മൈസൂര്‍: കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ. സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
‘യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത സമയത്ത് അദ്ദേഹം പറഞ്ഞിരുന്നത് താന്‍ പ്രതികാര രാഷ്ട്രീയം കളിക്കില്ല എന്നായിരുന്നു. എന്നാല്‍ തുടക്കം മുതല്‍ അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നതു മുഴുവന്‍ അതുതന്നെയാണ്’. സിദ്ധരാമയ്യ പറഞ്ഞു.
സിദ്ധരാമയ്യ കര്‍ണാടകയിലെ പ്രതിപക്ഷ നേതാവായി നിയമിതനായ ശേഷം അദ്ദേഹം ആദ്യമായി കര്‍ണാടക സന്ദര്‍ശിച്ച സമയത്തും ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിരുന്നു.
ബി.ജെ.പി ഇപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് ഇന്‍കം ടാക്‌സിനെപറ്റിയും ഇന്‍കം ടാക്‌സ് റെയിഡിനെപ്പറ്റിയുമാണ്. അവര്‍ ആളുകളെ ഇന്‍കംടാക്‌സിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയുമൊക്കെ പേരു പറഞ്ഞ് പേടിപ്പിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പ്രധാനമായും ഉന്നം വെക്കുന്നത് കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് നേതാക്കളെയുമാണ്. സിദ്ധരാമയ്യ ആരോപിച്ചു.
ഗാന്ധിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ പ്രധാനികളില്‍ ഒരാളാണ് വീര്‍ സവര്‍ക്കറെന്നാണ് സിദ്ധരാമയ്യ ആരോപിച്ചത്. ബി.ജെ.പി നാഥൂറാം ഗോഡ്‌സെയെയും രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.