തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സിദ്ധാര്‍ത്ഥ്. ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സിലൂടെയാണ് സിദ്ധാര്‍ത്ഥ് സിനിമയിലേക്ക് കടന്നുവന്നത്. മണിരത്‌നം സംവിധാനം ചെയ്ത ആയുത എഴുത്തിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് പിന്നീട് തമിഴിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ സിദ്ധാര്‍ത്ഥിന് സാധിച്ചു.
കരിയറിലെ ആദ്യ സൂപ്പര്‍ഹിറ്റായ ബോയ്‌സിന് ശേഷം തനിക്ക് സിനിമകള്‍ ഒന്നും ലഭിച്ചില്ലായിരുന്നെന്ന് പറയുകയാണ് സിദ്ധാര്‍ത്ഥ്. ഒരു സംവിധായകനും തന്നെ വിളിച്ചില്ലായിരുന്നെന്നും അതിന്റെ കാരണം തനിക്ക് എന്തെന്ന് തനിക്ക് അറിയില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. അന്ന് അതിനെപ്പറ്റി ഒരുപാട് ചിന്തിച്ചിരുന്നെന്നും ഇപ്പോള്‍ അതിനെപ്പറ്റി ചിന്തിക്കാറില്ലെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.
മലേഷ്യയില്‍ വെച്ച് നടന്ന ഒരു അവാര്‍ഡ് ഷോയില്‍ മികച്ച പുതുമുഖടനുള്ള അവാര്‍ഡ് തനിക്ക് ലഭിച്ചെന്നും അവിടെ വെച്ച് ഇക്കാര്യം താന്‍ സൂചിപ്പിച്ചെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ആ വേദിയില്‍ വെച്ച് ഒരുപാട് സംവിധായകരുടെ പേര് എടുത്തുപറഞ്ഞ് എനിക്ക് ഒരു ചാന്‍സ് ചോദിച്ചെന്നും അവര്‍ വിളിച്ചാല്‍ മാത്രമേ ആ അവാര്‍ഡിന് വിലയുണ്ടാകുള്ളൂ എന്നും പറഞ്ഞിരുന്നെന്ന് സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. മദന്‍ ഗൗരിയുമായുള്ള അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് ഇക്കാര്യം പറഞ്ഞത്.
‘ബോയ്‌സിന് ശേഷം എന്നെ ഒരു സംവിധായകനും വിളിച്ചില്ല. എന്താണ് കാരണമെന്ന് എനിക്ക് ഇന്നും അറിയില്ല. അത് അവരോട് തന്നെ ചോദിക്കണം. ഞാന്‍ പിന്നെ പാസ്റ്റിനെപ്പറ്റി ഇപ്പോള്‍ അധികം ചിന്തിക്കാറില്ല. അന്ന് ഒരുപാട് തവണ അതിനെപ്പറ്റി ആലോചിച്ചിരുന്നു. ആ സമയത്ത് മികച്ച പുതുമഖ നടനുള്ള ഏതോ ഒരു അവാര്‍ഡ് എനിക്ക് കിട്ടിയിരുന്നു. മലേഷ്യയില്‍ വെച്ചായിരുന്നു ഫങ്ഷന്‍.
ആ ചടങ്ങില്‍ സ്റ്റേജിലുണ്ടായിരുന്ന ഒരോ സംവിധായകന്റെയും പേരെടുത്ത് പറഞ്ഞ് ആരെങ്കിലും എനിക്കൊരു ചാന്‍സ് തരൂ എന്ന് ചോദിച്ചിട്ടുണ്ട്. ഈ അവാര്‍ഡിന് ഒരു അര്‍ത്ഥം ഉണ്ടാകണമെങ്കില്‍ ആരെങ്കിലും എനിക്കൊരു ചാന്‍സ് തരണം ഇല്ലെങ്കില്‍ ഈ അവാര്‍ഡിന് ഒരു അര്‍ത്ഥം ഉണ്ടാകില്ല എന്ന് പറഞ്ഞ് ഞാന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോയി,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
Content Highlight: Siddharth saying no directors called him after Boys movie