|

ആ ചിത്രങ്ങള്‍ ഹിറ്റായിട്ടും ഞാന്‍ തെലുങ്കില്‍ നിന്നില്ല, എനിക്ക് വേണ്ട റോളുകള്‍ അവിടെ കിട്ടില്ല: സിദ്ധാര്‍ത്ഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്നത്തിന്റെ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് സിദ്ധാര്‍ത്ഥ്. 2003 ല്‍ ബോയ്സ് എന്ന ശങ്കര്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയത്തിലേക്ക് കടക്കുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലും തിരക്കുള്ള താരമായി മാറാന്‍ സിദ്ധാര്‍ത്ഥിന് കഴിഞ്ഞു. അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിര്‍മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധനേടിയിട്ടുണ്ട്. മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാര്‍ഡ് എന്നിവ സിദ്ധാര്‍ത്ഥ് നേടിയിട്ടുണ്ട്.

റൊമാന്റിക് സിനിമകള്‍ ചെയ്യുന്നതില്‍ നിന്നും തെലുങ്കില്‍ സിനിമകള്‍ ചെയ്യുന്നതില്‍ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്. തന്റെ റൊമാന്റിക് സിനിമകള്‍ക്ക് വലിയ രീതിയില്‍ ഫാന്‍ ഫോളോയിങ് ഉണ്ടെങ്കിലും ഒരേ ടൈപ് കഥാപാത്രങ്ങള്‍ മാത്രം ചെയ്യുമ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ വളര്‍ച്ചയുണ്ടാകില്ലെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

തെലുങ്കില്‍ റൊമാന്റിക് കഥാപാത്രം ചെയ്യുന്ന നടന്മാര്‍ക്ക് വലിയ റോളുകള്‍ കൊടുക്കാറില്ലെന്നും അതുകൊണ്ടാണ് താന്‍ തമിഴില്‍ വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്.

‘കാതലില്‍ സോതപ്പുവത് എപ്പടി എന്ന സിനിമ ഞാന്‍ വളരെ എന്‍ജോയ് ചെയ്‌തെടുത്ത സിനിമയാണ്. ആ സിനിമക്ക് ശേഷം ഞാന്‍ കുറേകാലത്തേക്ക് റൊമാന്റിക് സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലായിരുന്നു. എന്തുകൊണ്ടാണ് ഞാന്‍ ഇത്രയും വര്‍ഷം മറ്റ് റൊമാന്റിക് സിനിമകള്‍ ഒന്നും ചെയ്യാതിരുന്നതെന്ന് എന്നോട് കുറെ ആളുകള്‍ ചോദിക്കാറുണ്ട്.

എന്റെ റൊമാന്റിക് സിനിമകള്‍ക്ക് വലിയ ഫാന്‍ ഫോളോയിങ് ഉണ്ട്, അത്തരം സിനിമകളെല്ലാം ഹിറ്റാകാറുണ്ട്, ആളുകള്‍ക്ക് നൊസ്റ്റാള്‍ജിയ തോന്നുന്ന തരത്തിലുള്ള സിനിമകളും ഉണ്ട്, എല്ലാം ഉണ്ടെങ്കിലും റൊമാന്റിക് സിനിമ ചെയ്യുമ്പോള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ വളര്‍ച്ച ഉണ്ടാകുന്നില്ല.

എന്നാല്‍ ഇന്‍ഡസ്ട്രി വൈസ് നോക്കുമ്പോള്‍ തെലുങ്കില്‍ റൊമാന്റിക് കഥാപാത്രം ചെയ്യുന്ന നടന്മാര്‍ക്ക് വലിയ റോളുകള്‍ കൊടുക്കാറില്ല. റൊമാന്റിക് മാത്രം ചെയ്യുന്ന നടന്‍ എന്ന രീതിയിലേക്ക് പരിമിതിപ്പെടുത്തും. അതെനിക്ക് ആഗ്രഹമില്ല. അതുകൊണ്ടാണ് ഞാന്‍ തെലുങ്ക് പടമേ ചെയ്യാതെ തമിഴില്‍ തന്നെ ഓരോ സിനിമയും ഓരോ ഴോണറായി ചെയ്യുന്നത്,’ സിദ്ധാര്‍ത്ഥ് പറയുന്നു.

Content highlight: Siddharth talks about why he take gap from doing romantic movies