ഹാസ്യ നടനായും സഹനടനായും വില്ലനായും കാമുകനായും സുഹൃത്തായും നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് സിദ്ദിഖ്. മലയാള സിനിമകളില്‍ സജീവമായപ്പോഴും മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ സിദ്ദിഖ് അത്ര താത്പര്യ പ്രകടിപ്പിച്ചിരുന്നില്ല.
ഇത്രയധികം വേഷങ്ങള്‍ മലയാളത്തില്‍ ചെയ്‌തെങ്കിലും മറ്റ് ഭാഷകളില്‍ എന്തുകൊണ്ട് സജീവമായില്ലെന്ന് പറയുകയാണ് സിദ്ദിഖ്. മറ്റുഭാഷകളിലെ അവസരങ്ങള്‍ എന്തുകൊണ്ടാണ് വേണ്ടത്ര ഉപയോഗിക്കാത്തതെന്ന ചോദ്യത്തിനായിരുന്നു സിദ്ദിഖിന്റെ മറുപടി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മറ്റ് ഭാഷകളില്‍ നിന്ന് അത്ര നല്ല ഓഫറുകളൊന്നും എനിക്ക് വന്നിട്ടില്ല. അത്ര വലിയ വലിയ സിനിമകളോ നല്ല പ്രൊജക്ടുകളുമായോ ആരും എന്നെ അങ്ങനെ സമീപിച്ചിട്ടില്ല.
ഒരുപക്ഷേ എന്റെ അടുത്ത് പലരും പറഞ്ഞിട്ടുണ്ട്, തമിഴ്‌നാട്ടിലും ചെന്നൈയിലും പോയി കുറച്ചു ദിവസം താമസിച്ച് അവിടുത്തെ പല പ്രൊഡക്ഷന്‍ ഓഫീസുകളിലോ നല്ല സംവിധായകരെയോ പോയി കാണണമെന്ന്. തീര്‍ച്ചയായും അവര്‍ അടുത്ത പടത്തില്‍ കാസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. പക്ഷേ ഞാന്‍ അതിനും വേണ്ടി മെനക്കെട്ടിട്ടില്ല. ഞാന്‍ ഇവിടെ കംഫര്‍ട്ടബിളാണ്. ഇവിടെയുള്ള സിനിമകള്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. എനിക്ക് ഇത്ര മതിയെന്നല്ല ഞാന്‍ പറയുന്നത്,’ സിദ്ദിഖ് പറഞ്ഞു.