സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പുതിയ ട്രെന്‍ഡിനോട് പ്രതികരിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. ഏതെങ്കിലും സെലിബ്രിറ്റി തന്റെ പോസ്റ്റിന് കമന്റ് ചെയ്താല്‍ മാത്രമേ പഠിക്കുള്ളൂ, പരീക്ഷ എഴുതുള്ളൂ, ഭക്ഷണം കഴിക്കുള്ളൂ എന്നൊക്കെ പറയുന്ന ട്രെന്‍ഡാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍. പലരും ഈ ട്രെന്‍ഡ് അനുകരിക്കുകയും പല സെലിബ്രിറ്റികളും അത്തരം പോസ്റ്റില്‍ കമന്റ് ചെയ്യുകയും ചെയ്തു.
ഷാരൂഖ് ഖാന്‍, വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, ഹന്‍സിക, വിജയ് എന്നിവരെ ഈ ട്രെന്‍ഡിലേക്ക് ആളുകള്‍ കൊണ്ടുവന്നിരുന്നു. മലയാള നടന്മാരായ ടൊവിനോയും, ബേസിലും, നസ്‌ലെനും ഇത്തരം പോസ്റ്റുകളില്‍ കമന്റ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഈ ട്രെന്‍ഡിനോട് കഴിഞ്ഞ ദിവസം തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് പ്രതികരിച്ചത് വൈറലായിരുന്നു.
‘എനിക്ക് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് റിക്വസ്റ്റ് വന്നുകൊണ്ടിരിക്കുകയാണ്. നടന്‍ സിദ്ധാര്‍ത്ഥ് ഈ പോസ്റ്റിന് കമന്റ് ചെയ്താല്‍ മാത്രമേ പഠിക്കുള്ളൂ, അല്ലെങ്കില്‍ പരീക്ഷ എഴുതുള്ളൂ, ഫ്യൂച്ചര്‍ സുരക്ഷിതമാക്കാന്‍ നോക്കുള്ളൂ എന്നിങ്ങനെയൊക്കെയാണ് അതില്‍ പറയുന്നത്. പഠിക്കണം അല്ലെങ്കില്‍ പരീക്ഷയെഴുതണം എന്നൊക്കെയുണ്ടങ്കില്‍ ആദ്യം നിങ്ങള്‍ സോഷ്യല്‍ മീഡിയ ഓഫ് ചെയ്യൂ. എന്നിട്ട് പോയിരുന്ന് പഠിച്ച് പരീക്ഷയെഴുതൂ. ഇത്തരം ട്രന്‍ഡ് വെറും വിഡ്ഢിത്തമാണ്. ഞാന്‍ നിങ്ങളുടെ പോസ്റ്റിന് കമന്റ് ചെയ്യാന്‍ പോകുന്നില്ല. പോയി പഠിക്ക് മക്കളേ, പ്ലീസ്’ എന്നാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞത്.
View this post on Instagram
‘നിങ്ങള്‍ ഈ റീല്‍ കാണുകയാണെങ്കില്‍, നിങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലാണെന്നും ഉപകാരപ്രദമായ ഒന്നും ചെയ്യുന്നില്ലെന്നും എനിക്കറിയാം’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധിപ്പേര്‍ താരത്തിനെ അനുകൂലിച്ച് കമന്റിടുകയും ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.
Content Highlight: Siddharth reacts on new social media trend