'ബി.ജെ.പി ഗ്യാലറിയിലിരുന്ന് കളികാണൂ'; വിശ്വാസ വോട്ടെടുപ്പിന് മുന്‍പായി എല്ലാ എം.എല്‍.എമാരേയും അണിനിരത്തുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: വിശ്വാസവോട്ടെടുപ്പിന് മുന്‍പായി കോണ്‍ഗ്രസ് വിട്ടുപോയ എം.എല്‍.എമാര്‍ എല്ലാം പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും അക്കാര്യത്തില്‍ ഇപ്പോള്‍ ആത്മവിശ്വാസമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.
” എല്ലാവരേയും ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പിന് മുന്‍പായി എല്ലാ എം.എല്‍.എമാരേയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനാവുമെന്ന പൂര്‍ണ വിശ്വാസമുണ്ട്. രാമലിംഗ റെഡ്ഡിയുമായി ബന്ധപ്പെട്ടിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു. സുധാകര്‍ റാവുവും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
” ഞാന്‍ സുധാകറുമായി സംസാരിച്ചില്ല. അദ്ദേഹം മടങ്ങിവരുമെന്ന് ഉറപ്പുണ്ട്. പാര്‍ട്ടിയിലേക്ക് മടങ്ങി വരാനുള്ള തീരുമാനം നാഗരാജും സുധാകരും ഒന്നിച്ചെടുത്തതാണ്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ടതുണ്ടെന്ന തീരുമാനം അവര്‍ എടുത്തു. ബാക്കി എം.എല്‍.എമാരും ഇതേ തീരുമാനത്തില്‍ എത്തും. സംശയമില്ല”- സിദ്ധരാമയ്യ പറഞ്ഞു.
നിര്‍ണായക നിമയസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ വിശ്വാസവോട്ടു തേടുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു. ഇതിനായി ദിവസം തീരുമാനിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു.
വിശ്വാസവോട്ട് തേടാന്‍ തീരുമാനിച്ചയുടന്‍ തന്നെ എല്ലാ പാര്‍ട്ടികളും എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. എം.എല്‍.എമാരുടെ രാജിക്കാര്യത്തിലും അയോഗ്യത വിഷയത്തിലും ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവു വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സഭയില്‍ വിശ്വാസം തേടാന്‍ തീരുമാനിച്ചത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിശ്വാസം തെളിയിക്കേണ്ടത് തന്റെ ബാധ്യതയാണ്. വിശ്വാസവോട്ടില്‍ വിജയിച്ച് ഭരണം തുടരാനാകുമെന്നാണ് വിശ്വാസമെന്നായിരുന്നു കുമാരസ്വാമി പ്രതികരിച്ചത്.
വിശ്വാസ വോട്ട് പ്രഖ്യാപിച്ചയുടനെ സഭ വിട്ട പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരിയപ്പ, എം.എല്‍.എമാരോട് ബംഗളൂരുവില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിന്നാലെ വിവിധ റിസോര്‍ട്ടുകളിലേയ്ക്കായി ഇവരെ മാറ്റി. കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരും റിസോര്‍ട്ടുകളിലാണ് കഴിയുന്നത്. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കൂടുതല്‍ നിയമ നടപടികളെ കുറിച്ച് ആലോചിയ്ക്കുകയാണ് മുംബൈയിലുള്ള വിമത എം.എല്‍.എമാര്‍. ഇനി തിങ്കളാഴ്ചയാണ് സഭ ആരംഭിക്കുന്നത്.