തിരുവനന്തപുരം: ദിലീപിനെതിരെ നടപടിയെടുക്കാത്ത എ.എം.എം.എയെ വിമര്‍ശിച്ച ഡബ്ല്യൂ.സി.സി അംഗങ്ങള്‍ക്കെതിരെ രൂക്ഷപരാമര്‍ശവുമായി നടന്‍ സിദ്ദിഖ്. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ഡബ്ല്യു.സി.സിക്കെതിരെ സിദ്ദിഖ് രംഗത്തെത്തിയത്.
ദിലീപ് എന്ന നടനെ പുറത്താക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. 280 ഓളം ആളുകള്‍ പങ്കെടുത്ത ജനറല്‍ ബോഡിയാണ് ദിലീപിനെ പുറത്താക്കേണ്ടെന്ന തീരുമാനം എടുത്തത്. ദിലീപിനെ പുറത്താക്കിക്കൊണ്ട് എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനമാണ് ജനറല്‍ ബോഡി മരവിപ്പിച്ചത്. ആ നടപടി പിന്‍വലിക്കണമെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജനറല്‍ ബോഡി തീരുമാനം എടുത്താല്‍ അത് മരവിപ്പിക്കാന്‍ എക്‌സിക്യൂട്ടീവിനാവില്ലെന്നും സിദ്ദിഖ് പറയുന്നു.
അക്ഷയ് കുമാറും ആമിര്‍ ഖാനും സിനിമയില്‍ നിന്നുപിന്‍മാറിയ കാര്യം അവര്‍ പറഞ്ഞു. അവര്‍ ചെയ്തതാണ് തെറ്റ്. ആരോപണം വന്നതോടെ മറ്റൊരാളുടെ തൊഴില്‍ ഇല്ലാതാക്കുകയാണോ വേണ്ടത്. മീടു ആരോപണം ഉന്നയിച്ചാല്‍ സത്യാവസ്ഥ അന്വേഷിക്കണം ആമീര്‍ ഖാനെതിരെയും അക്ഷയ് കുമാറിനെതിരെയും ആരോപണം വന്നാല്‍ അവരുടെ സിനിമ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ?
മറ്റുള്ളവരുടെ ജോലി സാധ്യത നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് അധികാരമില്ല. ദിലീപ് ജോലി ചെയ്യേണ്ടെന്നും സിനിമയില്‍ അഭിനയിക്കേണ്ടെന്നും പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.
ആരുടേയും ജോലി സാധ്യത തടയാനുള്ള അവകാശം ഞങ്ങള്‍ക്കില്ല. ഒരാളെ സംഘടനയില്‍ നിന്ന് പുറത്താക്കുകയല്ല ഞങ്ങളുടെ ജോലി.
മീ ടൂ നല്ല കാമ്പയിനാണ്. പക്ഷേ അത് ദുരുപയോഗം ചെയ്യരുത്. ആര്‍ക്കും ആരുടേയും പേര് പറയാം എന്ന അവസ്ഥ വന്നാല്‍ ഇതിന്റെ വിശ്വാസ്യത തന്നെ നഷ്ടമാകും.
വാര്‍ത്താസമ്മേളനത്തിനിടെ ഒരു നടി പറഞ്ഞു, 26 കൊല്ലം മുന്‍പ് ഒരു പെണ്‍കുട്ടി അഭയം തേടി എന്റെ മുന്‍പില്‍ വന്നു. എവിടെ ഏത് സെറ്റില്‍ ഓടി വന്നു എന്ന് അവര്‍ പറയണം. അവര്‍ രക്ഷകയായി മാറിയ കഥ പറഞ്ഞു. നല്ലതുതന്നെ. പക്ഷേ അത് എവിടെ സംഭവിച്ചു എന്ന് പറയണം. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണ്ട. പക്ഷേ ഏത് സെറ്റില്‍ നടന്നു എന്ന് പറയണം.
ആരുടേയും പേര് പറയാതെ തേജോവധം ചെയ്യുന്ന നടപടി തെറ്റാണ്.
മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് നേരെ എന്തിനാണ് ഇങ്ങനെ പോകുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ പോകരുതെന്ന് പറഞ്ഞ് ചിലര്‍ എത്തി. മോഹന്‍ലാലിന് ലഭിക്കുന്ന സ്വീകാര്യത കണ്ടില്ലെന്ന് നടിക്കാന്‍ പറ്റുമോ.
മമ്മൂട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ഒരുപാട് ആളുകള്‍ തെറിവിളിക്കുന്നു എന്ന് ഒരു നടി പറഞ്ഞു. തെറി വിളിക്കരുതെന്ന് മമ്മൂട്ടി പറയണോ? ഇതെന്ത് ന്യായമാണ്?
ഞാന്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ എന്നെ കൂക്കിവിളിക്കുന്നുണ്ടെങ്കില്‍ അത് എന്റെ തെറ്റാണ്. ഞങ്ങള്‍ ചെയ്യുന്ന തൊഴില്‍ മേഖല കലയാണ്. ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്ന ഒരു പ്രവര്‍ത്തിയും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. .
മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ പറിച്ചെറിയാന്‍ സാധിക്കുന്ന സംഘടനയല്ല അമ്മ. ദിലീപ് കുറ്റാരോപിതനാണ്. ആക്രമിച്ചത് ആരാണ് എന്ന് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. പ്രതിയെ ശിക്ഷിച്ച് 3 മാസം കഴിഞ്ഞപ്പോള്‍ വിളിച്ചുപറഞ്ഞ പേരാണ് ദിലീപിന്റേത്. ഇവരാരും പള്‍സര്‍ സുനിയെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ലല്ലോ?
ഒരു നടി ദിലീപിനെ വിളിച്ചത് റേപ്പിസ്റ്റ് എന്നാണ്. അതിനെതിരെ ദിലീപ് നടപടിയെടുക്കണം. ജനങ്ങള്‍ നിങ്ങളില്‍ നിന്ന് അകലും അത് മാത്രം ആലോചിച്ചാല്‍ മതി.
അംഗങ്ങള്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കും. സ്വയം രാജിവെച്ചവരെ തിരിച്ചുവിളിക്കുന്ന പ്രശ്‌നമില്ല. കഴിഞ്ഞ എക്‌സിക്യൂട്ടീവില്‍ തീരുമാനമെടുത്തതാണ്. രാജിവെച്ചവര്‍ക്ക് തിരിച്ചുവരണമെങ്കില്‍ അവര്‍ അപേക്ഷിക്കണം.
ഒരു വ്യക്തിയും സംഘടനയേക്കാള്‍ വലുതല്ല. സംഘടനയ്ക്ക് അതിന്റേതായ നിലപാടുണ്ട്. പുറത്തുപോയവര്‍ പുറത്തുപോയവര്‍ തന്നെയാണ്. സംഘടനയുടെ ഭാരവാഹികള്‍ക്കെതിരെ മാധ്യമങ്ങളില്‍ ശബ്ദിക്കുമ്പോള്‍ അവര്‍ ശ്രദ്ധിക്കണം.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഒരു നടി കഴിഞ്ഞ 24 വര്‍ഷമായി ഒരു ജനറല്‍ ബോഡിയിലും പങ്കെടുത്തിട്ടില്ല. സിനിമയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല. കാരവനും ഒന്നുമില്ലാത്ത കാലത്ത് ഞങ്ങള്‍ പിടിച്ചുകൊടുത്ത മറയില്‍ നിന്ന് വസ്ത്രം മാറിയ സഹോദരിമാരുണ്ട്.
വരേണ്യ വര്‍ഗത്തിന്റെ വിഭാഗമാണ് ഇവിടെ വന്നിരുന്ന് മാധ്യമങ്ങളിലൂടെ അംഗങ്ങളെ അധിക്ഷേപിച്ചത്. അവരെപ്പോലെ തോന്നിയത് വിളിച്ച് പറയാന്‍ തങ്ങള്‍ക്കാവില്ലെന്നും സിദ്ദിഖ് പറഞ്ഞു.