| Saturday, 4th May 2024, 4:28 pm

കർണാടകയിലും ഇന്ത്യയിലും ഇനിയൊരു മോദി യുഗം ഉണ്ടാകില്ല: സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കർണാടകയിലോ ഇന്ത്യയിലോ വീണ്ടുമൊരു മോദിയുഗം ഉണ്ടാവില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധാരാമയ്യയുടെ പരാമർശം.

ഉത്തര കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശങ്ങളെക്കുറിച്ചും മോദി സർക്കാർ സംസ്ഥാനത്തോട് കാണിച്ച വിവേചനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചത്.

നിലവിൽ കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുകയും രണ്ടാം ഘട്ടത്തിനായി ഒരുങ്ങുകയുമാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരകർണാടകയിലെ പതിനാലു സീറ്റുകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചിരുന്നു.

കർണാടകയിലെ കർഷകരെ ഉലച്ചുകളഞ്ഞ വരൾച്ചക്കുള്ള ദുരിതാശ്വാസ ഫണ്ട് പോലും തങ്ങൾ കോടതിയെ സമീപിച്ചതിനു ശേഷമാണ് മോദി സർക്കാർ നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിൽ തന്നെ 18000 കോടിയിൽ 3500 കോടി മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിരവധി കർഷകർ ഇപ്പോഴും ദുരിതത്തിലാണ്, ഇതിനെതിരെ സുപ്രീം കോടതി വരെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ വരൾച്ച കർഷകരെ വളരെ വലിയ ദുരിതത്തിലാഴ്ത്തിയിരുന്നു. 48 ലക്ഷം ഹെക്ടർ കൃഷി നശിച്ചിരുന്നു.

കർണാടകയിലും ഇന്ത്യയിലും ഇനി ഒരു മോദി കാലഘട്ടം ഉണ്ടാവില്ലെന്നും അത് മോദിക്ക് അറിയാവുന്നതിനാൽ അദ്ദേഹം പരിഭ്രമത്തിലുമാണെന്നും
മോദിയുടെ വിജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് അഭിമുഖത്തിൽ സിദ്ധരാമയ്യ മറുപടി നൽകി. മോദി എത്രമാത്രം പരിഭ്രമത്തിലാണെന്ന് മനസിലാക്കാൻ തെലങ്കാനയിൽ അദ്ദേഹം പറഞ്ഞ പ്രസ്താവന ശ്രദ്ധിച്ചാൽ മതിയെന്നും സിദ്ധരാമയ്യ പറഞ്ഞു.

എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിനുള്ള സംവരണം കോൺഗ്രസ് മുസ്‌ലിം വിഭാഗത്തിന് നൽകുമെന്ന് മോദി ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ കോൺഗ്രസിനോടുള്ള ഭയം കാരണമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഒ.ബി.സി വിഭാഗത്തിൽ നാല് ശതമാനം സംവരണം മുസ്‌ലിം വിഭാഗത്തിന് നൽകുമെന്ന് കർണാടക സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിൽ എന്താണ് തെറ്റ് ഉള്ളത്. ഈ സംവരണം 1994 മുതൽ നൽകിയിരുന്നതാണെന്നും ഇത് ഭരണഘടനയിൽ ഉള്ളതാണെന്നും നിയമവിരുദ്ധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണ ജനങ്ങൾക്കുള്ള തങ്ങളുടെ അഞ്ച് ഉറപ്പുകളിൽ ജനങ്ങൾ വിശ്വസിക്കുന്നുവെന്നും ഓരോ കുടുബത്തിനും 5000 മുതൽ 6000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇത്തവണയും കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനോടൊപ്പം നിൽക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

Content Highlight:  Siddaramaiah’s statement about Modi

We use cookies to give you the best possible experience. Learn more