സിനിമയില്‍ തന്റെ രാഷ്ട്രീയത്തെക്കാളേറെ തന്റെ അഭിനയം ആളുകള്‍ ശ്രദ്ധിക്കുന്നതാണ് താല്‍പര്യമെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. കേരളത്തില്‍ തന്റെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും ഒരുപാട് ആളുകള്‍ സ്വീകരിക്കുന്നുണ്ടെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. തന്റെ ചിത്രം കണ്ട് സംവിധായകന്‍ ആഷിക് അബു വിളിച്ച് സംസാരിച്ചതിനെ പറ്റിയും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു.
‘കേരളത്തില്‍ എന്റെ രാഷ്ട്രീയപരമായ കാഴ്ചപ്പാടുകളും വ്യക്തിപരമായ കാഴ്ചപ്പാടുകളും വളരെ പെട്ടെന്ന് ഒരുപാട് ആളുകള്‍ സ്വീകരിക്കുന്നുണ്ട്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്നാല്‍ അതിലും പ്രധാനപ്പെട്ട കാര്യമുണ്ട്.
എന്നെ വിളിച്ച് അഭിനന്ദിക്കാന്‍ തോന്നിയെന്ന് ആഷിക് അബു പറഞ്ഞു. എന്താണ് കാര്യമെന്ന് ഞാന്‍ ചോദിച്ചു. എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് ചേര്‍ന്നു നില്‍ക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. ആഷിക് ഒരു ദിവസം നിങ്ങള്‍ എന്നെ വിളിച്ച്, നിങ്ങളുടെ സിനിമ കണ്ടു, അഭിനയം എനിക്ക് ഇഷ്ടമായി എന്ന് പറയുമെന്ന് വിചാരിക്കുന്നു. അതിനായി ഞാന്‍ കാത്തിരിക്കുകയാണ്. ഞാനൊരു രാഷ്ട്രീയക്കാരനോ സ്വാതന്ത്ര്യസമരസേനാനിയോ അല്ല. ഞാനൊരു അഭിനേതാവാണ്. അടുത്ത തവണ വിളിക്കുകയാണെങ്കില്‍ സിനിമ കണ്ടു, അഭിനയം നന്നായി എന്ന് പറയാന്‍ വിളിക്കുക എന്ന് ആഷിക്കിനോട് പറഞ്ഞു. മനസിലായോ അങ്ങനെയാണ് ഞാന്‍ അതിനെ കാണാന്‍ ആഗ്രഹിക്കുന്നത്.
ഞാന്‍ എന്താണെന്നുള്ളത് പ്രധാനപ്പെട്ടതാണ്. എന്റെ ദേഷ്യവും സത്യസന്ധതയും അവിടെ തന്നെയുണ്ടാവും. എനിക്ക് ഭയമുണ്ടാവില്ല,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
പുതിയ ചിത്രമായ ചിറ്റായില്‍ തന്റെ രാഷ്ട്രീയം സംസാരിക്കുന്നുണ്ടെന്നും അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. ‘പുറത്ത് എന്റെ പൊളിറ്റിക്‌സ് പറയേണ്ട ആവശ്യമില്ല. എന്റെ വര്‍ക്കില്‍ ഞാന്‍ പൊളിറ്റിക്‌സ് പറയും. ഈ ചിത്രത്തില്‍ എന്റെ പൊളിറ്റിക്‌സ് പറയുന്നുണ്ട്. കാരണം ഇതില്‍ എന്റെ സ്വന്തം പണമുണ്ട്. 35 കോടി സമ്പാദിച്ച് ടാക്‌സ് അടച്ച് സേവ് ചെയ്ത് അതില്‍ നിന്നുള്ള പണമെടുത്ത് ചെയ്ത പടമാണിത്. എന്റെ സ്വന്തം സിനിമ ഞാന്‍ ചെയ്യുമ്പോള്‍ അതിനോട് എനിക്ക് എത്രത്തോളം സ്‌നേഹമുണ്ടാവും. എന്റെ വിശ്വാസം എത്രത്തോളമുണ്ടാവും. എന്റെ രാഷ്ട്രീയം എത്രത്തോളമുണ്ടാവും.
ഈ സിനിമ കണ്ടാല്‍ സിദ്ധാര്‍ത്ഥിന്റെ പൊളിറ്റിക്‌സ് എത്രത്തോളമുണ്ടെന്ന് മനസിലാവും. ഈ സിനിമ കൊണ്ട് ഏത് പൊളിറ്റിക്‌സ് സംസാരിക്കണമെന്ന് നിങ്ങള്‍ക്ക് മനസിലാവും. ഇനി ഏറ്റവും പ്രധാനപ്പെട്ടത്, ഞാന്‍ മൈക്കിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ ദേഷ്യത്തോടെ സംസാരിച്ചു എന്ന് വിചാരിക്കുക. അതുകൊണ്ട് എന്തുമാത്രം കാര്യങ്ങള്‍ ഇവിടെ മാറും. ഒന്നും മാറില്ല.
എന്നാല്‍ ഈ സിനിമ കണ്ട് ഓരോരുത്തരും സ്വന്തം വീട്ടിലെങ്കിലും എന്തെങ്കിലും മാറ്റം കൊണ്ടുവന്നാല്‍ ഞാന്‍ ഈ സമൂഹത്തെയാണ് മാറ്റുന്നത്. ഇത് എന്റെ ഗിഫ്റ്റാണ്,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
Content Highlight: Siddharth says that he wants people to have interested in his acting than his politics in movies