മുംബൈ ഹോട്ടലിലുള്ള വിമത എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പി നേതാക്കളും; എത്തിയത് ഓപ്പറേഷന്‍ ലോട്ടസ് 2.0യ്ക്ക് നേതൃത്വം നല്‍കിയ നേതാവടക്കമുള്ളവര്‍
Karnataka crisis
മുംബൈ ഹോട്ടലിലുള്ള വിമത എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പി നേതാക്കളും; എത്തിയത് ഓപ്പറേഷന്‍ ലോട്ടസ് 2.0യ്ക്ക് നേതൃത്വം നല്‍കിയ നേതാവടക്കമുള്ളവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2019, 3:01 pm

 

മുംബൈ: മുംബൈ ഹോട്ടലില്‍ കഴിയുന്ന കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പി നേതാക്കള്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടക സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ ആരോപണം വന്ന് മണിക്കൂറികള്‍ക്കകമാണ് ബി.ജെ.പി നേതാക്കള്‍ എം.എല്‍.എമാര്‍ക്കൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ടൈംസ് നൗവാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മുംബൈ പൊവൈയിലുള്ള റിനൈസന്‍സ് ഹോട്ടലിലാണ് പത്ത് വിമത എം.എല്‍.എമാര്‍ കഴിയുന്നത്. ശനിയാഴ്ച രാജി സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഇവര്‍ മുംബൈയിലെത്തിയത്.

ബി.ജെ.പി നേതാക്കളായ ജതിന്‍ ദേശായി, മന്‍മോഹിത് കാംബോജ്, പ്രസാദ് ലഡ് എന്നിവരാണ് ജെ.ഡി.എസ്-കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ളത്.

ജതിന്‍ ദേശായിയാണ് ബി.ജെ.പിയുടെ കര്‍ണാടകയിലെ ഓപ്പറേഷന്‍ ലോട്ടസ് 2.0യ്ക്ക് നേതൃത്വം നല്‍കുന്നത്. തുടര്‍പദ്ധതികളെക്കുറിച്ച് ആരാഞ്ഞപ്പോള്‍ നേതാക്കള്‍ മൗനം പാലിക്കുകയാണ് ചെയ്തത്.

വിമത നേതാക്കള്‍ക്കൊപ്പം ബി.ജെ.പി നേതാക്കളുടെ സാന്നിധ്യം സിദ്ധരാമയ്യയുടെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ്. ‘ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയെന്നത് ബി.ജെ.പിയുടെ ശീലമാണ്. ഇത് ജനാധിപത്യവിരുദ്ധമാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ജനവിധി അനുവദിക്കുന്നില്ല. ഞങ്ങള്‍ക്കാണ് ജനങ്ങള്‍ കൂടുതല്‍ വോട്ടുകള്‍ നല്‍കിയിരിക്കുന്നത്. ജെ.ഡി.എസിനും കോണ്‍ഗ്രസിനുമൊരുമിച്ച് 57% ത്തിലേറെ വോട്ടുകളാണ് ലഭിച്ചത്’ എന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.