ന്യൂദല്‍ഹി: സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറുമെന്നും നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്തുക.
ലോകസഭ തെരഞ്ഞെടുപ്പ് വരെ ഡി.കെ ശിവകുമാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്നും വേണുഗോപാല്‍ അറിയിച്ചു. ഇരുവരും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വത്തുക്കളാണെന്നും മുഖ്യമന്ത്രിയാകാനുള്ള ഇരുവരുടേയും ആഗ്രഹം തികച്ചും സ്വാഭാവികമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
നേരത്തെ ഉയര്‍ന്ന് കേട്ട ടേം വ്യവസ്ഥകളെ കുറിച്ചൊന്നും തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണം നടത്തിയില്ല. കര്‍ണാടകയുടെ മുഖ്യമന്ത്രിയാകാന്‍ ഇരുവരും യോഗ്യരാണെന്നും എന്നാല്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യത്തില്‍ കൂടുതല്‍ മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യയെ പരിഗണിക്കുകയായിരുന്നു എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.
ആരാകണം മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഈ മാസം 15ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ ഇരുവരും ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇരുവരും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു.
ഇത് കര്‍ണാടകയിലെ ആറ് കോടിയിലേറെ വരുന്ന ജനങ്ങളുടെ വിജയമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ചിന പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ പാര്‍ട്ടി സന്നദ്ധമാണ്. ഈ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദരിദ്രരുടെയും മധ്യവര്‍ഗ ജനങ്ങളുടെയും തൊഴിലന്വേഷകരുടെയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കും.
സുതാര്യവും സത്യസന്ധവും സ്ഥിരതയുമുള്ളതായ ഒരു സര്‍ക്കാരായിരിക്കും നിലവില്‍ വരികയെന്നും സുര്‍ജേവാല പറഞ്ഞു. രാഹുല്‍ ഗാന്ധി 21 ദിവസം കര്‍ണാടകയില്‍ നടത്തിയ ഭാരത് ജോഡോ യാത്ര ഈ വിജയത്തില്‍ നിര്‍ണായകമായിരുന്നുവെന്നും ഈ രാജ്യത്ത് നിന്ന് ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരായ വിജയമാണിതെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.