രാവണപ്രഭു എന്ന മോഹന്‍ലാല്‍ സിനിമയില്‍ താനാണ് ഹീറോയെന്ന് നടന്‍ സിദ്ദിഖ്. സിനിമയില്‍ മാത്രമാണ് മോഹന്‍ലാല്‍ ഹീറോയെന്നും, സിനിമയില്‍ അഭിനയിക്കുമ്പോള്‍ സ്വയം ഹീറോയായിട്ടാണ് കരുതുന്നതെന്നും സിദ്ദിഖ് പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“പീസ് എന്ന സിനിമയില്‍ ഞാന്‍ ചെയ്ത കഥാപാത്രവുമായി സാമ്യമുള്ള ക്യാരക്ടറുകള്‍ മുമ്പും മലയാളത്തില്‍ വന്നിട്ടുണ്ടാകും. എന്നാല്‍ ആ കഥാപാത്രം ചെയ്യാന്‍ തയ്യാറാകുമ്പോള്‍ അവയില്‍ നിന്നൊക്കെ എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അല്ലെങ്കില്‍ ആളുകള്‍ പറയില്ലെ ഇത് മറ്റേ സിനിമയില്‍ അവര്‍ ചെയ്ത കഥാപാത്രമല്ലേ എന്ന്.
നമ്മുടെ കഥാപാത്രത്തെ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാമെന്നാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്. അതല്ലാതെ ഇതൊരു നെഗറ്റീവ് റോളാണ് അതുകൊണ്ട് എങ്ങനെ ചെയ്യും എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. മറ്റ് നടന്മാരും അങ്ങനെ ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
നായകന് എതിരായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ എന്നെ സംബന്ധിച്ച് ഞാനാണ് അവിടെ ഹീറോ. രാവണപ്രഭു സിനിമയില്‍ ഞാനും മോഹന്‍ലാലും ഒരുമിച്ചുള്ള ഒരു സീനുണ്ട്. ആ സീന്‍ നടക്കുന്നത് റോഡില്‍ വെച്ചാണ്. എല്ലാവര്‍ക്കും എളുപ്പം മനസിലാകാന്‍ വേണ്ടിയാണ് അങ്ങനെയൊരു ഉദാഹരണം ഞാന്‍ പറയുന്നത്.
എനിക്ക് മോഹന്‍ലാല്‍ അല്ല ഹീറോ ഞാന്‍ തന്നെയാണ്. എന്താണിത്ര ബിസി എന്നാണ് ആ കഥാപാത്രത്തിനോട് ഞാന്‍ ചോദിക്കുന്നത്. അയാളെ വളരെ മോശക്കാരനാക്കിയും താഴ്ത്തിക്കെട്ടിയും തന്നെയാണ് അവിടെ ഞാന്‍ സംസാരിക്കുന്നത്. കാരണം ഞാനാണ് എസ്.പി. ആയാള്‍ അവിടെയാരുമല്ല.
സിനിമയിലാണ് മോഹന്‍ലാല്‍ ഹീറോയും ഞാന്‍ വില്ലനുമായി പോകുന്നത്. അഭിനയിക്കുന്നവരെ സംബന്ധിച്ച് അങ്ങനെയൊന്നുമില്ല. അങ്ങനെ വിശ്വസിച്ചാണ് സിനിമയില്‍ ഞാന്‍ ഒരോ കഥാപാത്രങ്ങളും ചെയ്യുന്നത്. രണ്ട് സീനില്‍ മാത്രം വന്നുപോകുന്ന കഥാപാത്രമാണെങ്കില്‍ പോലും എന്നെകൊണ്ട് പറ്റുന്ന രീതിയില്‍ മികച്ചതാക്കാന്‍ ഞാന്‍ നോക്കും,’ സിദ്ദിഖ് പറഞ്ഞു.
അതേസമയം പീസ്, ഇനി ഉത്തരം എന്നീവയാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ സിദ്ദിഖിന്റെ സിനിമകള്‍. മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ സിനിമ.
content highlight: siddhique talks about his character in ravanaprabhu cinema