ആള്‍ മരിച്ചുപോയിട്ടല്ല ഇടപെടേണ്ടത്, മുഖ്യമന്ത്രി ഇതുവരെ ഒന്നു മിണ്ടിയിട്ടുപോലുമില്ല; സിദ്ദീഖ് കാപ്പന് ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റൈഹാന
കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ശരിയായ ചികിത്സ ലഭിക്കാന്‍ മുഖമന്ത്രി ഇടപെടണമെന്ന് ഭാര്യ റൈഹാന സിദ്ദീഖ്.
ഇത്രയും സംഭവങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ഒന്നു മിണ്ടിയിട്ടു പോലുമില്ല. നിയമപരമായ കാര്യങ്ങളില്‍ ഒരുപക്ഷെ ഇടപെടാന്‍ സാധിക്കില്ലായിരിക്കും, പക്ഷെ ചികിത്സയുടെ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെട്ടുകൂടെ എന്നും റൈഹാന മാധ്യമങ്ങളോട് പറഞ്ഞു.
‘മുഖ്യമന്ത്രി ഇതുവരെ ഒന്നു മിണ്ടിയിട്ടുപോലുമില്ല. ഞാന്‍ ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കുകയല്ലേ, കാപ്പന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് എന്നോട് പറഞ്ഞുകൂടെ. വലിയ ക്രിമിനലുകള്‍ക്കും കുറ്റകൃത്യം ചെയ്തവര്‍ക്കും ഒക്കെ ഇതിലും വലിയകാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടല്ലോ.
ആര്‍.എസ്.എസും ബി.ജെ.പിയും പോപുലര്‍ ഫ്രണ്ട് എന്ന് പറഞ്ഞതുകൊണ്ടാണോ? മുഖ്യമന്ത്രിക്ക് എന്താണ് പേടിയാണോ? അദ്ദേഹം മാധ്യമപ്രവര്‍ത്തകനാണെന്ന് എല്ലാവര്‍ക്കും അറിയുന്നതല്ലേ. നിയമപരമായി ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലായിരിക്കും, എന്നാലും മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു കത്ത് അയക്കുന്നത് കൊണ്ട് എന്തെങ്കിലും സംഭവിക്കുമോ ? എന്താണ് അതിന്റെ പരിമിതി എന്ന് മനസിലാവുന്നില്ല,’ റൈഹാന പറഞ്ഞു.
ഇപ്പോള്‍ ചികിത്സയാണ് പ്രധാനം. തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞില്ലേ. മുഖ്യമന്ത്രിക്ക് ഇനിയെങ്കിലും എന്തെങ്കിലും പറഞ്ഞൂടെ എന്നും റൈഹാന ചോദിക്കുന്നു.
മീഡിയ സെക്രട്ടറിയും യൂണിയനുമൊക്കെ ഇടപെടുന്നുണ്ടെന്നാണ് അറിയുന്നത്. എംപിമാരോടും സംസാരിക്കുന്നുണ്ട്. എപ്പോഴെങ്കിലും രണ്ട് ദിവസം കഴിഞ്ഞിട്ടോ നാല് ദിവസം കഴിഞ്ഞിട്ടോ അല്ല ഇത് വേണ്ടത്. ജീവനാണ്. അത് പോയിക്കഴിഞ്ഞിട്ട് അത് ഇത് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ട സമയമാണിത്. അതിന് മുഖ്യമന്ത്രി ഇടപെട്ടാല്‍ നടക്കുമെന്നാണ് വിശ്വാസമെന്നും റൈഹാന പറഞ്ഞു.
സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില കൊവിഡ് ബാധിച്ചതിന് പിന്നാലെ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ റൈഹാന രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റലൂടെയായിരുന്നു റൈഹാനയുടെ പ്രതികരണം.
ഹോസ്പിറ്റലില്‍ നിന്നും സിദ്ദീഖ് കാപ്പന്‍ എങ്ങനെയോ ഇന്നലെ രണ്ട് മിനിറ്റ് തന്നോട് സംസാരിച്ചു. ജയിലില്‍ നിന്നും വീണ വീഴ്ചയില്‍ താടിയെല്ലിനു പൊട്ടോ, അല്ലെങ്കില്‍ കാര്യമായ മുറിവോ ഉണ്ട്. മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല, കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്ലറ്റില്‍ പോകാന്‍ പോലും സാധിക്കുന്നില്ലെന്നും കാപ്പന്‍ പറഞ്ഞതായി റൈഹാന പറഞ്ഞു.
ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക