| Monday, 6th November 2023, 8:20 pm

എന്റെ അമ്മയായാലും ഷെയ്‌നിന്റെ അമ്മയായാലും ഒരുപോലെയാണ്: സിദ്ധാർഥ് ഭരതൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തങ്ങളുടെ ജീവിതത്തിൽ അമ്മമാരുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയാണ് സിദ്ധാർഥ് ഭരതനും ഷെയ്ൻ നിഗവും. തങ്ങളുടെ പുതിയ ചിത്രമായ വേലയുടെ വിശേഷങ്ങൾ പങ്കുവെക്കവെയാണ് താരങ്ങൾ തങ്ങളുടെ അമ്മയെക്കുറിച്ച് അഭിമുഖത്തിൽ പരാമർശിച്ചത്. എല്ലാ അമ്മമാരും തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുമെന്നും അത് തന്റെ ആയാലും ഷെയ്‌നിന്റെതായാലും ഒരുപോലെയാണെന്ന് സിദ്ധാർഥ് പറഞ്ഞു. ഇരുവരും മീഡിയവൺ ലൈറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

‘അമ്മ എപ്പോഴും തങ്ങളുടെ കുട്ടികളെ വളരെയധികം സംരക്ഷിക്കുന്നു. അത് എന്റെ അമ്മയായാലും ഷെയ്‌നിന്റെ അമ്മ ആയാലും നിങ്ങളുടെ അമ്മയായാലും ഒരുപോലെയാണ്. ഞങ്ങളുടെ അമ്മമാര് സെപ്പറേറ്റ് ആയിട്ടുള്ള ആളുകളല്ല, അവര് ഭയങ്കര സ്നേഹമുള്ള സ്ത്രീകളാണ് എന്നല്ല, എല്ലാ അമ്മമാരും അങ്ങനെ തന്നെയാണ്,’ സിദ്ധാർഥ് ഭരതൻ പറഞ്ഞു.

അതേസമയം തന്റെ ദിനചര്യയിൽ അമ്മയെ ഒരിക്കലും മാറ്റിവെക്കാൻ കഴിയില്ലെന്ന് ഷെയ്ൻ പറയുന്നുണ്ട്. എല്ലാ കാര്യവും ഡിസ്കസ് ചെയ്യുന്നത് അമ്മയോടും സഹോദരിമാരോടുമാണെന്നും ഷെയ്ൻ നിഗം കൂട്ടിച്ചേർത്തു.

‘അവർക്കൊരു അപകടം വരുമ്പോൾ അവരിങ്ങനെ അണച്ചു പിടിക്കുമല്ലോ. എന്റെ ദിനചര്യയിൽ നോക്കുകയാണെങ്കിൽ എനിക്കൊരിക്കലും മാറ്റിവെക്കാൻ പറ്റില്ല. സംസാരിക്കാനാണെങ്കിലും ഡിസ്കസ് ചെയ്യാൻ ആണെങ്കിലും ഈവൻ എനിക്കൊരു പരിപാടിക്ക് പോകുമ്പോൾ ഈ ജീനിന് ഈ ഷർട്ട് ചേരുമോ എന്നുള്ളത് പോലും ചിന്തിക്കുന്ന തരത്തിലുള്ള സംസാരം ഞാനും എന്റെ ഉമ്മച്ചിയും സിസ്റ്റേഴ്സും തമ്മിൽ പലപ്പോഴും ഉണ്ടാവാറുണ്ട്. അത് പ്രത്യേകിച്ച് ഒരു കാര്യമായിട്ട് എനിക്ക് ഫീൽ ചെയ്തിട്ടില്ല. അവരവിടെ ഉണ്ടല്ലോ എന്നതാണ്.

സെലിബ്രിറ്റി എന്ന് പറയുന്നവരും സാധാരണ മനുഷ്യരാണ്. ഒരു പോയിന്റിൽ കുറച്ച് പടങ്ങൾ ചെയ്തപ്പോൾ ആളുകൾ അറിഞ്ഞു എന്നേയുള്ളൂ. ബാക്കിയെല്ലാം ഒരുപോലെയാണ്, വ്യത്യാസങ്ങൾ ഒന്നുമില്ല. ഞങ്ങൾ കഴിക്കുന്നതും ചോറ് തന്നെയാണ് (ചിരി),’ ഷെയ്ൻ നിഗം പറഞ്ഞു.

അതേസമയം ഷെയിൻ നിഗവും സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വേല. ക്രൈം ഡ്രാമ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. എം.സജാസിന്റെതാണ് തിരക്കഥ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം നവംബർ10 ന് തിയേറ്ററുകളിൽ എത്തും.

Content Highlight: siddarth and shane nigam about their mothers

We use cookies to give you the best possible experience. Learn more