| Thursday, 18th May 2023, 7:58 am

കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ചയെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായെന്ന് റിപ്പോര്‍ട്ട്. സിദ്ധരാമയ്യ കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും മെയ് 20ന് ബെംഗളൂരുവില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്നുമാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി വൈകിയും നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമായത്.

മുന്‍ നിശ്ചയപ്രകാരം തന്നെ ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ ആദ്യ രണ്ട് വര്‍ഷവും ശേഷം അടുത്ത മൂന്ന് വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.കെക്ക് ആദ്യ ടേമില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ആഭ്യന്തര വകുപ്പും മറ്റു നിര്‍ണായക വകുപ്പുകളും ലഭിക്കുമെന്നും സൂചനയുണ്ട്.

ഇന്ന് വൈകീട്ട് ഏഴിന് ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.

രാത്രി വൈകിയും സിദ്ധരാമയ്യ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സുര്‍ജേവാലയെയും വേണുഗോപാലിനെയും കണ്ടു. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. 2013ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. സിദ്ധരാമയ്യ നേരത്തെ 2004 മുതല്‍ 2005 വരെ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്നു.

content highlights: Siddaramaiah to be Karnataka CM, Shivakumar his deputy

We use cookies to give you the best possible experience. Learn more