക്കായി കാത്തിരിക്കുക. ഇവയൊക്കെത്തന്നെയാണ് സിനിമ തന്നെയാണ് ജീവിതമെന്ന് തോന്നിപ്പിക്കുന്നതും- ലാല്‍ പറഞ്ഞു.

ഏറ്റവും എളുപ്പം നടനാവുകയാണ്. നടനെന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധിക്കുക മാത്രമല്ല, തരക്കേടില്ലാത്ത  പ്രതിഫലവും ആവശ്യത്തിന് ചിത്രങ്ങളും ഇപ്പോഴുണ്ട്.

കാലത്തിനനുസരിച്ച് സിനിമയിലും മാറ്റം വരുന്നുണ്ടെന്നും ന്യൂജനറേഷന്‍ സിനിമകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. 1928ല്‍ വിഗതകുമാരന്‍, 80 കളിലെ ഐ. വി.ശശിയുടെ സിനിമകള്‍, സിദ്ധിക്ക്- ലാല്‍ ടീമിന്റെ “റാംജിറാവു സ്പീക്കിങ് ഇവയെല്ലാം “ന്യൂജനറേഷന്‍ സിനിമകള്‍ തന്നെയായിരുന്നു. എന്നാല്‍ ആരും ആ പേരിട്ട് ഈ സിനിമകളെ വിളിച്ചിരുന്നില്ല.- ലാല്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more