| Saturday, 13th April 2024, 1:35 pm

സംസ്ഥാനത്ത് ഓപ്പറേഷന്‍ താമര; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് 50 കോടി രൂപയുടെ ബി.ജെ.പി വാഗ്ദാനം: സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി ഓപ്പറേഷന്‍ താമരയ്ക്ക് ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ഒരു വര്‍ഷമായി കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതിന്റെ ഭാഗമാണ് 50 കോടി രൂപയുടെ വാഗ്ദാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബി.ജെ.പിയുടെ നീക്കങ്ങള്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് വിട്ട് തങ്ങളുടെ എം.എല്‍.എമാര്‍ എങ്ങോട്ടും പോവില്ലെന്ന് സിദ്ധരാമയ്യ ഊന്നിപ്പറഞ്ഞു. കര്‍ണാടകയിലെ കോണ്‍?ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സിദ്ധരാമയ്യയുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. സമൂഹത്തിന്റെ സഹതാപം നേടാനുള്ള ശ്രമമാണ് ഇതെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.

സിദ്ധരാമയ്യ നിരന്തരം ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ബി.ജെ.പി എം.പി എസ്. പ്രകാശ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ ജയിക്കുക എന്നതിലല്ല, തെരഞ്ഞെടുപ്പിന് ശേഷം സ്വന്തം സ്ഥാനം നഷ്ടപ്പെടാതിരിക്കുക എന്നതിലാണ് മുഖ്യമന്ത്രി ശ്രദ്ധ ഊന്നിയിരിക്കുന്നതെന്നും എസ്. പ്രകാശ് ആരോപണം ഉയര്‍ത്തി.

ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയില്‍ ചേരാന്‍ സമ്മര്‍ദമുണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മന്ത്രിയുമായ ആതിഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബി.ജെ.പിയില്‍ ചേരണമെന്നും അല്ലാത്തപക്ഷം ഇ.ഡി അറസ്റ്റ് നേരിടാന്‍ തയ്യാറാവണമെന്നും അടുപ്പമുള്ളൊരു വ്യക്തി അറിയിച്ചതായി ആതിഷി പറഞ്ഞു.

വരുന്ന ദിവസങ്ങളില്‍ തന്റെയും ബന്ധുക്കളുടെയും വീടുകള്‍ റെയ്ഡ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആതിഷി പറഞ്ഞു. തനിക്കുപുറമെ സൗരബ ഭരദ്വാജ്, ദുര്‍ഗേഷ് പഥക്, രാഘവ് ഛദ്ദ എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Siddaramaiah said that the BJP had offered Rs 50 crore each to congress MLAs ahead of the Lok Sabha elections

We use cookies to give you the best possible experience. Learn more