| Saturday, 3rd August 2024, 1:33 pm

വയനാടിനായി കര്‍ണാടകയും; ദുരിതബാധിതര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിന് വേണ്ടി കൈകോര്‍ത്ത് കര്‍ണാടകയും. ദുരിതബാധിതര്‍ക്ക് വേണ്ടി 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനൊപ്പം നില്‍ക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടകയുടെ എല്ലാ പിന്തുണയും ഉറപ്പുനല്‍കും. ദുരിതബാധിതര്‍ക്ക് വേണ്ടി 100 വീടുകള്‍ നിര്‍മിച്ച് നല്‍കും. ഞങ്ങള്‍ ഒരുമിച്ച് വയനാടിന്റെ പുനര്‍നിര്‍മാണം സാധ്യമാക്കും,’ സിദ്ധരാമയ്യ് പറഞ്ഞു.

വയനാടിന് വേണ്ടിയുള്ള സഹായപ്രവാഹങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനിടയിലാണ് പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഭാര്യ കമലയും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിരുന്നു. മുഖ്യമന്ത്രി ഒരു ലക്ഷം രൂപയും ഭാര്യ 33,000 രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിച്ചതിന് ശേഷം 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും വയനാട്ടിലെ മുന്‍ എം.പിയുമായിരുന്ന രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പുറമെ പ്രമുഖരും സാധാരണക്കാരും ഉള്‍പ്പടെ നിരവധി ആളുകളാണ് തങ്ങളാല്‍ കഴിയും വിധം സഹായം നല്‍കി കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ച മുസ്‌ലിം ലീഗ് ധനസമാഹരണത്തിനായി ആപ്പ് ലോഞ്ച് ചെയ്തിരുന്നു. രണ്ടും ദിവസം കൊണ്ട് രണ്ടു കോടിയോളം രൂപയാണ് ഇതിലേക്ക് ഒഴുകിയത്. ആപ്പ് ലോഞ്ച് ചെയ്ത് മണിക്കൂറുള്‍ക്കകം തന്നെ 100 കോടി രൂപ ലഭിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരോ ദിവസവും സഹായങ്ങള്‍ ഒഴുകുകയാണ്.

സർക്കാരിന്റെ ഔദ്യോ​ഗിക കണക്കുകൾ പ്രകാരം ഇതുവരെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകൾ, 98 പുരുഷൻമാർ, 30 കുട്ടികൾ. ഇതിൽ 148 മൃതശരീരങ്ങളാണ് ബന്ധുക്കൾക്ക് കൈമാറിയത്. 206 പേരെ കണ്ടെത്താൻ ഉണ്ടെന്നും 81 പേർ പരിക്കേറ്റ് ആശുപത്രികളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

206 പേരെ ഡിസ്ചാർജ് ചെയ്തെന്നും അവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വയനാട്ടിൽ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10042 പേരാണുള്ളത്.

Content Highlight: Siddaramaiah said that 100 houses will be built for the landslide affected people wayanad

We use cookies to give you the best possible experience. Learn more