| Monday, 26th April 2021, 8:01 pm

കുറ്റകൃത്യങ്ങളാണ് തടയേണ്ടത്, വാര്‍ത്തകളെ അല്ല; സിദ്ദീഖ് കാപ്പന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. കാപ്പന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും കാപ്പന് സംരക്ഷണവും ചികിത്സയും ഉറപ്പാക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

‘മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് വഴി ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ ഭീരുത്വം വെളിവാക്കുകയാണ്. കുറ്റങ്ങള്‍ അവസാനിപ്പിക്കൂ, റിപ്പോര്‍ട്ടിംഗല്ല,’ രാഹുല്‍ പറഞ്ഞു.


ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

കൊവിഡ് ബാധിച്ച കാപ്പന്‍ ഇപ്പോള്‍ ചികിത്സയിലാണ്. അദ്ദേഹത്തെ ചങ്ങലയില്‍ ബന്ധിപ്പിച്ചിരിക്കുകയാണെന്നും ഭാര്യ റൈഹാന സിദ്ദീഖ് പറഞ്ഞിരുന്നു. കാപ്പനെ മോചിപ്പിക്കാനും അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും റൈഹാന ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് പറഞ്ഞിരുന്നു.

‘ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് ഈ രീതിയില്‍ പെരുമാറുന്നത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നു. അദ്ദേഹത്തിന്റെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. കാപ്പന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആവശ്യങ്ങള്‍ നിഷേധിക്കുകയാണ് യോഗി ആദിത്യനാഥ്. മാധ്യമപ്രവര്‍ത്തകരോടുള്ള യോഗിയുടെ പെരുമാറ്റം അസഹനീയമാണ്. സിദ്ദീഖ് കാപ്പന്റെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹരജി കോടതിയുടെ പരിഗണനയിലാണ്. ഇതെല്ലാം ജനാധിപത്യ അവകാശങ്ങളുടെ ഹനിക്കലാണ്,’ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന അവകാശ നിഷേധങ്ങള്‍ ചോദ്യം ചെയ്ത് എഡിറ്റേഴ്സ് ഗില്‍ഡ് 2020 നവംബറില്‍ യു.പി സര്‍ക്കാരിന് കത്തയച്ചിരുന്നുവെന്നും എന്നാല്‍ അതേ സ്ഥിതി തന്നെയാണ് ഇപ്പോഴുമെന്നും പ്രസ്താവനയില്‍ പറയുന്നു.

‘ഉത്തര്‍പ്രദേശിലെ ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന തന്നെ ഇതിനുദാഹരണമാണ്,’ എഡിറ്റേഴ്സ് ഗില്‍ഡ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Siddhique Kappan Rahul Gandhi UAPA Hathras

We use cookies to give you the best possible experience. Learn more