| Monday, 21st November 2022, 8:30 am

അമ്മയുടെ നിലവിളി കേട്ട് ഓടിച്ചെല്ലുമ്പോള്‍ അച്ഛന്‍ രക്തം ഛര്‍ദിക്കുകയാണ്, ലാലേട്ടന്റെ കയ്യില്‍ കിടന്നപ്പോള്‍ അതാണ് ഓര്‍മ വന്നത്: സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച സിനിമ എന്ന നിലയിലും ഓരോ അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തുവന്ന സ്പിരിറ്റ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ രംഗങ്ങളിലൊന്നായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ അവതരിപ്പിച്ച കഥാപാത്രം മരിക്കുന്നത്.

രക്തം ഛര്‍ദിച്ച് മരിക്കുന്ന രംഗം തനിക്ക് വ്യക്തിപരമായി കണക്റ്റ് ചെയ്യാന്‍ പറ്റിയതാണെന്ന് പറയുകയാണ് സിദ്ധാര്‍ത്ഥ്. ആ രംഗം മികച്ചതാക്കുന്നതില്‍ മോഹന്‍ലാലിനുള്ള പങ്കും ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു.

‘എനിക്ക് കണക്ട് ചെയ്യാവുന്ന ഭയങ്കര ഒരു സീനായിരുന്നു അത്. എന്റെ മനസില്‍ വളരെ ആഴത്തില്‍ കിടക്കുന്ന ഓര്‍മ ആണത്. ഞാന്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ നിലവിളി ആണ് കേള്‍ക്കുന്നത്. ഓടിച്ചെന്ന് നോക്കുമ്പോള്‍ അച്ഛന്‍ ബാത്ത്‌റൂമില്‍ ഇരുന്ന് ഛര്‍ദിക്കുകയാണ്. രക്തമാണ് ഛര്‍ദിച്ചുകൊണ്ടിരിക്കുന്നത്. സ്പിരിറ്റിലെ സീന്‍ എടുക്കുമ്പോള്‍ ഈ സംഭവം ഓര്‍മയിലേക്ക് വരുന്നുണ്ടായിരുന്നു. ഛര്‍ദിക്കുമ്പോള്‍ കഷണങ്ങള്‍ കാണും, ഞാന്‍ കണ്ടിട്ടുണ്ട്.

പിന്നെ ആ കഥാപാത്രത്തെ മോള്‍ഡ് ചെയ്തിരിക്കുന്നത് അങ്ങനെയാണ്. സംവിധായകന്റെയും സഹ അഭിനേതാവിന്റെയും പിന്തുണയുമുണ്ടായിരുന്നു. ഉമ്മ എന്ന് വിളിച്ചതിന് ശേഷം ലാലേട്ടന്റെ കയ്യിലേക്ക് തല വീഴുന്ന ഒരു ക്ലോസ് ഷോട്ടുണ്ട്. അതെടുക്കുമ്പോള്‍ ലാലേട്ടന്റെ കയ്യിലാണ് ഞാന്‍. ആക്ഷന്‍ പറയുമ്പോള്‍ ഞാന്‍ പുഷ് ചെയ്യുന്നുണ്ട്, പക്ഷേ പോവുന്നില്ല. അദ്ദേഹം കൈകള്‍ ബലത്തില്‍ പിടിച്ചിരിക്കുകയാണ്. ഒരു ടൈമിങ്ങില്‍ പുള്ളി കൈ താക്കുമ്പോഴാണ് എന്റെ തല വീഴുന്നത്.

എന്റെ പെര്‍ഫോമന്‍സ് നന്നായി എന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ എനിക്കൊപ്പം അഭിനയിച്ച ആള്‍ക്കും പങ്കുണ്ട്. എന്റെ പേഴ്‌സണല്‍ എക്‌സ്പീരിയന്‍സ് ഉണ്ട്. പിന്നെ അമ്മ പറയുന്നത് പോലെ അഭിനയിക്കുന്ന രംഗത്തില്‍ കയ്യടി കിട്ടുമോ കൂവുമോ എന്നൊന്നും അറിയില്ല, അങ്ങ് ചെയ്യുകയാണ്. നന്നായിട്ടുണ്ടെങ്കില്‍ ആളുകള്‍ സ്വീകരിക്കും,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

ചതുരമാണ് സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. സ്വാസിക, അലന്‍സിയര്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്തത്.

Content Highlight: Siddharth bharathan talks about the  scene where he bleeds to death in spirit movie

We use cookies to give you the best possible experience. Learn more