''ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ വീണില്ലെങ്കില്‍ താങ്കള്‍ രാജിവെക്കുമോ?'' യെദ്യൂരപ്പയുടെ വെല്ലുവിളിയ്ക്ക് സിദ്ധരാമയ്യയുടെ മറുപടി
national news
''ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ വീണില്ലെങ്കില്‍ താങ്കള്‍ രാജിവെക്കുമോ?'' യെദ്യൂരപ്പയുടെ വെല്ലുവിളിയ്ക്ക് സിദ്ധരാമയ്യയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th May 2019, 6:42 pm

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണം കേന്ദ്രത്തില്‍ വരുന്നത് സംസ്ഥാന ഭരണത്തിന് വെല്ലുവിളിയല്ലെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഇത് സംബന്ധിച്ച് ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയുടെ വെല്ലുവിളി കാര്യമാക്കുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

‘കഴിഞ്ഞ ഒരു വര്‍ഷമായി യെദ്യൂരപ്പ ഇത് തന്നെയാണ് പറയുന്നത്. അടുത്ത നാല് വര്‍ഷവും അദ്ദേഹം ഇത് പറയും. സര്‍ക്കാര്‍ ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്.’

നരേന്ദ്രമോദി തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ഭരണഘടനയെ വണങ്ങുന്നത് കണ്ടിരുന്നു. ആ ഭരണഘടനയില്‍ ഞങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുന്ന ആര്‍ട്ടിക്കിളിനെക്കുറിച്ച് എവിടെയാണ് പറയുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു.

വിമത എം.എല്‍.എ രമേഷ് ജര്‍ക്കിഹോളിയടക്കമുള്ളവര്‍ പാര്‍ട്ടിയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഒന്നിന് കര്‍ണാടക സര്‍ക്കാര്‍ വീഴുമെന്ന യെദ്യൂരപ്പയുടെ വെല്ലുവിളിയ്ക്കും സിദ്ധരാമയ്യ മറുപടി നല്‍കി.

യെദ്യൂരപ്പ പറഞ്ഞത് പ്രകാരം ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ വീണില്ലെങ്കില്‍ അദ്ദേഹം സ്ഥാനം രാജിവെക്കുമോ എന്നും സിദ്ധരാമയ്യ ചോദിച്ചു. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തിന് ശേഷം കര്‍ണാടകയിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം യെദ്യൂരപ്പ നടത്തിയിരുന്നു. സര്‍ക്കാരിനൊപ്പമുള്ള 20 എം.എല്‍.എമാര്‍ അതൃപ്തരാണെന്നും അവര്‍ ബി.ജെ.പിയില്‍ ചേരുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു.

WATCH THIS VIDEO: