ഹാസ്യ നടനായും സഹനടനായും വില്ലനായും കാമുകനായും സുഹൃത്തായും നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് സിദ്ദിഖ്. മലയാള സിനിമകളില്‍ സജീവമായപ്പോഴും മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ സിദ്ദിഖ് അത്ര താത്പര്യ പ്രകടിപ്പിച്ചിരുന്നില്ല.
ഇത്രയധികം വേഷങ്ങള്‍ മലയാളത്തില്‍ ചെയ്‌തെങ്കിലും മറ്റ് ഭാഷകളില്‍ എന്തുകൊണ്ട് സജീവമായില്ലെന്ന് പറയുകയാണ് സിദ്ദിഖ്. മറ്റുഭാഷകളിലെ അവസരങ്ങള്‍ എന്തുകൊണ്ടാണ് വേണ്ടത്ര ഉപയോഗിക്കാത്തതെന്ന ചോദ്യത്തിനായിരുന്നു സിദ്ദിഖിന്റെ മറുപടി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മറ്റ് ഭാഷകളില്‍ നിന്ന് അത്ര നല്ല ഓഫറുകളൊന്നും എനിക്ക് വന്നിട്ടില്ല. അത്ര വലിയ വലിയ സിനിമകളോ നല്ല പ്രൊജക്ടുകളുമായോ ആരും എന്നെ അങ്ങനെ സമീപിച്ചിട്ടില്ല.
ഒരുപക്ഷേ എന്റെ അടുത്ത് പലരും പറഞ്ഞിട്ടുണ്ട്, തമിഴ്‌നാട്ടിലും ചെന്നൈയിലും പോയി കുറച്ചു ദിവസം താമസിച്ച് അവിടുത്തെ പല പ്രൊഡക്ഷന്‍ ഓഫീസുകളിലോ നല്ല സംവിധായകരെയോ പോയി കാണണമെന്ന്. തീര്‍ച്ചയായും അവര്‍ അടുത്ത പടത്തില്‍ കാസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. പക്ഷേ ഞാന്‍ അതിനും വേണ്ടി മെനക്കെട്ടിട്ടില്ല. ഞാന്‍ ഇവിടെ കംഫര്‍ട്ടബിളാണ്. ഇവിടെയുള്ള സിനിമകള്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. എനിക്ക് ഇത്ര മതിയെന്നല്ല ഞാന്‍ പറയുന്നത്,’ സിദ്ദിഖ് പറഞ്ഞു.
പ്രകാശ് രാജിനെപ്പോലെ ഒരു പാന്‍ ഇന്ത്യന്‍ താരമാകാന്‍ കഴിവുള്ള സിദ്ദിഖ് ഇവിടെ തന്നെ ഒതുങ്ങി നിന്നത് ആ കംഫര്‍ട്ട് സോണ്‍ കട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടാണോ എന്ന ചോദ്യത്തിന് അത് മാത്രമല്ല കാരണമെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.
‘ ശരിക്കും പറഞ്ഞാല്‍ എനിക്ക് അങ്ങനത്തെ ഒരു ഓഫര്‍ അധികം വന്നിട്ടില്ല. പിന്നെ ഞാന്‍ അതിന് വേണ്ടി അത്രകണ്ട് ശ്രമിച്ചിട്ടുമില്ല. വരുമ്പോള്‍ അപ്പോള്‍ നോക്കാം അത്രയേ ഉള്ളൂ. വന്നില്ലെന്ന് കരുതി വിഷമങ്ങളൊന്നും ഇല്ല. ഇപ്പോള്‍ കിട്ടുന്നതില്‍ തന്നെ വളരെ ഹാപ്പിയാണ് ഞാന്‍.
എനിക്ക് പല പരിമിതികളുമുണ്ട്. സ്വന്തം പരിമിതിയെ കുറിച്ച് ബോധവാനാകുക എന്നതാണ് ആദ്യം വേണ്ടത്. ഉദാഹരണം പറഞ്ഞാല്‍ നമുക്ക് ഡാന്‍സ് ചെയ്യാന്‍ അറിയില്ലെങ്കില്‍ അത് ചെയ്യാതിരിക്കുക, അല്ലെങ്കില്‍ പഠിച്ചിട്ട് ചെയ്യുക.
അത്തരത്തില്‍ എന്റെ പരിമിതികളെ കുറിച്ച് ഞാന്‍ ബോധവാനാണ്. എന്നെ സംബന്ധിച്ച് സഫലീകരിക്കാത്ത ആഗ്രഹങ്ങളൊന്നും ഇല്ല. ഞാന്‍ ആഗ്രഹിച്ചതിലും അപ്പുറത്തുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ കിട്ടിയിട്ടുള്ള ഒരാളാണ് ഞാന്‍,’ സിദ്ദിഖ് പറഞ്ഞു.
Content Highlight: Siddhique about other language movies and pan indian star concept