| Wednesday, 30th August 2023, 4:02 pm

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടും ഇന്ത്യയിലിപ്പോഴും ദളിതന് ക്ഷേത്രത്തില്‍ പ്രവേശനമില്ല: സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മനുഷ്യന്‍ ചന്ദ്രനിനിറങ്ങിയിട്ടും ഇപ്പോഴും ഇന്ത്യയില്‍ ദളിതന് ക്ഷേത്രത്തില്‍ പ്രവേശനമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയിലുണ്ടായ ദുരഭിമാനക്കൊലകളില്‍ ആശങ്ക രേഖപ്പെടുത്തി എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

ദുരഭിമാനക്കൊല പോലുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു. ജാതിവ്യവസ്ഥയുടെ മോശം ചിന്താഗതിയാണ് ഇത്തരം സംഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്നും കര്‍ണാടക മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദളിത് യുവാവുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 25ന് കോലാറിലെ തൊട്ട്ലിയില്‍ 19കാരിയെ പിതാവ് കൊലപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ജൂണില്‍ ബംഗാര്‍പേട്ടിലും ദളിത് യുവാവുമായി പ്രണയത്തിലായ പേരില്‍ ഇരുപതുകാരിയെ അച്ഛന്‍ വധിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളുടെയും മാധ്യമവാര്‍ത്തളും തന്റെ പ്രതികരണത്തിനൊപ്പം സിദ്ധരാമയ്യ പങ്കുവെച്ചിട്ടുണ്ട്.

സിദ്ധരാമയ്യയുടെ വാക്കുകകള്‍

കഴിഞ്ഞ ഏതാനും ആഴ്ചകളായി, സംസ്ഥാനത്തിന്റെ രണ്ട് ഭാഗങ്ങളില്‍ നടന്ന ദുരഭിമാനക്കൊലകളുടെ വാര്‍ത്തകള്‍ ഹൃദയഭേദകമായിരുന്നു. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴുമുള്ള ജാതി വ്യവസ്ഥയുടെയും സാമൂഹിക മാനദണ്ഡങ്ങളുടെയും മോശം മാനസികാവസ്ഥയാണ് ഇത്തരം സംഭവങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നത്.

ദുരഭിമാനക്കൊല പോലുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കും. കേസന്വേഷണത്തില്‍ വീഴ്ചയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും.

ജാതിചിന്തവെച്ചുപുലര്‍ത്തുന്ന സമൂഹത്തിന് മാറ്റവും തിരിച്ചറിവുമുണ്ടാകണം. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ടും ദളിതരായ മനുഷ്യരെ ക്ഷേത്രത്തിലും വീടുകളിലും കാലുകുത്താന്‍ അനുവദിക്കാത്ത ആചാരങ്ങളും പാരമ്പര്യവുമുണ്ട് നമുക്ക്. ജാതിഘടനയുടെ നിയന്ത്രണങ്ങളെ മറികടക്കാനുള്ള വഴി യുക്തിവിചാരവും മനുഷ്യത്വവുമാണ്.

ബോധവത്ക്കരണമാണ് അതിനുള്ള ആയുധം. ജാതിച്ചങ്ങലയില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ വേണ്ടി പരിശ്രമിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ അഭിലാഷങ്ങള്‍ക്കു വ്യാപകമായ പ്രചാരണം നല്‍കേണ്ട സമയമാണിത്. ഇതിനായി സര്‍ക്കാര്‍ നിര്‍മാണാത്മകമായ പരിപാടികള്‍ ആരംഭിക്കും.

Content highlight: Siddaramaiah said that even though man is full of moon, Dalits still do not have access to temples in India

We use cookies to give you the best possible experience. Learn more