സൈന്‍ ബോര്‍ഡുകളില്‍ 60 ശതമാനം കന്നഡ ഭാഷ ഉറപ്പുവരുത്തണം; ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍
national news
സൈന്‍ ബോര്‍ഡുകളില്‍ 60 ശതമാനം കന്നഡ ഭാഷ ഉറപ്പുവരുത്തണം; ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th February 2024, 2:06 pm

ബെംഗളൂരു: സംസ്ഥാനത്ത് ഉടനീളമുള്ള ബിസിനസുകളുടെയും സ്ഥാപനങ്ങളുടെയും സൈന്‍ ബോര്‍ഡുകളില്‍ 60 ശതമാനം കന്നഡ ഭാഷയുടെ ഉപയോഗത്തെ നിര്‍ബന്ധമാക്കുന്ന ബില്‍ പാസാക്കി സിദ്ധരാമയ്യയുടെ കര്‍ണാടക സര്‍ക്കാര്‍.

ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച, 2022ലെ നിയമം ഭേദഗതി ചെയ്യാന്‍ ശ്രമിക്കുന്ന കന്നഡ ഭാഷാ സമഗ്ര വികസന (ഭേദഗതി) ബില്‍ അംഗീകരിക്കുന്നതിനായി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് അയക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിയമം നടപ്പിലാക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ നിലവില്‍ ചട്ടങ്ങള്‍ രൂപീകരിക്കുകയാണെന്ന് ബില്‍ സഭയുടെ പരിഗണനയ്ക്ക് കൊണ്ടുവന്ന സാംസ്‌കാരിക മന്ത്രി ശിവരാജ് തംഗദഗി പ്രതികരിച്ചു.

‘നിയമങ്ങളില്‍ ലൈസന്‍സുകള്‍ റദ്ദാക്കുന്നതിനായുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കും. ലൈസന്‍സ് റദ്ദാക്കുമ്പോള്‍ മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അതുസംബന്ധിച്ച ബുദ്ധിമുട്ട് അനുഭവപ്പെടൂ.

പുതിയ ലൈസന്‍സുകള്‍ നല്‍കുമ്പോഴും നിലവിലുള്ള ലൈസന്‍സുകള്‍ പുതുക്കുമ്പോഴും സ്ഥാപനങ്ങള്‍ അവരുടെ ബോര്‍ഡുകളില്‍ കന്നഡ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ ആദ്യം ഉറപ്പ് വരുത്തും,’ തംഗദഗി കൂട്ടിച്ചേര്‍ത്തു.

നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ചുമത്താനുള്ള പിഴയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും ഈ നിയമങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ ജില്ലയിലും പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്സും എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കുമെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ, വ്യാവസായിക, ബിസിനസ് സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, കൗണ്‍സിലിങ് സെന്ററുകള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍, അമ്യൂസ്മെന്റ് സെന്ററുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയെല്ലാം ഈ നിയമത്തിന് വിധേയമായിരിക്കും.

Content Highlight: Siddaramaiah’s Karnataka government passes bill mandating use of 60 per cent Kannada language on signboards